ചില പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിനു കാരണമാകുമെന്ന് പഠനം. ‘ഗട്ട്’ എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്‌ലവര്‍, ഗ്രേപ്പ് സീഡ്, കനോല, കോണ്‍ ഓയില്‍ തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഈ പഠനം പറയുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍, സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വര്‍ധിച്ചതായി കണ്ടു. 30 മുതല്‍ 85 വയസ്സുവരെ പ്രായമുള്ള 81 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ കാന്‍സര്‍ കോശങ്ങളില്‍ ലിപ്പിഡുകളുടെ ശക്തമായ സാന്നിധ്യം കണ്ടു. സീഡ് ഓയിലുകളുടെ ഉപയോഗമാണ് ഇതിനു കാരണം. ഭക്ഷ്യവ്യവസായത്തില്‍ ഈ അടുത്ത കാലത്ത് സ്ഥാനം പിടിച്ചവയാണ് സീഡ് ഓയിലുകള്‍. 1900 ന്റെ ആദ്യം മെഴുകുതിരി നിര്‍മാതാവായ വില്യം പ്രോക്ടര്‍, സോപ്പുല്‍പാദനത്തില്‍ മൃഗക്കൊഴുപ്പുകള്‍ക്ക് പകരം ഉപയോഗിക്കാനാണ് സീഡ് ഓയില്‍ വികസിപ്പിച്ചത്. ക്രമേണ അമേരിക്കക്കാര്‍ക്കിടയില്‍ ഇത് ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന വസ്തുവായി മാറി. സീഡ് ഓയിലുകള്‍ ശരീരത്തില്‍ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കുമെന്നും ആരോഗ്യത്തിന് ദോഷകരമാണെന്നും മുന്‍പും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സീഡ് ഓയിലുകളുടെ വിഘടന സമയത്ത് ഉണ്ടാകുന്ന ബയോആക്ടീവ് ലിപ്പിഡുകള്‍ മലാശയ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. ഒമേഗ 6 ഉം പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ സീഡ് ഓയിലുകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുമോ എന്ന് അറിയാന്‍ ഉള്ള പഠനത്തിലാണ് ഗവേഷകര്‍. സീഡ് ഓയിലുകളുടെ അമിതോപയോഗം ഗുരുതരമായ ഇന്‍ഫ്‌ലമേഷന് കാരണമാകും എന്നും ഇത് കാന്‍സറിന്റെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്നും പഠനം പറയുന്നു.