കെ സുധാകരനെയും എംപിമാരെയും കെ സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമാണ് നടപടി. കെപിസിസി പ്രസിഡന്റ് കെസുധാകരന്റെ നിലപാടുകള്‍ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി .ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എംകെരാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നല്‍കിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. മുരളീധരനെയും എം.കെ രാഘവനെയും പിന്തുണയ്ക്കാന്‍ എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചതോടെ പ്രതിസന്ധി കനത്തു.പാർലമെന്‍റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് രണ്ട് ഗ്രൂപ്പുകളും. നേതാക്കൾക്ക് ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.