യു.പി.ഐ ഇടപാടുകളില്‍ ബയോമെട്രിക് ഓതന്റിക്കേഷന് അടക്കമുള്ള നൂതനമാറ്റങ്ങള്‍ വരുത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ സമീപിച്ച് നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ. നിലവില്‍ യു.പി.ഐ ഇടപാടുകള്‍ നടത്തുന്നതിന് ഓരോ തവണയും നാലോ ആറോ അക്കമുള്ള പിന് നമ്പര്‍ ഉപയോഗിക്കണം. ഇതിന് പകരമായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ വിരലടയാളവും ആപ്പിള്‍ ഫോണുകളില്‍ ഫെയിസ് ഐഡിയും ഉപയോഗിക്കാനുള്ള സാധ്യതയാണ് എന്‍.പി.സി.ഐ പരിശോധിക്കുന്നത്. പിന് നമ്പര്‍, ഒ.ടി.പി എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നിറുത്താനാണ് ആലോചന. പിന് നമ്പരോ ഒ.ടി.പിയോ ഇല്ലാതെ യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് അടുത്തിടെ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബദല്‍ സംവിധാനം കണ്ടെത്താനായിരുന്നു എന്‍.പി.സി.ഐക്ക് ലഭിച്ച നിര്‍ദ്ദേശം. രണ്ട് തരത്തിലുള്ള യു.പി.ഐ ഇടപാടുകളാണ് നിലവിലുള്ളത്. ഉപയോക്താവിന് ഇടപാടിന് മുമ്പ് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചും നാലോ ആറോ അക്കമുള്ള രഹസ്യ യു.പി.ഐ പിന് ഉപയോഗിച്ചും ഇടപാടുകള്‍ സാധ്യമാകും. ഇതിന് പകരമാണ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആദ്യഘട്ടത്തില്‍ ബയോമെട്രിക് ഓതന്റിഫിക്കേഷനൊപ്പം നിലവിലുള്ള രീതികളും തുടരും. ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനങ്ങളിലേക്ക് മാറുന്നത് യു.പി.ഐ ഇടപാടുകളുടെ വേഗത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. നെറ്റ്വര്ക്കിലെ പ്രശ്നങ്ങള്‍ കാരണം ഒ.ടി.പി ലഭിക്കാന്‍ വൈകുന്നതടക്കമുള്ള പ്രശ്നങ്ങളും ഒഴിവാകും. പിന് ഓര്‍ത്ത് വയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഒ.ടി.പി കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ക്കും ബയോമെട്രിക് സംവിധാനം ഉപയോഗിക്കാമെന്നത് യു.പി.ഐ ഇടപാടുകളെ കൂടുതല്‍ ജനകീയമാക്കും. ഫെയിസ് ഐഡിയും വിരലടയാളവും ഉപയോഗിക്കുന്നത് ഇടപാടുകളുടെ സുരക്ഷയും വര്‍ധിപ്പിക്കും. എസ്.എം.എസിലൂടെ നല്കുന്ന ഒ.ടി.പി ഇല്ലാതാകുന്നതോടെ ഈയിനത്തില്‍ ബാങ്കുകള്‍ക്കും ചെലവ് കുറയ്ക്കാനാകും.