പുതിയ വന്‍കര
ബെല്‍ അമി | അദ്ധ്യായം 21 | രാജന്‍ തുവ്വാര

ഒരു ഇന്ത്യന്‍ചിത്രകാരിയും വിദേശിയായ ചിത്രകാരിയും സംയുക്തമായി നടത്തുന്ന ചിത്ര പ്രദര്‍ശനത്തിന്റെ ദ്വന്ദ്വഘടകങ്ങളെന്ന നിലയില്‍ ബാംഗ്ലൂരിലെ ചിത്രകലാനിരൂപകരുടെയും ചിത്രകാരന്മാരുടെയും ഇടയില്‍ ചാരുമതി ബറേസിയും (അങ്ങനെയാണ് അവള്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചത്) ജൂഡിത്ത് മോര്‍ഗനും ശ്രദ്ധിക്കപ്പെട്ടു. ഇതിലൊക്കെയുപരി ജെന്നി സെവില്ലെ എന്ന വിഖ്യാത ചിത്രകാരി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നു എന്ന സവിശേഷതയും ഈ പ്രദര്‍ശനത്തെയും ഈ ചിത്രകാരികളെയും ആഗോള തലത്തിലേക്കുയര്‍ത്തി.
ഉദ്ഘാടനചടങ്ങ് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന സമയത്തിന് പത്തുമിനിറ്റ് മുന്‍പുതന്നെ ജെന്നി സെവില്ലേ എത്തിച്ചേര്‍ന്നു. മധുമതി എന്ന ചിത്രകാരിയെ ജെന്നിക്ക് കേട്ട് പരിചയമുണ്ടായിരുന്നുവെങ്കിലും അവര്‍ തമ്മില്‍ കാണുന്നത് ഇതാദ്യം. കെവിന്‍ ഫ്രുയ്ഡ് ഇവര്‍ക്ക് രണ്ടുപേര്‍ക്കും സൗഹൃദമുള്ള ശില്പി. മധുമതി സ്ലേഡ് സ്‌കൂള്‍ ഒരു തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ചിത്രകാരികളില്‍ ഒരാള്‍ മധുമതിയുടെ മകളാണെന്നറിഞ്ഞപ്പോള്‍ ജെന്നി കൂടുതല്‍ സന്തോഷവതിയായി. ജൂഡിത്ത് മോര്‍ഗന്‍ മത്തീസിന്റെ പിന്‍ മുറക്കാരിയാണെന്ന് അറിഞ്ഞതോടെ ജെന്നി താന്‍ ഇന്ത്യയില്‍ തന്നെയാണോ എത്തിച്ചെര്‍ന്നിട്ടുള്ളതെന്ന് സംശയിച്ചു. അവ്വിധമായിരുന്നു അവരുടെ പ്രഭാഷണം. പ്രഭാഷണത്തിനുശേഷം ജെന്നി ഒരു കംബൈന്‍ഡ് പോര്‍ട്രെയ്റ്റ് രണ്ടു മൂന്നു മിനിറ്റുകള്‍ കൊണ്ട് വരച്ചുതീര്‍ത്തു.ഇന്‍സ്റ്റന്റ് ഡെമോ.
ഉദ്ഘാടനചടങ്ങിനുശേഷം അവര്‍ പ്രദര്‍ശനത്തിലുള്ള ചിത്രങ്ങള്‍ നടന്നു കണ്ടു. ദേശീയ മാധ്യമങ്ങളും കന്നഡ മാധ്യമങ്ങളും ചടങ്ങ് വിപുലമായിത്തന്നെ കവര്‍ ചെയ്തു.
