കെ.സുധാകരനെതിരെ ഒരു തെളിവുമില്ലാത്ത പഴയ കേസ് പൊടി തട്ടിയെടുക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പിണറായി വിജയൻ്റെ അസഹിഷ്ണത വാനോളമെത്തിയിരിക്കുന്നു.മാറി മാറി വന്ന ഇടത് സർക്കാർ അന്വേഷിച്ചിട്ട് സുധാകരനെതിരെ ഒരു തുമ്പും കണ്ടെത്താത്ത കേസിലെ താൽപര്യമെന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാ പേർക്കുമറിയാം. താൻ ഏകാധിപതിയെന്ന ഹുങ്കിലാണു അദ്ദേഹം എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്‍റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
കർണ്ണാടക സർക്കാർ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി.കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കി.ഇതിനെതിരേ കോൺഗ്രസ് രംഗത്ത് വന്നു. ഈ അൽപ്പത്തരത്തെ നെഹ്റു അതിജീവിക്കുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെമ്പാടും കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നു. ട്വിറ്ററിലും സമൂഹ മാധ്യമങ്ങളിലാകെയും ഈ വിഷയം സജീവമായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സർക്കാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 7.30 ന് ചെങ്കോട്ടയിൽ പതാക ഉയർത്തും. പുതിയ വികസനപദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ പൂർത്തിയായി..പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.
കൊച്ചിയിൽ നഗര മദ്ധ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പരുക്കേറ്റ മൂന്നാമൻ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തി. മൂന്ന് പ്രതികൾ പിടിയിലായിട്ടുണ്ട് . നെട്ടൂർ സ്വദേശി ഹർഷാദ്, മരട് സ്വദേശി സുധീർ, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്.. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.ഇന്ന് പുലർച്ചെ രണ്ട് മണിക്ക് വരാപ്പുഴ സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പിൽ റോഡിലാണ് കൊലപാതകം നടന്നത്.
മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. എറണാകുളം അങ്കമാലി നായത്തോട് സ്വദേശി മേരിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഇന്നാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് മേരിക്ക് മകൻ കിരണിന്റെ കുത്തേറ്റത്. ഇരുവരും തമ്മിൽ ഉണ്ടായ വാക്കു തർക്കത്തെ തുടർന്നാണ് മേരിയെ മകൻ കിരൺ കുത്തി പരിക്കേൽപ്പിച്ചത്. പ്രതിയായ കിരണിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ആലുവ സബ് ജെയിലിൽ റിമാന്റിൽ കഴിയുകയാണ്.
കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസര്‍ വീട്ടിൽതൂങ്ങി മരിച്ചു. കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജു (47) നെയാണ് കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.ബന്ധുക്കൾ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.