bufffer
ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാത്ത കേന്ദ്ര നിലപാടില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാതെ, വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടത് വിധി അംഗീകരിച്ചതിനു സമാനമാണെന്ന വ്യാഖ്യാനമുണ്ട്. കേന്ദ്രം പുനപരിശോധനാ ഹര്‍ജിയാണു നല്‍കിയതെന്നാണു  ധരിച്ചിരുന്നതെന്നു സംസ്ഥാന വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി നടത്തിപ്പിനായി ടെണ്ടര്‍ ഉറപ്പിച്ചതിലും ക്രമക്കേടെന്ന് റിപ്പോര്‍ട്ട്. 500 കോടി രൂപയുടെ അധിക ചെലവാണ് മാനദണ്ഡങ്ങള്‍ മറികടന്നു നല്‍കിയ കരാറുകൊണ്ട് സര്‍ക്കാരിനുണ്ടായത്. കരാറുകാര്‍ക്ക്  ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ പണി തുടങ്ങാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് പുറത്തു വന്നു.
ആറന്മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് മൂന്നു മരണം. കാണാതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനും ചെറുകോല്‍ സ്വദേശി വിനീഷുമാണ് മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശി രാഗേഷിനെയാണ് ഇനി കണ്ടെത്താനുള്ളത്. അമ്പതിലധികം ആളുകള്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്നു
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി. നിയമാനുസൃതവും നിയമവിരുദ്ധവുമായ ലോണ്‍ ആപ്പുകളുടെ പട്ടിക തരംതിരിച്ച് തയ്യാറാക്കാന്‍ ആര്‍ബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. നിയമ വിരുദ്ധ ആപ്പുകളെ നീക്കം ചെയ്യാന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. റേസര്‍പേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
വിഴിഞ്ഞത്തു വീടും സ്ഥലവും നഷ്ടപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ലത്തീന്‍ അതിരൂപത നയിക്കുന്ന സമരത്തിന്  ഐക്യദാര്‍ഢ്യവുമായി കെസിബിസി. 18 ന് വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തുനിന്ന് അദാനി തുറമുഖത്തേക്ക് ആംരംഭിക്കുന്ന ബഹുജന മാര്‍ച്ച് നടത്തും. ഈ മാസം 14 മുതല്‍ 18 വരെ മൂലമ്പള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര നടത്തും. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രൂപതകളോട് ആഹ്വാനം ചെയ്തു.
എ.കെ.ജി സെന്ററിനുനേരെ പടക്കമെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ അന്വേഷണമെന്നു ക്രൈംബ്രാഞ്ച്. കഴക്കൂട്ടം – മേനംകുളം കേന്ദ്രീകരിച്ചുള്ള സംഘമാണ് പടക്കമെറിഞ്ഞതെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച്.
തൃശൂരില്‍ ഓണത്തോടനുബന്ധിച്ചുള്ള പുലികളി നാളെ. എലിസബത്ത് രാജ്ഞിയുടെ മരണത്തിന്റെ ഭാഗമായി നാളെ ഔദ്യോഗിക ദുഖാചരണം നടക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയാണ് പുലിക്കളി നടത്തുന്നത്.
അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. നാളെ ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ല.
ലാവലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്നു പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വി.എം. സുധീരന്റെ അപേക്ഷ ഉള്‍പ്പെടെ ആകെ അഞ്ചു ഹര്‍ജികളാണ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ ലാവ്ലിന്‍ കേസ് പരിഗണിക്കൂ.
ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വര്‍ക്കല ശിവഗിരി മഠത്തിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും വിപുലമായ പരിപാടികള്‍. ചെമ്പഴന്തിയിലെ മഹാസമ്മേളനം വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ ശ്രീനാരായണ ദാര്‍ശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ സമ്മേളനത്തിനു കേന്ദ്രമന്ത്രി വി മുരളീധരനാണ് ഉദ്ഘാടകന്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *