befunky collage 29

തെലുങ്ക് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗോഡ് ഫാദറി’ലെ പുതിയ പാട്ടെത്തി. ചിരഞ്ജീവിയുടെ മാസ് ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗാനരംഗം തയ്യാറാക്കിയിരിക്കുന്നത്. ‘നജഭജ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധനേടി കഴിഞ്ഞു. ശ്രീകൃഷ്ണ, പൃഥ്വി ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ഗോഡ് ഫാദറിനായി മലയാളികളും കാത്തിരിക്കുകയാണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത് നയന്‍താരയാണ്. സത്യപ്രിയ ജയ്‌ദേവ് എന്നാണ് നയന്‍താര കഥാപാത്രത്തിന്റെ പേര്.

മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ കെ നിര്‍മാണവും, അമര്‍ദീപ് സംവിധാനവും വിപിന്ദ് വി രാജ് ദൃശ്യാവിഷ്‌കാരവും നിര്‍വഹിച്ച ‘നിണം ‘സെപ്തംബര്‍ 30ന് പ്രദര്‍ശനത്തിനെത്തുന്നു. സൈനപ്ളേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ദുരൂഹതയും സസ്പെന്‍സും നിറച്ച ചിത്രത്തിലെ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവന്‍ നന്ദനയുമാണ്. അവര്‍ക്കൊപ്പം ഗിരീഷ് കടയ്ക്കാവൂര്‍, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജന്‍, മനീഷ് മോഹനന്‍ , രഞ്ജിത് ഗോപാല്‍, അജയ്, മിഥുന്‍ പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും അഭിനയിക്കുന്നു.

ലോകത്ത് സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി വീണ്ടും മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ആഡംബര വസ്തുക്കളുടെ വില്‍പ്പനയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്രഞ്ച് കമ്പനി എല്‍വിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനായ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് അദൗനിയെ പിന്തള്ളി ഫോബ്സ് മാസികയുടെ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഓഹരിവിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് അദാനിക്ക് വിനയായത്. 127 കോടി ഡോളറിന്റെ നഷ്ടത്തോടെ 14,000 കോടി ഡോളറായി ആസ്തി കുറഞ്ഞതോടെയാണ് ഗൗതം അദാനി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. 14120 കോടി ഡോളറാണ് ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി. ലോക സമ്പന്നരില്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇലോണ്‍ മസ്‌കിന്റെ സമ്പത്ത് 25980 കോടി ഡോളറാണ്. അതേ സമയം ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

യുപിഐ ഇടപാട് വര്‍ധിച്ചതോടെ ഇത് അവസരമായി കണ്ട് തട്ടിപ്പുകളും ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ടിപ്പുമായി വന്നിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പണം സ്വീകരിക്കുമ്പോള്‍ യുപിഐ പിന്‍ നല്‍കേണ്ടതില്ല. ആര്‍ക്കാണോ പണം കൊടുക്കുന്നത്, അവരുടെ ഐഡന്റിറ്റി മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കുക. തട്ടിപ്പ് അല്ല എന്ന് ബോധ്യമായ ശേഷം മാത്രം ഇടപാട് നടത്തുക. യുപിഐ പിന്‍ ആരുമായി പങ്കുവെയ്ക്കാതിരിക്കുക. പണം അഭ്യര്‍ഥിച്ച് കളക്ട് റിക്വിസ്റ്റ് ഫീച്ചര്‍ ഉപയോഗിച്ച് വരുന്ന അജ്ഞാതരെ കരുതിയിരിക്കുക. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഇടപാട് നടത്തുമ്പോള്‍ ഗുണഭോക്താവിന്റെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പാക്കുക. ഇടയ്ക്കിടെ യുപിഐ പിന്‍ മാറ്റി സുരക്ഷ ഉറപ്പാക്കുക.

ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വാഹനവിപണി കാത്തിരുന്ന ടാറ്റ ടിയാഗോ ഇവി അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും വിലകുറഞ്ഞ കാറാവും ഇത്. കേവലം 8.49 ലക്ഷം രൂപയ്ക്കാണ് ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം പേര്‍ക്ക് വാഹനം ലഭിക്കുക. പ്രാരംഭ വില അവസാനിച്ചതിന് ശേഷം വില എത്ര ഉയരുമെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. പുതിയ ടാറ്റ ടിയാഗോ ഇവി സ്റ്റാന്‍ഡേര്‍ഡ് ടിയാഗോയ്ക്ക് സമാനമാണ്. ആകെ 7 വേരിയന്റുകളില്‍ ലഭ്യമാണ്. ടോപ്പ് എന്‍ഡ് എക്‌സ ഇസെഡ്+ ടെക് ലക്ഷ്വറിക്ക് 11.79 ലക്ഷം രൂപയാണ് വില. ബുക്കിംഗ് 2022 ഒക്ടോബര്‍ 10-ന് ആരംഭിക്കുമെന്നും ഡെലിവറി 2023 ജനുവരിയില്‍ ആരംഭിക്കുമെന്നും ടാറ്റ വെളിപ്പെടുത്തി. 315,250 റേഞ്ചുകളിലാണ് ബാറ്ററി പാക്കുകളുള്ളത്.

പ്രകൃതി സൗന്ദര്യം കൊണ്ട് ഇത്രയേറെ അന്യഗ്രഹിക്കപ്പെട്ട ഒരു ഭൂപ്രദേശം അപൂര്‍വ്വമാണ്. എന്നാല്‍ ഭീകരവാദവും വിധ്വംസക പ്രവര്‍ത്തനവും കൊണ്ട് അരാജകാവസ്ഥയിലായ പ്രദേശമായി കാശ്മീര്‍ ദുഷ്‌പേര്‍ ചാര്‍ത്തി. ‘മിഷന്‍ കാശ്മീര്‍’. ഹക്കിം മൊറയൂര്‍. കൈരളി ബുക്‌സ്. വില 218 രൂപ.

കോപം, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് വികാരങ്ങള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹൃദയാഘാതത്തിനും സാധ്യത വര്‍ദ്ധിപ്പിക്കും. അതേസമയം ഇത്തരം വികാരങ്ങള്‍ മിതമായി പ്രകടിപ്പിച്ച് അവ ആരോഗ്യകരമായി പുറത്തുവിടുകയാണെങ്കില്‍ ഹൃദയപ്രശ്നങ്ങളും സ്ട്രോക്ക് മുതലായവയും ഒഴിവാക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പെട്ടെന്നുള്ള പൊട്ടിത്തെറിയും ദേഷ്യത്തോടെയുള്ള പ്രതികരണവുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ദേഷ്യം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ നെഗറ്റീവ് വിരകാരങ്ങള്‍ ഹൃദ്രോഗവുമായി ബന്ധമുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. കോപവും പേടിയും നിരാശയുമെല്ലാം കൂടിയ ദീര്‍ഘനാളത്തെ സമ്മര്‍ദ്ദം ഹൃദയത്തെ ഒരു പരിധി വരെ ദോഷമായി ബാധിക്കുമെന്നാണ് പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത്. ദേഷ്യം വരുമ്പോള്‍ ശരീരം പുറപ്പെടുവിക്കുന്ന അഡ്രിനാലിന്റെ അളവ് ക്രമാതീതമായി ഉയരും. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. രക്തസമ്മര്‍ദ്ധം കൂട്ടുകയും രക്തധമനികളെ ദുര്‍ബലപ്പെടുത്തി ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗികളായ ആളുകളുടെ കാര്യത്തില്‍ പെട്ടെന്നുള്ള ദേഷ്യം മൂലം കാറ്റെകോളമൈനുകള്‍ പെട്ടെന്ന് കുതിച്ചുചാടുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്യും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകവലി, അമിത രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ശരീരഭാരം, വ്യായാമം, പ്രമേഹം തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധച്ചുകൊണ്ടാണ് ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ നമുക്ക് അകറ്റിനിര്‍ത്താം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *