തലച്ചോറിനെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തമായ ഒരു ആശയവിനിമയ ഉപാധി കൂടിയാണ് നൃത്തമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ചുവടുകളും മനഃശാസ്ത്രവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന ആധുനിക ശാസ്ത്രശാഖയാണ് ഡാന്‍സ് സൈക്കോളജി. നൃത്തം ചെയ്യുന്നത് എങ്ങനെയാണ് നമ്മുടെ ചിന്താഗതിയെയും വികാരങ്ങളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതെന്നാണ് പ്രധാനമായും വിശകലനം ചെയ്യുന്നത്. നൃത്തം ചെയ്യുമ്പോള്‍ തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ ഒരേസമയം ഉണര്‍ന്നു പ്രവര്‍ത്തിക്കും. സങ്കീര്‍ണമായ ചലനങ്ങള്‍ ചെയ്യുന്നത് ഏകോപനം, ബാലന്‍സ്, ദിശാബോധം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. പതിവായുള്ള നൃത്തം തലച്ചോറില്‍ പുതിയ നാഡീബന്ധങ്ങള്‍ രൂപപ്പെടാന്‍ സഹായിക്കുന്നു. ഇത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുകയും ഓര്‍മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ കൂട്ടായി നൃത്തം ചെയ്യുമ്പോള്‍ മാനസികമായും ഉന്മേഷം നല്‍കുന്നു. നൃത്തം ചെയ്യുമ്പോള്‍ ശരീരത്തില്‍ സന്തോഷ ഹോര്‍മോണുകളായ ഡോപാമിന്‍, സെറോട്ടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മര്‍ദം കുറക്കാനും മനസ്സിന് സമാധാനം നല്‍കാനും സഹായിക്കുന്നു.
