പാരിസ് മോട്ടോര്‍ ഷോയുടെ മുന്നോടിയായി ഡാസിയ ബിഗ്സ്റ്റര് 7 സീറ്റര്‍ എസ്യുവി പുറത്തിറക്കി. ഡാസിയയുടെ ബിഗ്സ്റ്റര് 7 സീറ്റര്‍ ഇന്ത്യയിലെത്തിയാല്‍ റെനോ ഡസ്റ്റര്‍ 7 സീറ്ററായി മാറും. അടുത്തവര്‍ഷം പകുതിയോടെ കൂടുതല്‍ വലിപ്പത്തിലുള്ള പുതുതലമുറ ഡസ്റ്റര്‍ ഇന്ത്യയിലെത്തും. വലിപ്പത്തിലുള്ള മാറ്റം തന്നെയാണ് പുതു തലമുറ ഡസ്റ്ററിലെ പ്രധാന മാറ്റം. 4,750 എംഎം നീളം, 1,810എംഎം വീതി, 1,710എംഎം ഉയരം എന്നിങ്ങനെയാണ് പുതു ഡസ്റ്ററിന്റെ വലിപ്പം. നീളത്തില്‍ മാത്രം 230എംഎം കൂടുതല്‍. വീല്ബേസാണെങ്കില് 43എംഎം വര്‍ധിച്ച് 2,700 എംഎമ്മിലേക്കെത്തിയിരിക്കുന്നു. മൂന്നു പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായാണ് രാജ്യാന്തര വിപണിയില്‍ ഡാസിയ ബിഗ്സ്റ്റര് ഇറങ്ങുന്നത്. ഇന്ത്യിയലേക്കെത്തുമ്പോള് രണ്ട് എന്ജിന് ഓപ്ഷനുകള്‍ക്കാണ് സാധ്യത. 1.6 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡും 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും. ഡീസല്‍ വകഭേദം ഒഴിവാക്കിയേക്കും. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലാത്ത രാജ്യങ്ങളിലായിരിക്കും ബിഗ്സ്റ്ററിന്റെ ഡീസല്‍ മോഡലെത്തുക.