ഇരുപത് മിനിറ്റ് ജെന്നിയും മധുമതിയുമായുള്ള മുഖാമുഖം. അതിനുശേഷം ചിത്രകാരികളുമായുള്ള അഭിമുഖം. അഞ്ജലി ബാല മേനോന്‍ പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളെക്കുറിച്ച് നടത്തിയ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള അവലോകനം
അന്നു തന്നെ നാലു ചിത്രങ്ങള്‍ വിറ്റുപോയി. രണ്ടുപേരുടെയും ഈ രണ്ടു ചിത്രങ്ങള്‍ വീതം. ജൂഡിത്തിന്റെ ഫക്ക് മെഷീന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആര്‍ട്ട് കലക്റ്റര്‍ ആയ മാര്‍ഗരറ്റ് ഫുര്‍ഡാഡോ ആണ് ഫക്ക് മെഷീന്‍ വാങ്ങിയത്. ചാരുമതിയെ ചികിത്സിച്ച ഡോക്ടര്‍ വരദരാജനും ഭാര്യയും പ്രദര്‍ശനം കാണാനെത്തി. അവര്‍ ചാരുമതി ജൂഡിത്തിനെ മോഡലാക്കി വരച്ച തയ്യല്‍കാരിയുടെ ചിത്രം വാങ്ങി. ചാരു വിന് അവര്‍ക്കത് ഒരു സമ്മാനമായി നല്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഡോക്ടര്‍ അത് സമ്മതിച്ചില്ല.
അന്ന് വൈകുന്നേരം ചാരുമതി മധുമതിയുമായി ഏറെനേരം സംസാരിച്ചു. മധുമതി വളരെ സന്തോഷവതിയായി കാണപ്പെട്ടു. ലീല പാലസില്‍ ഒരു മുറി മധുമതി നേരത്തെ ബുക്ക് ചെയ്തിരുന്നു. മധുമതിയെ അവിടെ വിട്ട് ഞങ്ങള്‍ മൂന്നുപേരും വീട്ടിലേക്ക് മടങ്ങി.
‘സാറിന് ചിത്രനിരൂപണം എഴുതിക്കൂടെ…’
വീട്ടിലേക്കുള്ള യാത്രക്കിടെ ജൂഡിത്ത് ചോദിച്ചു.
അല്പനേരത്തെ ഇടവേളക്കു ശേഷം ഞാന്‍ അതിനുള്ള മറുപടി പറഞ്ഞു:
‘ഞാന്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിരവധി ചിത്ര നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്. അതെല്ലാം തപ്പിയെടുത്താല്‍ ഒരു പുസ്തകമാക്കാം. മധുമതിയുടെ മുംബൈയിലെ ആദ്യപ്രദര്‍ശനം ഞാനാണ് ടൈംസിനു വേണ്ടി കവര്‍ ചെയ്തത്. രണ്ടു കോളം റിപ്പോര്‍ട്ടില്‍ അവസാനിപ്പിക്കേണ്ട ആ സംഭവം ഞാന്‍ വീക്കെന്‍ഡില്‍ ഒരു വലിയ റിവ്യൂ ആയി എഴുതി. അതു കണ്ട് അന്നു പലരും നെറ്റി ചുളിച്ചു. മധുമതി അന്തം വിട്ടുപോയി. അവള്‍ അന്നു വൈകുന്നേരം എന്നെത്തേടി അന്ധേരിയില്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഇവള്‍ അന്ന് കുഞ്ഞായിരിക്കും. മധുമതി ഒരു ജീനിയസ് ആണെന്ന് അന്നേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. അത് ഞാന്‍ എന്റെ റിവ്യൂയില്‍ എഴുതി. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ ഈഗൊയുടെ മുന്നണിപ്പോരാളിയായ മധുമതിക്ക് എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ചുണ്ടോടുപ്പിക്കുവാന്‍ തോന്നുന്നുണ്ടാകും.’
ഒരു നാടോടിക്കഥ കേള്‍ക്കുന്നതുപോലെ ചാരു എന്നെത്തന്നെ നോക്കിയിരുന്നു.
‘എനിക്ക് മധുമതിയോട് വലിയ ആരാധനയായിരുന്നു. അവളുടെ ചിത്രത്തെക്കുറിച്ചുള്ള എന്റെ രണ്ടു നിരൂപണങ്ങള്‍ ഞാന്‍ പാരീസിലെ ലെ മോണ്ടിക്ക് അയച്ചുകൊടുത്തു. ചിത്രങ്ങളുടെ കളര്‍ ഫോട്ടോയോടൊപ്പം മധുമതിയുടെ ചിത്രങ്ങളും ഞാന്‍ അയച്ചുകൊടുത്തു. അന്ന് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമില്ല. മുംബയില്‍ നിന്ന് വലിയൊരു ലക്കോട്ടില്‍ ഞാനീ കടലാസുകളും ചിത്രങ്ങളും പാരീസിലേക്ക് അയക്കുമ്പോള്‍ അതവിടെ എത്തിച്ചേരുമോ എന്നുപോലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. അവര്‍ അതില്‍ ചില ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. അത്തരം ചിത്രങ്ങളിലൊന്നില്‍ മധുമതിയും മകളും സ്റ്റുഡിയോയില്‍ ഇരിക്കുന്ന ചിത്രമുണ്ടായിരുന്നു. ആ ലേഖനം അച്ചടിച്ചു വന്നപ്പോള്‍ എനിക്കെത്തിച്ചു തന്നത് ബ്ലിറ്റ്‌സില്‍ ജോലി ചെയ്തിരുന്ന അമര്‍ജിത് കൗര്‍ എന്ന സര്‍ദാര്‍ണിയാണ്. ലെ മോണ്ടി പോലുള്ള പത്രങ്ങള്‍ വന്നിരുന്നത് അവിടെയായിരുന്നു.’
ചാരുമതിക്ക് ആ ചിത്രം ഓര്‍മ്മ വന്നു. എന്തൊരു കാലഘട്ടം.
‘നീ എന്റെ വീട്ടില്‍ ആദ്യമായി സ്‌റുഡിയോക്കുള്ള ഇടമന്വേഷിച്ചു വന്ന ദിവസം ഓര്‍ക്കുന്നുവോ?’
അവള്‍ തലയാട്ടി
‘നീ മധുമതിയുടെ മകളാണെന്ന് അറിഞ്ഞയുടന്‍ ഞാന്‍ എന്റെ തടസവാദങ്ങളെല്ലാം ഒഴിവാക്കി. അതാണ് ഞാനും മധുമതിയും തമ്മിലുള്ള ബന്ധം. അഥവാ എന്റെ ചിത്രനിരൂപണ ചരിത്രം.’
വീട്ടിലെത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ എനിക്ക് വലിയ ക്ഷീണം തോന്നി.
മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോള്‍ ഞാന്‍ പറഞ്ഞു:
‘ഞാന്‍ നാളെ നിങ്ങള്‍ക്കൊപ്പം എക്‌സിബിഷന്‍ഹാളിലേക്ക് വരുന്നുണ്ടാവില്ല. എനിക്ക് കുറച്ചു ജോലിയുണ്ട്.’
അന്നു രാത്രി ഞാന്‍ മനശ്ശാന്തിയുടെ പുതിയൊരു വന്‍കരയില്‍ ചെന്നുകിടന്ന് സുഖമായി ഉറങ്ങി.
രാവിലെ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചത് വാതിലിലെ മുട്ട്. ഞാന്‍ എഴുന്നേറ്റ് വാതില്‍ തുറന്നപ്പോള്‍ ചാരുമതി ചായയുമായി വാതില്‍ക്കല്‍.
ഞാന്‍ ചായ കൈയില്‍ വാങ്ങിക്കുമ്പോള്‍ അവള്‍ എന്റെ മുഖത്തേക്ക് പതറാതെ നോക്കിക്കൊണ്ട് ചോദിച്ചു:
‘ഞാന്‍ ഇന്നലെ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചതാണ്. അത് ഇന്ന് രാവിലെ ചോദിക്കുന്നതില്‍ വിരോധമുണ്ടോ?’
പുഞ്ചിരിച്ചതോടൊപ്പം ഞാന്‍ നെറ്റി ചുളിച്ചു.
‘നീഎന്നെ വിഡ്ഡിയാക്കുകയാണോ ? ചോദ്യമെന്താണെന്നറിഞ്ഞാലല്ലേ വിരോധമുണ്ടോ ഇല്ലയോ എന്ന് പറയാന്‍ കഴിയൂ?’
അവള്‍ ഉത്തരം മുട്ടിയതുപോലെ നിന്നു. എന്തോ ചിന്തിക്കുന്നതുപോലെ ഒന്നു രണ്ടു നിമിഷം ഒന്നും മിണ്ടാതെനിന്നശേഷം ചോദിച്ചു:
‘സര്‍ എന്റെ അമ്മയെ പ്രണയിച്ചിരുന്നോ?’
അവള്‍ ഞാന്‍ പറഞ്ഞതെല്ലാം കോര്‍ത്തുകെട്ടി ചിന്തിച്ചുകാണും.
ഞാന്‍ അവളെ നോക്കി കള്ളച്ചിരിയുടെ സഹായത്തോടെ ചോദിച്ചു:
‘ഉണ്ടായിരുന്നെങ്കില്‍ എന്തു ചെയ്യാന്‍?’
