വിരമിക്കൽ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് തൻ്റെ അവസാനത്തെ വാർത്താ സമ്മേളനമാണെന്നും ശിഷ്ടകാലം അഞ്ച് മാസം ഹിമാലയത്തിൽ ധ്യാനമിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 64 വയസുകാരനായ രാജീവ് കുമാർ മുൻ ബിഹാർ/ജാർഖണ്ഡ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. 2017 മുതൽ 2020 വരെ കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു. ഈ വരുന്ന ഫെബ്രുവരി വരെ സർവീസ് കാലാവധിയുണ്ടായിരുന്ന രാജീവ് കുമാറിനെ 2022 മെയ് 15 നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.