ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകി.ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയില്‍ എത്തിയപ്പോഴാണ് കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകുന്നത്. ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്ററാണ് ഇന്നത്തെ ഭാരത് ജോഡോ യാത്രാ പര്യടനം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം വീണ്ടും കിട്ടിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് യാത്ര പുരോഗമിക്കുന്നത്.കൊവിഡിന്‍റെ പേരില്‍ അനാവശ്യ ഭീതി പരത്തി ഭാരത് ജോഡോ യാത്ര നിര്‍ത്തി വയ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് ജയറാം രമേശും ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു.
.
അതേസമയം വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യത്തെ ജാഗ്രത കൂട്ടുകയാണ് കേന്ദ്രസർക്കാർ .ഇന്ന് സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്തിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രി.കഴിഞ്ഞദിവസം ചേർന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തിൽ പരിശോധനയും ജനിതകശ്രേണിരണവും കൂട്ടാൻ നിർദ്ദേശിച്ചിരുന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പല സംസ്ഥാനങ്ങളും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്.