അവള്‍ അതിനോട് പ്രതികരിക്കാന്‍ നില്‍ക്കാതെ താഴേക്കിറങ്ങിപ്പോയി.
രാവിലെ ഒന്‍പതുമണി മുതല്‍ ഞാന്‍ മൊണ്ടാഷിന്റെ ജോലിയില്‍ മുഴുകി. ജെന്നി സാവില്ലെ, മധുമതി എന്നിവരുടെ ബൈറ്റുകള്‍ ചേര്‍ത്ത് ചെറിയൊരു ഡോക്യുമെന്റ് റിവ്യൂ തയ്യാറാക്കി ചാരുമതിക്കും ജൂഡിത്തിനും മധുമതിക്കും അയച്ചുകൊടുത്തു. നന്നായിട്ടുണ്ടെന്ന് മധുമതി മറുപടി തന്നു. ബാംഗളൂരില്‍ മധുമതിയുടെ അടുത്ത പരിപാടി എന്തെന്നുള്ള എന്റെ മെസ്സേജിന് അവള്‍ ഇങ്ങനെ മറുപടി തന്നു: ഇഫ് യു ആര്‍ ഫ്രീ ഐ വിഷ് ടു മീറ്റ് യു.
ഓക്കേ. യു ആര്‍ വെല്‍ക്കം ഹിയര്‍, ഞാന്‍ മറുപടി അയച്ചു
ഏകദേശം ഒരുമണിയോടെ ഞാന്‍ കുടിശ്ശിക ജോലികള്‍ തീര്‍ത്തു താഴേക്കിറങ്ങി ചെന്നു. ഹാളില്‍ തീന്‍മേശപ്പുറത്ത് നാല് കാസറോളുകള്‍ നിരത്തി വെച്ചിരിക്കുന്നു. അതില്‍ ഒരെണ്ണം ഞാന്‍ തുറന്നു നോക്കി. നല്ല പനീര്‍ കറിയുടെ സ്വാദൂറുന്ന ഗന്ധം.
പൂമുഖത്തുനിന്ന് മുറ്റത്തേക്കിറങ്ങുമ്പോള്‍ മാവിന്‍ തണല്‍ എന്നെ വിളിച്ചു.
വരൂ, നീ എന്നാത്മാവിന്‍ ശാദ്വലതയെ ശയ്യയാക്കി വിശ്രമിക്കൂ.
തണലിന് എന്നും സ്‌ത്രൈണതയാണെങ്കില്‍ സ്ത്രീകളെല്ലാം ജീവിതത്തില്‍ തണലായിരിക്കും. കന്യക മുതല്‍ ഗണിക വരെ. കന്യകയും ഗണികയും തമ്മില്‍ ശരീരം കൊണ്ടു നിര്‍മ്മിച്ച വ്യത്യാസം. കാല്പനിക ചര്‍മ്മംതീര്‍ക്കുന്ന പ്രതിരോധഭിത്തി.
മാവിന്‍തറയിലെ ചാരുകസേര ഉറക്കത്തെ വിളിച്ചു വരുത്താന്‍ ശേഷിയുള്ള വിശ്രമദ്വീപാണ്. അതില്‍ കിടന്നാല്‍ ഉറങ്ങിപ്പോകും. ഞാന്‍ ഉറങ്ങിപ്പോയിട്ടുണ്ട്, എത്രയോ വട്ടം, ജൂഡിത്ത്, ചാരുമതി എന്നീ സുന്ദരികള്‍ പോലും. സ്ലീപ്ജനറേറ്റര്‍. പറക്കും കമ്പളം പോലെ ഉറക്കും ചാരുകസേര. ഇതില്‍ കിടന്ന് ഏതൊക്കെ വന്കരകളില്‍ ആര്‍ക്കൊക്കെ ഒപ്പം സഞ്ചരിച്ചിട്ടുണ്ട് ഞാന്‍. കരിങ്കടലിലെ ദ്വീപുകളില്‍ ചെക്കോവിനൊപ്പം വോള്‍ഗയിലെ ചെറുവള്ളങ്ങളില്‍ ബുള്‍ഗക്കോവിനൊപ്പം പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് ബെര്‍ലിനിലേക്ക് ഫിയോഡോര്‍ മിഖയിലോവിച്ചിന്റെ സൗജന്യത്തില്‍. ബെര്‍ലിനിലെ പൗരാണിക ചുമരുകളില്‍ കൗതുകത്തോടെ നോക്കി