ദീര്‍ഘകാല കോവിഡ് ലക്ഷണങ്ങള്‍ അണുബാധയ്ക്കു ശേഷം കുറഞ്ഞത് ഒരു വര്‍ഷം വരെ തുടരാമെന്ന് പഠന റിപ്പോര്‍ട്ട്. യുസി സാന്‍ ഫ്രാന്‍സിസ്‌കോയും അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളും ചേര്‍ന്നാണ് പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 16 ശതമാനം കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും ലക്ഷണങ്ങള്‍ തുടര്‍ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. മറ്റുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ വന്നും പോയുമിരുന്നു. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഗവേഷകര്‍ ലക്ഷണങ്ങളെ വിലയിരുത്തിക്കൊണ്ടിരുന്നു. പല രോഗികളിലും ലക്ഷണങ്ങള്‍ മാറുന്നതും വീണ്ടും വരുന്നതും നിരീക്ഷിച്ചതായി ഗവേണഷത്തിന് നേതൃത്വം നല്‍കിയ അസോഷ്യേറ്റ് പ്രഫസര്‍ ഴാന്‍ കാര്‍ലോസ് മോണ്‍ടോയ് പറഞ്ഞു. 1741 പേരിലാണ് പഠനം നടത്തിയത്. ഇതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളായിരുന്നു. അമേരിക്കയിലെ എട്ട് പ്രധാന ആരോഗ്യപരിചരണ സംവിധാനങ്ങളില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായവരാണ് ഇവര്‍. പരിശോധനയില്‍ നെഗറ്റീവായവര്‍ക്കും ക്ഷീണം, മൂക്കൊലിപ്പ്, തലവേദന, തൊണ്ട വേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, അതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. മോര്‍ബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ടിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.