പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കെ.ടി.ജലീല്‍ എം.എല്‍.എയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. അതേസമയം പഴയ സിമി നേതാവായ കെ.ടി.ജലീലില്‍നിന്ന് ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
ലോകായുക്ത നിയമത്തിൽ വിധി പരിശോധിക്കാൻ സർക്കാറിന് പകരം സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ഒരുങ്ങി സി പി ഐ. നിയമസഭ സമ്മേളനത്തിന് മുമ്പ് സിപിഎം-സിപിഐ ചർച്ച നടത്തും എന്നും റിപ്പോർട്ടുകൾ.
ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻസംസ്ഥാന സർക്കാരിനെതിരെ തിരിയുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബോധപൂർവം ഗവർണർ കൈവിട്ട് കളിക്കുകയാണ്. ഇടപെടൽ ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഗവർണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുന്നതാണ് മറ്റ് സംസ്ഥാനങ്ങളിലെ രീതി.കേരളത്തിലും അതിനുള്ള ശ്രമം നടക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
ബിഹാറില്‍ മന്ത്രിസഭ രൂപികരണം ഓഗസ്റ്റ് പതിനഞ്ചിന് ശേഷമാകും ഉണ്ടാകുക. ആര്‍ജെഡി-ജെഡിയു ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രാഥമിക ചർച്ചകൾ പ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. പതിമൂന്നോ പതിനാലോ മന്ത്രിമാര്‍ ജെഡിയുവില്‍ നിന്നും കോൺഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരൂ മന്ത്രി സ്ഥാനവുമാകും ലഭിക്കുക. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനൊപ്പം സഹോദരൻ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകും എന്നും വിവരങ്ങൾ പുറത്തു വരുന്നു.
ബിഹാർ ഉപ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവമായി സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കൂടിക്കാഴ്ച നടത്തി. ബീഹാറിലെ മഹാസഖ്യ സർക്കാരിനെ സി പി ഐ എം പുറത്ത് നിന്ന് പിന്തുണക്കും. 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തില്‍ ഒരു ജവാന് പരിക്ക് പറ്റി.സി ആർ പി എഫ് സംഘത്തിന് നേരെ ഭീകരർ വെടിവെച്ചു. അനന്ത് നാഗിലാണ് സംഭവം. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസമാണ് രജൗരിയിൽ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്നു സൈനികർ വീരമൃത്യു വരിച്ചത്.
നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.രേഖകൾ സ്പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുത്.പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.