ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പിളര്‍ത്താന്‍ 40 എംഎല്‍എമാര്‍ക്ക് ബിജെപി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. എംഎല്‍മാരുടെ യോഗത്തില്‍ ഒമ്പതു പേര്‍ എത്തിയില്ല. 53 പേരാണു പങ്കെടുത്തത്. എംഎല്‍എമാരുടെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ ഇത്രയും പണം ബിജെപിക്ക് എവിടെനിന്നാണെന്നു കേജരിവാള്‍ ചോദിച്ചു. ബിജെപിയുടെ കള്ളപ്പണം എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തേക്കു മാര്‍ച്ചു നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെഎംഎം സഖ്യത്തിന്റെ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവച്ചേക്കും. ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗവര്‍ണര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. നിയമസഭാംഗത്വം റദ്ദാകുന്നതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറന്‍ സ്വന്തമായി ഖനി നടത്തിപ്പിനുള്ള അനുമതി നേടിയതു നിയമവിരുദ്ധമെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണു നടപടി.
കേരള സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ നിയമനത്തിന് ഗവര്‍ണര്‍ ആരംഭിച്ച നടപടിക്രമങ്ങളെ മറികടക്കാന്‍ സര്‍വകലാശാല നിയമ ഭേദഗതി ബില്ലിന് ഓഗസറ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കി. ഇന്നലെ രാത്രി ചേര്‍ന്ന സബ്ജക്ട് കമ്മിറ്റിയിലാണ് ഭേദഗതി. കേരള വിസിയെ തീരുമാനിക്കാന്‍ ഗവര്‍ണര്‍ സെര്‍ച് കമ്മിറ്റി രുപീകരിച്ചത് ഓഗസ്റ്റ് അഞ്ചിനായിരുന്നു. ഈ കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല നോമിനിയെ നല്‍കിയിട്ടില്ല.
മോദി സര്‍ക്കാരിന്റെ കമാണ്ടര്‍ ഇന്‍ ചീഫ് ആകാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറും സര്‍ക്കാരും രണ്ട് പക്ഷത്താണ്. ഈ ഭിന്നത മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷ സര്‍ക്കാരും തമ്മിലാണ്. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയരി ഗവര്‍ണറെ വിമര്‍ശിച്ചത്.
എല്ലാം സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള ഒത്തുകളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണര്‍ സംഘപരിവാര്‍ ഏജന്റാണ്. സംഘപരിവാര്‍ അജണ്ട തന്നെയാണ് പിണറായി വിജയന്‍ സര്‍ക്കാരും നടപ്പാക്കുന്നത്. പിണറായി സര്‍ക്കാര്‍ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിലബസില്‍ സംഘപരിവാര്‍ അജണ്ട ഉള്‍പ്പെടുത്തി. ഗാന്ധിജിയേയും നെഹ്റുവിനേയും ഒഴിവാക്കി ദീനദയാല്‍ ഉപാധ്യായ, വിഡി സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍ എന്നിവരെ സിലബസില്‍ ഉള്‍പെടുത്തിയെന്നും സതീശന്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായുള്ള എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കേസ് നിരന്തരം മാറ്റുന്നുവെന്നു ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് കേസ് ലിസ്റ്റില്‍നിന്ന് മാറ്റരുതെന്ന് ജസ്റ്റീസ് യു.യു ലളിത് അധ്യക്ഷനായുള്ള ബഞ്ച് നിര്‍ദ്ദേശിച്ചു.
ഇപോസ് മെഷീന്‍ പണിമുടക്കിയതു മൂലം റേഷന്‍, ഓണക്കിറ്റ് വിതരണം മുടങ്ങി. സര്‍വര്‍ തകരാര്‍ മൂലമാണ് ഇ പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതുമൂലം റേഷന്‍ കടകള്‍ മുഖേനയുള്ള ഓണക്കിറ്റ് വിതരണം തടസപെട്ടു.
വിഴിഞ്ഞം സമരം പത്താം ദിവസം. ഇനി മുഖ്യമന്ത്രിയുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് സമരസമിതി. തിങ്കളാഴ്ച വീണ്ടും കടല്‍ മാര്‍ഗവും കര മാര്‍ഗവും വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കാതെ സമരം നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വിഴിഞ്ഞം സമരത്തിന് പുറത്തുനിന്നുള്ള ആളുകളാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ എന്താണു തെറ്റെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. തുറമുഖത്തിനെതിരായ സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്. ഉമ്മന്‍ ചാണ്ടിയാണ് തുറമുഖ പദ്ധതി ആരംഭിച്ചത്. എല്ലാ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
സംസ്ഥാനത്ത് പ്ലസ് വണ്‍, വിഎച്ച്എസ്ഇ ക്ലാസുകള്‍ തുടങ്ങി. നാല് ലക്ഷത്തി പത്തൊമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തി. 3.8 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനം നേടിയത്. മുപ്പതിനായിരം വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്.