നടക്കുന്നതിനിടെ പൊന്തിനിന്നിരുന്ന കല്ലില്‍ തട്ടി മറിഞ്ഞുവീഴാന്‍ പോയ ഫിയോഡോറിനെ ഒറ്റകൈകൊണ്ടു ചുഴറ്റിയെടുത്തു ഞാന്‍. മാറ്റിയോ കൊളംബോ എന്നെ ബൊളോണയിലെ ഗണികാലയങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി. മഡോണ സോഫിയ നല്‍കിയ വദനരതിയുടെ സ്ഖലനമനുഭവിപ്പിച്ചു, ഭഗശിശ്‌നികയുടെ രതിസ്രവം ടൈബര്‍ നദിയായ്…
ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയാണ് ആ കാര്‍ ഡോര്‍ അടഞ്ഞത്. ശബ്ദത്തിന് എങ്ങനെയൊക്കെ സഞ്ചരിക്കാമെന്ന് ഞാന്‍ മനഃപാഠം ഉരുവിട്ട നിര്‍വ്വചനങ്ങളിലൊന്നിലുമില്ല. ശബ്ദവീചി മാവിന്‍ തായ്തടിയിലും, കൊമ്പുകളിലും ചില്ലകളിലും പത്രജാലങ്ങളിലും തട്ടിത്തടഞ്ഞ് ചാരു കസേരയുടെ ഇടതു ഭാഗത്തുകൂടെ എന്നെ ഒളിഞ്ഞുനോക്കി കാതിനകത്തേക്ക് ഓടിക്കയറി.
‘ഉണരൂ ഉണരൂ, ആരോ വന്നിട്ടുണ്ട്.’
ഞാന്‍ കണ്ണു തുറന്ന് നോക്കി. വീടിന്റെ മട്ടുപ്പാവ്, ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന മേല്‍ക്കൂര.
അപ്പോള്‍ മണല്‍ത്തരികള്‍ ആരോ ചവിട്ടിമെതിക്കുന്ന നേര്‍ത്ത ശബ്ദം.
തെളിഞ്ഞ രൂപം.
മധുമതി.
‘ഉറങ്ങുകയായിരുന്നോ.’
ഒന്നു മയങ്ങിപ്പോയി എന്നു പറയുവാന്‍ ഞാന്‍ ശ്രമിച്ചുനോക്കിയെങ്കിലും ശബ്ദം പുറത്തുവന്നില്ല
മധുമതി മന്ദഹസിച്ചു.
ഞാന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് തറയില്‍ നിന്ന് താഴേക്കിറങ്ങി.
ഹാളിലെ സോഫയിലേക്കിരുന്നുകൊണ്ട് അവള്‍ ചുറ്റും നോക്കി. ഈ വീട്ടില്‍ അവള്‍ ആദ്യമായി വരികയാണ്.
‘നീ ആദ്യമായിട്ടാണിവിടെ വരുന്നത്.’
‘അതെ.’
കണ്ണില്‍ അതിശയം നിറച്ച് അവള്‍ തുടര്‍ന്നു:
‘എന്തൊരു വലിയ വീട്, എന്തൊരു പച്ചപ്പ്.’
‘താങ്ക് യു.’
‘എനിക്ക് കുറച്ചു വെള്ളം തരാമോ.’
ഞാന്‍ മേശപ്പുറത്തുവെച്ചിരുന്ന വെള്ളം നിറച്ച കുപ്പി അവള്‍ക്കു നല്‍കി.
നല്ല ദാഹമുണ്ട് അവള്‍ക്ക്, മൂന്നു കവിള്‍ വെള്ളം അകത്തു ചെന്നപ്പോള്‍ അവളുടെ ദാഹം ശമിച്ചു.
‘ഊണ് കഴിച്ചോ?’
‘ഇല്ല.’
‘മണി രണ്ടു കഴിഞ്ഞു.’
‘സാരമില്ല, ഞാന്‍ നീ വരുമോ എന്ന് കാത്തിരുന്നതാണ്.’
അവള്‍ ചിരിച്ചു.
‘താങ്ക് യു, ഞാന്‍ റെഡിയാണ്.’
ഞാന്‍ അവള്‍ക്കൊപ്പം ഡൈനിങ് ടേബിളിലേക്ക് നടന്നു.
കാസറോളുകള്‍ തുറന്ന് വീട്ടുകാരിയെപോലെ ഓരോന്നും മൂക്കുകൊണ്ട് പരിശോധിച്ച് അവള്‍ വിലയിരുത്തുന്നുണ്ടായിരുന്നു.
‘മുന്നുവിന്റെ കൈപ്പുണ്യം കൊള്ളാം, അവളിതെല്ലാം എവിടുന്ന് പഠിച്ചെടുത്തതാണാവോ.’
മധുമതി എനിക്ക് വിളമ്പിതന്നു. അവളുടെ കൈകള്‍ ഞാനിപ്പോളാണ് അടുത്തുകാണുന്നത്. മെലിഞ്ഞു നീണ്ട വിരലുകള്‍. കൈപ്പടം മുതല്‍ കൈത്തണ്ട വരെ മൈലാഞ്ചി അണിഞ്ഞിരിക്കുന്നു. വളരെ നേര്‍ത്ത ചെയിനുള്ള വാച്ച് ഇടതു കൈയ്യില്‍. വലതു കൈത്തണ്ടയില്‍ വര്‍ണ്ണപ്പകിട്ടുള്ള വളകള്‍.
‘നീ എത്ര ദിവസം ഇവിടെ ഉണ്ടാകും?’
‘രണ്ടു ദിവസത്തെ അവധി എടുത്തിട്ടുണ്ട്.’
‘ഇപ്പോള്‍ ഏത് ഓഫീസിലാണ്?’
‘ഉഅഢജ.’
‘ഓ… അപ്പോള്‍ വലിയ പണിയൊന്നും കാണില്ലല്ലോ. നിനക്ക് പെയിന്റിംഗിലേക്ക് മടങ്ങിവന്നുകൂടെ?’
‘ആഗ്രഹമില്ലാഞ്ഞിട്ടല്ല. മനസ്സ് ഒന്നിലും ഉറച്ചുനില്‍ക്കാറില്ലായിരുന്നു. ഇനി എനിക്ക് എന്തെങ്കിലും പെയിന്റിംഗുകള്‍ ചെയ്യണമെന്നുണ്ട്.’
ആത്മവിശ്വാസം പ്രകടമാക്കുന്ന വാക്കുകള്‍.
ആഹാരം കഴിഞ്ഞ് കൈകഴുകി വരുബോള്‍ ഞാന്‍ പറഞ്ഞു:
‘നിനക്ക് കിടക്കണമെങ്കില്‍ ചാരുമതിയുടെ മുറിയില്‍ കിടന്നോ. വിരിക്കാനുള്ളതെല്ലാം അതിനകത്തുകാണും.’
‘വിജയ് ജോലി ചെയ്യാന്‍ പോകുന്നോ?’
മധുമതി കസേരയിലിരുന്നു.
‘പുതിയ ഒരു വര്‍ക്ക് ആരംഭിച്ചിട്ടുണ്ടെന്ന് മുന്നു പറഞ്ഞു.’
‘തുടങ്ങിവെച്ചിട്ടുണ്ട്. ഈ പോര്‍ട്ടലിന്റെ ജോലി ഭാരം നല്ലപോലെയുള്ളതിനാല്‍ അതിന് കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുന്നില്ല.’
‘ഒരു സഹായിയെ വെച്ചുകൂടെ?’ അവള്‍ പരിഹാരം നിര്‍ദേശിച്ചു.
‘ചാരുമതി സഹായിക്കാറുണ്ട്. ലേ ഔട്ട് അവളാണ് ചെയ്യാറുള്ളത്.’
അല്പ നേരത്തെ നിശ്ശബ്ദതക്കു ശേഷം അവള്‍ പറഞ്ഞു:
‘നീ എപ്പോഴും എനിക്ക് സഹായഹസ്തവുമായി വരുന്നു. ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ പരിചയപ്പെട്ട അന്നു മുതല്‍ നീ എനിക്ക് പലതവണ താങ്ങായി. ഒരിക്കലും നീ എന്നോട് ചെറിയൊരു സഹായം പോലും ചോദിച്ചിട്ടില്ല.’
‘ചോദിക്കാതെ നീ എനിക്കൊരു പുരസ്‌കാരം തന്നു.’
‘അതിന് നിനക്കര്‍ഹതയുണ്ടല്ലോ?’
‘നമ്മള്‍ ഉപകാരങ്ങളുടെയും പ്രത്യുപകാരങ്ങളുടെയും കണക്കു നോക്കുന്നതില്‍ എന്തുകാര്യം? ഞാന്‍ മനുഷ്യബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നത് പ്രയോജനങ്ങളുടെയും ഉപകാരങ്ങളുടെയും പേരിലല്ല, സദാചാരദര്‍ശനങ്ങള്‍കൊണ്ടുമല്ല.’
അവളുടെ മുഖത്ത് വ്യഥയുടെ കരിമേഘങ്ങള്‍ പെയ്‌തൊഴിയാതെ കിടക്കുന്നത് ഞാന്‍ കാണുന്നു .
‘നീ ഇനി എന്തിനാണ് വ്യാകുല മുഖവുമായി എന്നെ കാണാന്‍ വരുന്നത്. മകളെ തിരിച്ചുകിട്ടി. നിന്റെ മോഹംപോലെ അവള്‍ രാജ്യാന്തരഖ്യാതി നേടും. അതിന്റെ ചവിട്ടുപടിയിലാണവള്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. എന്നിട്ടും നിന്റെ ചിരിക്ക് എന്തൊക്കെ അഴകുണ്ടെങ്കിലും അവിടവിടെ കരിമഷി പുരണ്ടതുപോലെ തോന്നുന്നു.’
മധുമതി എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിക്കുവാന്‍ ഒരു പാഴ്ശ്രമം നടത്തി.
‘മധുമതി, നിനക്ക് അല്പം വിശ്രമവും ഉല്ലാസവും ആവശ്യമുണ്ട്. തല്‍ക്കാലം നീയിപ്പോള്‍ ആ മുറിയില്‍ പോയി കിടക്ക്.’
ആ മുറിയുടെ താക്കോല്‍ ഞാന്‍ അവള്‍ക്ക് നല്‍കി.
അവള്‍ എഴുന്നേറ്റ് ചാരുമതി ഉപയോഗിക്കുന്ന മുറിയുടെ നേര്‍ക്ക് നടന്നു.
മുകളിലെ എന്റെ പുസ്തകശേഖരത്തില്‍ ഞാന്‍ ഒരു പുസ്തകം തപ്പിയെടുക്കാന്‍ ആലോചിച്ചുതുടങ്ങിയിട്ട് മൂന്നു നാലു മാസമായി. യൂജീന്‍ ഡെലക്രോയുടെ നാള്‍വഴികള്‍. അതില്‍ കുറച്ചുഭാഗം വായിച്ചതിനുശേഷം തുടര്‍ വായന നടന്നില്ല. കുറച്ചുകാലമായി വായന ചിട്ടയായി സംഭവിക്കുന്നില്ല. ഒരു ചിത്രകാരനെന്ന നിലയില്‍ മഹത്വമാര്‍ജ്ജിച്ച ഡെലക്രോയ് തന്റെ കൂടെ ശയിച്ച ആഫ്രിക്കന്‍ സുന്ദരിമാരെ കല്‍പ്പനയില്‍ നിര്‍മ്മിച്ചതായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. അതിനാധാരമായ നാള്‍വഴികള്‍ തേടിപ്പിടിച്ചു വായിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
ഞാന്‍ പല വട്ടം തിരഞ്ഞു നോക്കിയിട്ടും ആ പുസ്തകം കണ്ടുപിടിക്കാനായില്ല.
ആരെങ്കിലും കൊണ്ടു പോയിക്കാണുമോ?
പക്ഷേ ഇവിടെ താമസമാക്കിയതിനുശേഷം ഈ പുസ്തകത്തിനോട് അനുരാഗമുള്ള ആരും തന്നെ ഇവിടെ വന്നിട്ടില്ലല്ലോയെന്ന് ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചു.
ചില പുസ്തകങ്ങള്‍ അങ്ങിനെയാണ് എത്ര ജാഗ്രതയോടെ സൂക്ഷിച്ചുവെച്ചാലും നഷ്ടപ്പെടും.
(തുടരും)
Copy Right Reserved

ബെല്‍ അമി | അദ്ധ്യായം 22

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *