യുഎസും ചൈനയും താരിഫ് കരാറില്‍ ധാരണയായതോടെ ലോകത്തിലെ മുന്‍നിര ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്ക്, ആമസോണിന്റെ ജെഫ് ബെസോസ്, മെറ്റയുടെ മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരുടെ ആസ്തിയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ബെസോസിനും സക്കര്‍ബര്‍ഗിനുമൊപ്പം മസ്കിന്റെയും ആസ്തി 30 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നു. അതായത് ഏകദേശം 2,56,185 കോടി രൂപ! ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്ക്. ഫോബ്സിന്റെ കണക്കനുസരിച്ച്, യുഎസ് വിപണിയില്‍ ടെസ്ല ഓഹരികള്‍ ഉയര്‍ന്നതോടെ മസ്കിന്റെ ആസ്തി 11 ബില്യണ്‍ യുഎസ് ഡോളറിലധികം വര്‍ദ്ധിച്ചു. നിലവില്‍ മസ്കിന്റെ ആസ്തി 342 ബില്യണ്‍ യുഎസ് ഡോളറാണ്. ഇലക്ട്രിക് വാഹന ഭീമനായ ടെസ്ലയുടെ വിപണി മൂല്യം 6.86 ശതമാനം ഉയര്‍ന്ന് 1.026 ട്രില്യണ്‍ യുഎസ് ഡോളറിലെത്തി. ജെഫ് ബെസോസിനെ മറികടന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകത്തിലെ രണ്ടാമത്തെ ധനികനായി. സക്കര്‍ബര്‍ഗിന്റെ ആസ്തി 216 ബില്യണ്‍ ഡോളറാണ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 13 ബില്യണ്‍ യുഎസ് ഡോളര്‍ വര്‍ദ്ധിച്ചു. 215 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെ വ്യക്തിയാണ്.
ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്‍ന്നു
