അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങള്‍ തിരിച്ചടിയായി മാറിയതോടെ രാജ്യത്ത് കരിമ്പ് കൃഷി നിറം മങ്ങുന്നു. ഇതോടെ, പഞ്ചസാര ഉല്‍പ്പാദനവും നേരിയ തോതില്‍ ഇടിഞ്ഞു. പ്രധാന കരിമ്പ് കൃഷി മേഖലകളായ കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ മഴ ലഭിച്ചതോടെയാണ് കരിമ്പ് കൃഷിക്ക് തിരിച്ചടിയായി മാറിയത്. ഒക്ടോബറില്‍ ആരംഭിച്ച സീസണിലെ ആദ്യത്തെ രണ്ട് മാസങ്ങളില്‍ പഞ്ചസാര ഉല്‍പ്പാദനം മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 10 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. നിലവില്‍, ആഭ്യന്തര വിലക്കയറ്റം തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചസാര ഉല്‍പ്പാദനം കുറഞ്ഞ സാഹചര്യത്തില്‍ കരിമ്പില്‍ നിന്നുള്ള എഥനോള്‍ ഉല്‍പ്പാദനത്തിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവര്‍ഷം 40 ലക്ഷം കരിമ്പാണ് ബയോ ഇന്ധന ആവശ്യത്തിനുള്ള എഥനോള്‍ ഉല്‍പ്പാദനത്തിനായി ഉപയോഗിക്കുന്നത്. നടപ്പ് സീസണില്‍ കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവ എഥനോള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കരുതെന്ന് ഷുഗര്‍ മില്ലുകള്‍ക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പൊതുമേഖല എണ്ണ കമ്പനികള്‍ നല്‍കിയിട്ടുള്ള കരാര്‍ അനുസരിച്ച്, ബി ഹെവി മൊളാസസില്‍ നിന്നും എഥനോള്‍ ഉല്‍പ്പാദനത്തിന് വിലക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.