ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചതിൽ പ്രതിസന്ധി. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം കിട്ടും മുൻപ് കോഴ്സ് തുടങ്ങിയതാണ് പ്രശ്നമായിരിക്കുന്നത്. 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ പത്തനംതിട്ട, വയനാട്, ഇടുക്കി തുടങ്ങി അഞ്ചിടത്തെ സർക്കാർ നഴ്സിങ് കോളേജുകളും സർക്കാർ നിയന്ത്രിത സി-മെറ്റ് കോളേജുകളും ഉൾപെടെ 17 നഴ്സിങ് കോളേജുകളിലേയും സീറ്റ് കൂട്ടി നൽകിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റർ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അനുമതി കിട്ടും മുൻപ് ആരോഗ്യ സർവകലാശാല വിദ്യാർത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നൽകി. ഇതാണ് പരീക്ഷാഫലം തടയലിൽ എത്തിനിൽക്കുന്നത്. അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ആരോഗ്യ സർവകലാശാല വൈസ് ചാൻസലർക്കും സംസ്ഥാന-ദേശീയ നഴ്സിങ് കൗൺസിലുകൾക്കും നിവേദനം നൽകിയിരിക്കുകയാണ് വിദ്യാർത്ഥികൾ