ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ 87.3 ശതമാനം ആളുകളിലും, അതായത് പത്തില്‍ ഒമ്പത് പേര്‍ക്കും രക്തത്തില്‍ കൊളസ്‌ട്രോളിന്റെയോ കൊഴുപ്പിന്റെയോ (ലിപിഡ്‌സ്) അളവ് അസാധാരണമായി കാണപ്പെടുന്നുവെന്ന് ഐ.സി.എം.ആര്‍ പഠനം. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇവ കൂടുതല്‍ പ്രകടമാകുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയുമായി 23,665 പേരാണ് പഠനത്തില്‍ പങ്കെടുത്ത്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് ക്രമാതീതമായി മാറുന്ന അവസ്ഥയെയാണ് ‘ഡിസ്ലിപിഡെമിയ’ എന്ന് വിളിക്കുന്നത്. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നു. പനി വരുന്നത് പോലെയോ വേദന വരുന്നത് പോലെയോ യാതൊരുവിധ മുന്നറിയിപ്പുകളും ഡിസ്ലിപിഡീമിയ നല്‍കില്ല. രക്തക്കുഴലുകളില്‍ വര്‍ഷങ്ങളോളമായി കൊഴുപ്പ് അടിഞ്ഞുകൂടി അവ ചുരുങ്ങുകയും, ഒടുവില്‍ പെട്ടെന്നുള്ള ഹൃദയാഘാതത്തിലേക്കോ സട്രോക്കിലേക്കോ നയിക്കുമ്പോള്‍ മാത്രമാണ് പലരും ഈ അവസ്ഥ തിരിച്ചറിയുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിവയൊന്നുമില്ലാത്ത, തികച്ചും ആരോഗ്യമുള്ളവരായ 35.5 കോടിയോളം ഇന്ത്യക്കാരില്‍ ഹൃദ്രോഗസാധ്യതയുള്ളതായി ഐ.സി.എം.ആര്‍. വിലയിരുത്തുന്നു. ഹൃദയാരോഗ്യം നിലനിര്‍ത്താനും ഭാവിയിലെ അപകടസാധ്യതകള്‍ ഒഴിവാക്കാനും കൃത്യമായ ഇടവേളകളില്‍ ലിപിഡ് പ്രൊഫൈല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
