ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിക്കുന്നത് കുടല്‍, കരള്‍ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വാള്‍നട്ടും ഈന്തപ്പഴവും ഒരുമിച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈന്തപ്പഴത്തില്‍ ലയിക്കുന്ന നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിനുള്ളില്‍ വൃത്തിയാക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ചെയ്യും. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ സമ്പുഷ്ട ഉറവിടമാണ് വാള്‍നട്ട്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് ചേരുമ്പോള്‍ കുടല്‍ പാളിയെ ശമിപ്പിക്കാന്‍ വളരെയധികം ഫലപ്രദമാണ്. ബദാം, പിസ്ത തുടങ്ങിയവയുടെ കൂടെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. നട്സ്ല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ മികച്ച സ്രോതസാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ചോക്ലേറ്റിലെ ആന്റി ഓക്സിഡന്റുകള്‍ നട്സില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ലേവനോയ്ഡുകള്‍ കരളിനെ വിഷവിമുക്തമാക്കാന്‍ പിന്തുണയ്ക്കും. ഊര്‍ജ്ജം വര്‍ധിപ്പിക്കാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് ഗുണകരമാണ്. ആപ്പിളും ചൂടോടെ പൊടിച്ചെടുത്ത കറുവപ്പട്ടയും തേനും ഒരുമിച്ച് ചേരുമ്പോള്‍ ഔഷധ ഗുണങ്ങളുള്ള ഭക്ഷണമായി ഇത് മാറും. കറുവപ്പട്ടയില്‍ സിന്നമാല്‍ഡിഹൈഡ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കുടല്‍ ബാക്ടീരിയകളെ സന്തുലിതമാക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇത് സഹായിക്കും. തേന്‍ ഒരു സ്വാഭാവിക പ്രീബയോറ്റിക് ആയി പ്രവര്‍ത്തിക്കുന്നതിനാല്‍ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കും. പ്രോബയോട്ടിക്സിന്റെ മികച്ച സ്രോതസാണ് തൈര്. പോളിഫെനോളുകള്‍ ധാരാളമടങ്ങിയിട്ടുള്ള ബ്ലൂ ബെറി, റാസ് ബെറി എന്നിവ തൈരുമായി ചേര്‍ത്ത് കഴിക്കാം. ഇത് നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കും. ആമാശയത്തെ ശാന്തമാക്കാനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന മികച്ചൊരു ലഘുഭക്ഷണമാണിത്. കരളിന്റെ ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും.