വിശ്രാന്തി
ബെല്‍ അമി | അദ്ധ്യായം 20 | രാജന്‍ തുവ്വാര
ശനിയാഴ്ച ദര്‍ബാര്‍ നിലച്ചുപോയില്ല.
ഉച്ചക്കു മുന്നെ ജൂഡിത്ത് ചാരുമതിയെ കൂട്ടി ആശുപത്രിയില്‍നിന്ന് തിരിച്ചെത്തി. ഡോക്ടര്‍ വരദരാജന്‍ പറഞ്ഞതുപോലെ ജൂഡിത്തിന്റെ സാമീപ്യമാണ് ചാരുമതിയുടെ ജീവിതം. വെറും മൂന്നുമാസം കൊണ്ട് ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ തന്റെ ജീവിതസഖിയാക്കുന്നത് സാധാരണമല്ലെന്നായിരുന്നു ഡോക്ടറുടെ നിരീക്ഷണം. അമ്മയില്‍ നിന്ന് കിട്ടാത്ത സ്‌ത്രൈണവാത്സല്യം മറ്റൊരു സ്ത്രീയില്‍ നിന്ന് ലഭിക്കുമെന്നായപ്പോള്‍ ആ മാര്‍ഗത്തിലേക്ക് ചാരുമതി സഞ്ചരിച്ചതുമാത്രമല്ല ഈ ബന്ധത്തിലെ വിശേഷം. ഒരു കലാകാരിക്ക് മറ്റൊരു കലാകാരിയുടെ മനസ്സ് അതിവേഗം അധിനിവേശിക്കാനാകും. പ്രസ്തുത അധിനിവേശം ശാരീരികമായ തൃഷ്ണകളെ പ്രകോപിപ്പിക്കുകയും ശമിപ്പിക്കുകയും ചെയ്യും.
‘ഇത് ശാസ്ത്രമൊന്നുമല്ല, പ്രകൃതിനിയമമാണ്…’
ഡോക്ടര്‍ അല്‍പനേരത്തേക്ക് ദാര്‍ശനികനായി:
‘നിങ്ങളും സര്‍ഗ്ഗപ്രക്രിയയില്‍ വ്യാപരിക്കുന്ന, വളരെ ഗൗരവതരമായി മുഴുകുന്ന ഒരു ജീവിയാണല്ലോ. എഴുത്ത് ഏതു വിധേനയാണ് ബഹിര്‍ഗമിക്കുന്നതെന്ന് കൃത്യമായ നിര്‍വ്വചനങ്ങളില്ല. എല്ലാ കലാപ്രകടനങ്ങളും അങ്ങിനെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.’
ഒരുമണിക്കൂര്‍കൊണ്ട് ഡോക്ടര്‍ കലാകാരികളായ സ്ത്രീകളില്‍ പ്രത്യക്ഷമാകാറുള്ള പ്രണയ ഭാഷകളെക്കുറിച്ച് എനിക്ക് സാമാന്യം വിശദമായ ധാരണ പകര്‍ന്നു തന്നു. ഗെര്‍ട്രൂഡ് സ്റ്റെയിന്‍ ബൈ സെക്ഷ്വല്‍ ജീവിതം ആസ്വദിച്ചു. ആലിസ് ബി ടോക്‌ളാസിന്റെ മാറിടത്തിലെ അടയാളങ്ങള്‍ മുതല്‍ പിക്കാസോയുടെ രതിശീലങ്ങള്‍ വരെ ഗെര്‍ട്രൂഡിന്റെ കുത്തകയായിരുന്നു. പിക്കാസോയും ഗെര്‍ട്രൂടും എത്രയോ ദിവസം ഒരുമിച്ചു ജീവിച്ചു. എങ്കിലും ഗെര്‍ട്രൂഡിന് പ്രണയം ആലീസിനോടായിരുന്നു.
ഞാന്‍ ഈ വക വിചാരങ്ങളില്‍ ആണ്ടുകിടക്കുമ്പോള്‍ എന്റെ സെല്‍ ഫോണ്‍ ശബ്ദിച്ചു. ചാരുമതി വിളിക്കുന്നു.
‘ഞങ്ങള്‍ താഴെ എത്തിയിട്ടുണ്ട്.’
കൂടുതലൊന്നും പറയാതെ അവള്‍ സംഭാഷണമവസാനിപ്പിച്ചു.
ഞാന്‍ താഴേക്കിറങ്ങിച്ചെല്ലുമ്പോള്‍ ചാരുമതി കാര്‍ പോര്‍ട്ടിക്കോയില്‍ കയറ്റിയിടുകയായിരുന്നു .ഇപ്പോള്‍എന്റെ മുന്നിലെത്തിയിരിക്കുന്നത് മൂന്നു ദിവസം മുന്‍പത്തെ ചാരുമതിയല്ലെന്ന് അവളുടെ ചലനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ബോധ്യമായി.
ജൂഡിത്ത് ഹാളിലെ സോഫയിലിരുന്നുകൊണ്ട് പറഞ്ഞു:
‘ക്ഷീണം തോന്നുന്നു.’
‘എങ്കില്‍ വിശ്രമിക്ക്.’
ഞാന്‍ മുറ്റത്തേക്കിറങ്ങി ചെല്ലുമ്പോള്‍ ചാരുമതി എന്റെ മുന്നില്‍. അവള്‍ എന്റെ കണ്ണിലേക്കു നോക്കി നിഷ്‌കളങ്കമായി ചിരിച്ചു. ഈ ചിരിയായിരുന്നു ആറുമാസം മുന്‍പ് അവളുടെ പക്കലുണ്ടായിരുന്നത്.
ഞാന്‍ അവള്‍ക്ക് കടക്കാന്‍ പഴുതൊരുക്കിയപ്പോള്‍ അവള്‍ കടന്നുപോയില്ല. ഞാന്‍ തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴേക്കും അവള്‍ എന്റെ ദേഹത്തേക്ക് ചാരി. എനിക്ക് ചെറുതായി ഭയം തോന്നി. ഇനിയും ഒരു ബ്രേക്ക് ഡൗണ്‍ ഉണ്ടായാല്‍?
അവള്‍ നിശ്ശബ്ദം കരഞ്ഞു. വൈകാരികത ആക്രമിക്കുമ്പോള്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും കരയും. അത് അനിവാര്യമാണ്. കരച്ചില്‍ മനസ്സിന്റെ വൈകാരികവിസര്‍ജ്യങ്ങളില്‍ ഒന്നാണ്.
ഇപ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഞാന്‍ ചിരി വരുത്തി. അവളുടെ ശിരസ്സില്‍ തലോടുമ്പോള്‍ എന്നില്‍ കാമത്തിന്റെ ചെറുസൂചനകള്‍ പോലും ഉണര്‍ന്നില്ല.
ഞാന്‍ അവളുടെ തോളില്‍ കൈയ്യിട്ട് അകത്തേക്ക് നടന്നു.
അന്ന് വൈകുന്നേരം ശനിയാഴ്ച ദര്‍ബാര്‍ ചേര്‍ന്നു. ജൂഡിത്ത് അതിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു.
പതിവുപോലെ ജൂഡിത്ത് മനോഹരമായി മദ്യപിച്ചു. അവളുടെ സ്വന്തം വിശേഷണം. ഞാന്‍ പതിവുപോലെ രണ്ടു ഗ്ലാസ്. രണ്ടു തവണ മൊത്തിയ ശേഷം ചാരുമതി ഗ്ലാസ് താഴെ വെച്ചു .
ഞാന്‍ മാഞ്ചുവട്ടിലെ കസേരയില്‍ ചാരിക്കിടന്നുകൊണ്ട് ആകാശത്തിനെ നോക്കി. ഭൂപടത്തിലെ വന്‍കരകള്‍ പോലെ മേഘങ്ങള്‍ ഞങ്ങളെ നിരീക്ഷിക്കുന്നു.
ചാരുമതി വിരല്‍ത്തുമ്പുകൊണ്ട് എന്നെ തൊട്ടു.
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.
‘നാളെ രാവിലെ പെയിന്റിങ്ങുകളും ഫ്രെയിമുകളും ഞാന്‍ കൊണ്ടുപോകാം. അവിടെ ഒരു ചെറുക്കനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കന്നഡ ചാനലുകള്‍ മിക്കതും എത്തും. മിറര്‍ നൗ ഉണ്ടാകും. ജെന്നിയുടെ ബൈറ്റ് കിട്ടാനാണ് അവര്‍ വരുന്നത്. നമ്മുടെ പോര്‍ട്ടലില്‍ കൊടുക്കാന്‍ വേണ്ട ഫോട്ടോക്കും വിഡിയോക്കും അമിത്തിനോട് പറഞ്ഞിട്ടുണ്ട്.’
ചാരുമതി ഒരിക്കല്‍ക്കൂടി എന്നെ തൊട്ടു
‘എന്താ വേണ്ടത് കുഞ്ഞേ.’
അവള്‍ എന്നെ നോക്കുന്നതല്ലാതെ ഒന്നും മിണ്ടുന്നില്ല
ജൂഡിത്ത് ഇടപെട്ടു
‘ അവള്‍ക്ക് അമ്മയെ ഈ ഫങ്ഷന് വിളിക്കണമെന്നുണ്ട്. ഈ വൈകിയ വേളയില്‍ ഇത് പറയാനുള്ള ഭയം…’
ഗൗരവം വിടാതെ ഞാന്‍ ചാരുമതിയുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ രോഷം ഉരുകിപ്പോയിരിക്കുന്നു. ജീവിതത്തിലെ ചില പാഠങ്ങള്‍ അങ്ങനെയാണ് മനുഷ്യനെ മാറ്റുന്നത്.
ഞാന്‍ അവളെ ചേര്‍ത്തുപിടിച്ചു.
‘മധുമതിയെ ഞാന്‍ വിളിച്ചു സംസാരിക്കാം. അവള്‍ വരാന്‍ തയ്യാറായാല്‍ നീ വിളിക്കണം.’
കുറ്റാരോപിതയായ ഒരു കുഞ്ഞിനെപ്പോലെ അവള്‍ തലകുലുക്കി.
‘ഇപ്പോള്‍ത്തന്നെ വിളിക്കട്ടെ?’
അവള്‍ തലയാട്ടി. സമ്മതം.
‘എങ്കില്‍ നിന്റെ ഫോണിങ് താ…’
മാ യുടെ നമ്പര്‍ അവള്‍ തന്നെ ഡയല്‍ ചെയ്തു.
‘ മുന്നു ബേട്ടി..!.’
അമ്പരപ്പില്‍ നിന്ന് നനവാര്‍ന്ന ശബ്ദത്തിലേക്ക് ആ വാക്കുകള്‍ സഞ്ചരിക്കുന്നത് ഞാന്‍ അനുഭവിച്ചറിഞ്ഞു
‘ഇത് നിന്റെ ബേട്ടിയല്ല, മധു…’
ഒരു നിമിഷനേരത്തെ ഇടവേളക്കു തൊട്ടുപിന്നാലെ അവള്‍ പൊട്ടിച്ചിരിച്ചു.
‘ഞാന്‍ പറയുന്നത് കേള്‍ക്ക്, നാളെ രാവിലെ നീ ഇങ്ങോട്ട് പോര്. എക്‌സിബിഷന്‍ഹാളില്‍ നീയായിരിക്കും പ്രധാന സെലിബ്രിറ്റികളില്‍ ഒരാള്‍.’
നിശ്ശബ്ദമായി അവള്‍ ആഹ്ലാദിക്കുന്നത് ഞാന്‍ സങ്കല്പിച്ചു.
‘നാളെ രാവിലെയോ.. ഫ്‌ളൈറ്റ് ടിക്കറ്റ് കിട്ടണ്ടേ.’
‘ഞാനെടുക്കണോ?’
‘വേണ്ട, ഞാന്‍ ഏതെങ്കിലും വി ഐ പി കോട്ട വാങ്ങിച്ചോളാം. ഇതിനല്ലാതെ പിന്നെ ഏതു കാര്യത്തിനാണ് ഞാന്‍ വി ഐ പി കളെ ഉപയോഗിക്കേണ്ടത്?’
മധുമതിയുടെ ആഹ്ലാദം എന്റെ കാതില്‍ നിറയുന്നു.
‘അത് ഉടന്‍ കണ്‍ഫേം ചെയ്യണം.’
‘ഐ വില്‍.’
‘ഞാന്‍ നിന്റെ മൂന്നുവിന് ഫോണ്‍ കൊടുക്കാം. ഉരുള്‍ പൊട്ടലുണ്ടാകട്ടെ.’
ചാരുമതിക്ക് ഫോണ്‍ കൊടുത്തുകൊണ്ട് ഞാന്‍ പറഞ്ഞു.
‘നീ അകത്തു പോയിരുന്നു സംസാരിക്ക്…’
ചാരുമതിയോട് ഞാന്‍ കല്പിച്ചു.
‘അതുവരെ ഞങ്ങള്‍ കലാകാരികളുടെ പ്രണയ ജീവിതത്തെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യട്ടെ.’
(തുടരും)
Copy Right Reserved