pinarayi 1 1

മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് സന്ദര്‍ശനത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പൊതുഭരണ വകുപ്പ്. മുഖ്യമന്ത്രി അനുമതി തേടുമ്പോള്‍ ദുബായ് ഇല്ലായിരുന്നെന്നു വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രസ്താവിച്ചതിനു മറുപടിയായാണ് വിശദീകരണം. അുമതിക്കാര്യം വിദേശകാര്യ സഹമന്ത്രി അറിയണമെന്നില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

ഗുരുതരമായ വാഹന അപകടങ്ങളില്‍ പ്രതികളാവുകയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ട്രോമാകെയര്‍ സെന്ററുകളിലും പാലിയേറ്റീവ് കെയറുകളിലും മൂന്നു ദിവസമെങ്കിലും സാമൂഹിക സേവനം നിര്‍ബന്ധമാക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനു പുറമേ എടപ്പാളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ചില്‍ മൂന്നു ദിവസത്തെ പരിശീലനവും നിര്‍ബന്ധമാക്കും.

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ മൂന്നു പ്രതികളെയും 12 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ നരബലിയുണ്ടോ എന്ന് അന്വേഷിക്കണമെന്നതടക്കം 22 കാരണങ്ങള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ 12 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്. പ്രതികളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും മനുഷ്യ മാംസം കഴിച്ചെന്നു പറയണമെന്നു നിര്‍ബന്ധിച്ചെന്നും പ്രതി ഭാഗം വാദിച്ചു. സമൂഹിക മനസാക്ഷിയെ ഞെട്ടിച്ച, സമാനതകള്‍ ഇല്ലാത്ത ക്രൂരകൃത്യമെന്ന് കോടതി.

പേവിഷബാധ പ്രതിരോധ വാക്സീന്‍ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്സ് ലാബ്.  ആന്റി റാബീസ് വാക്സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു.

ചില കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും വിവേചനപരമായി പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശി തരൂര്‍. പല സംസ്ഥാനങ്ങളിലേയും പിസിസി പ്രസിഡന്റുമാര്‍ അടക്കമുള്ളവര്‍ കാണാന്‍പോലും തയാറായില്ല. മല്ലികാര്‍ജുന ഖര്‍ഗെയ്ക്കു നല്‍കുന്ന പരിഗണന തനിക്കു തരുന്നില്ലെന്നു ശശി തരൂര്‍ ഡല്‍ഹിയില്‍ കുറ്റപ്പെടുത്തി.

വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതങ്ങള്‍ വേറെയെന്നു ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. ഹൈക്കോടതിയിലെത്തിയ ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി.

എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്. ഡപ്യൂട്ടേഷനിലാണ് നിയമനം. സംസ്ഥാനത്തെ ചുമതലകളില്‍നിന്ന് ഇദ്ദേഹത്തിന് വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്ത് നല്‍കി. നിലവില്‍ കേരളാ പൊലീസിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് വിജയ് സാഖറെ.

ചതിയുടെ വിശേഷങ്ങളും ശിവശങ്കറുമൊത്തുള്ള അത്യപൂര്‍വ ഫോട്ടോകളും സഹിതം സ്വപ്‌ന സുരേഷിന്റെ പുസ്തകം ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരേ കടുത്ത ആരോപണങ്ങള്‍ പുസ്തകത്തിലുണ്ട്. തൃശൂരിലെ കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിയത്. 250 രൂപയാണ് വില. ആമസോണിലും ലഭ്യമാണ്.

എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ കേസും ചുമത്തി. നെയ്യാറ്റിന്‍കര കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. പരാതിക്കാരിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയശേഷമാണ് നടപടി. ജില്ലാ ക്രൈം ബ്രാഞ്ചാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്. അറസ്റ്റു ചെയ്യാന്‍ പോലീസ് വല വിരിച്ചിരിക്കുകയാണ്.

എംഎല്‍എക്കെതിരായ പീഡനപരാതിയില്‍ കേസെടുക്കാതെ പ്രതിയെ സഹായിച്ച കോവളം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രൈജുവിനെതിരെ നടപടിയെടുക്കണമെന്ന്  വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29 ന് സിറ്റി പൊലീസ് കമ്മീഷണര്‍ കേസ് കൈമാറിയിട്ടും കോവളം പൊലീസ് നടപടിയെടുത്തില്ല. പിന്നീട് സെപ്തംബര്‍ 14 ന് കോവളത്ത്  പരാതിക്കാരിയെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മര്‍ദ്ദനമേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയിട്ടും കോവളം പൊലീസ് കേസെടുത്തില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ മണ്ണാര്‍ക്കാട് വിചാരണക്കോടതി നാളെ വിധി പറയും. ജാമ്യം നല്‍കുന്നത് കുടുംബത്തിന് ഭീഷണിയാണെന്ന് മധുവിന്റെ അമ്മ മല്ലിയും  കോടതിയെ അറിയിച്ചു. 11 പ്രതികളാണ്  വിചാരണത്തടവിലുള്ളത്.

ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വിഭാഗം ഒരു വര്‍ഷം മുമ്പ് കസ്റ്റഡിയിലെടുത്ത വാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. രൂപമാറ്റം വരുത്തിയ ‘നെപ്പോളിയന്‍’ എന്ന വാന്‍ എംവിഡി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പഴയപടിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇലന്തൂര്‍ ഇരക്ക നരബലിക്കേസിലെ പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലൈലയും സിപിഎം പാര്‍ട്ടി അംഗങ്ങളല്ലെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. അനുഭാവികളെന്ന നിലയില്‍ ചില പൊതുപരിപാടികളില്‍ പങ്കെടത്തിട്ടുണ്ടാകാമെന്നും അദ്ദേഹം  പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *