തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തിൽ 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ട്. 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ 175 പേർ യാത്രക്കാരും ആറ് പേർ ജീവനക്കാരുമാണ്. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു. ബെല്ലി ലാൻഡിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. പക്ഷി ഇടിച്ചതിന് പിന്നാലെയാണ് അപകടമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.