അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇതാരുണമായ ദുരന്തമാണ് ഇതെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മന്ത്രിമാര്‍ വയനാട്ടിൽ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സൈന്യത്തിൻ്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.ദുരന്തത്തിൽ നിരവധി പേര്‍ ഒഴുകിപ്പോയി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.