ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോകിനെ സ്വന്തമാക്കാന്‍ മത്സരിച്ച് യു.എസ് കമ്പനികള്‍. ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണ്‍, അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്ഫോമായ ഒണ്‍ലിഫാന്‍സ് സ്ഥാപകന്‍ ടിം സ്റ്റോക്ക്ലി, ടെക്നോളജി കമ്പനിയായ ആപ്പ്ലവിന്‍ തുടങ്ങിയ നിരവധി പേരാണ് രംഗത്തുള്ളത്. ഏതാണ്ട് 17 കോടി അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ടിക്ടോക് ചൈനക്ക് പുറത്തുള്ള ഒരു കമ്പനിക്ക് വില്‍ക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ഇക്കാര്യത്തില്‍ ചൈന സമ്മതം മൂളിയാല്‍ താരിഫ് നിരക്കുകളില്‍ ഇളവ് നല്‍കാമെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനക്ക് പുറത്തുള്ള ആപ്പിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ടിക്ടോക് പ്രതികരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ യു.എസിലെ പ്രവര്‍ത്തനം തുടരാന്‍ കഴിയില്ലെന്നാണ് യു.എസ് അധികൃതര്‍ ടിക്ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇന്ത്യയിലെ നിരോധനം നീക്കാന്‍ ടിക്ടോക് ശ്രമങ്ങള്‍ തുടങ്ങിയതായ വാര്‍ത്തകളും ഇതിനിടയില്‍ പുറത്തുവന്നു. എന്നാല്‍ നിരോധനം നീക്കാന്‍ ടിക്ടോക് നിരവധി കടമ്പകള്‍ കടക്കേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാറ്റ പ്രൈവസി, രാജ്യസുരക്ഷ എന്നിവയില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സര്‍ക്കാരിന്റെ പക്ഷം.