ബെല്‍ അമി | അദ്ധ്യായം 13 | രാജന്‍ തുവ്വാര
സ്‌ട്രോക്ക്
കാറ്റ് മുഖത്തേക്ക് വീശിയടിച്ചപ്പോള്‍ താഴെ വീഴുമെന്നു തോന്നി. ഒരൊറ്റ ആച്ചിലിന് ആ അഴിയില്‍ പിടുത്തം കിട്ടിയതിനാല്‍ താഴെ, അമ്പതിനായിരം അടി താഴെ ആനക്കൂട്ടങ്ങളെപ്പോലുള്ള പാറക്കെട്ടുകള്‍ തടഞ്ഞു നിര്‍ത്തിയ കടലിലേക്ക് വീണില്ല. തിരകള്‍ വരൂ വരൂ എന്ന് ആഘോഷത്തോടെ ക്ഷണിച്ചിട്ടും എനിക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല. ഭയമല്ല, മടി.
മഴ ചെറിയ തോതില്‍ മുഖം നനച്ചെന്നു തോന്നി. ഈയിടെ എല്ലാം തോന്നലുകളാണ്. തോന്നലുകളാണ് തോന്നലുകള്‍. ആരാണത് പറഞ്ഞതെന്ന് ഓര്‍മ വരുന്നില്ലല്ലോ. അല്ല, ഓര്‍മയുള്ളതുകൊണ്ടല്ലേ തോന്നലുകള്‍ ഉണ്ടായത്. ബര്‍ട്രന്‍ഡ് റസ്സലാണോ? ഹെന്റി ബെര്‍ഗ്‌സണ്‍?
ഹ… ആരെങ്കിലുമാട്ടെ. അതാ, വീണ്ടും നനവ് പടരുന്നു.
കാഴ്ച വിടരുന്നു.
പതിയെ ചതുരക്കള്ളികള്‍ തെളിഞ്ഞു വരുന്നുണ്ട്.
ഇപ്പോള്‍ ആകാശമില്ല. തനി തൂവെള്ള മേലാപ്പ്.
വീണ്ടും നനയുന്നു. ജലമാണ് സത്യം.തണുപ്പാണ് പ്രജ്ഞ.
പാട അകന്നു പോകുന്നുണ്ട്. ഇപ്പോള്‍ വെള്ള മേലാപ്പില്‍ ഒരു തവിട്ടു വൃത്തം. അതിവേഗം കറങ്ങുന്നുണ്ടത്.
വീണ്ടും നനവ്.
കാഴ്ച ഒരത്ഭുതമായി വിടരുന്നു.
പ്രജ്ഞ അതിനു പിന്നാലെ മെല്ലെ നടന്നുവരാന്‍ പാടുപെടുന്നുണ്ട്.
ഇപ്പോള്‍ മുകളില്‍ കാണുന്ന മേലാപ്പ് വെളുത്തത് തന്നെ.
അതിനു താഴെ അതിവേഗം കറങ്ങുന്ന വൃത്തമാണ് കാറ്റുകൊണ്ട് വീശിയടിക്കുന്നത്.
പങ്ക.
തണുത്ത സ്പര്‍ശം.
നെറ്റിയില്‍.
കാഴ്ചക്ക് മുന്നിലെ ആവരണം ഇപ്പോള്‍ നീങ്ങിപ്പോയിരിക്കുന്നു. നല്ല പരിചയമുള്ള മുഖം. മൂക്കുത്തി തിളങ്ങുന്നുണ്ട്. ചരടുകെട്ടിയ കണ്ണട.
ചാരുമതി .
കണ്ണു തുറന്നു,
പരിചയമുള്ള ശബ്ദം പറയുന്നു.
കാല്‍ പെരുമാറ്റം.
‘സര്‍…’
ആരോ തോളില്‍ സൗമ്യമായി തൊട്ടു വിളിക്കുന്നുണ്ട്.
പരിചിതമായ സൗമ്യത.
ചാരുമതി .
കണ്ണു തുറന്നു, ഡോക്ടറെ വിളിക്കു.
മേഘക്കൂട്ടം ഒഴുകിനീങ്ങിയതുപോലെ പ്രജ്ഞ തെളിഞ്ഞു.
ഒരു കട്ടിലില്‍ കിടക്കുകയാണ് ഞാന്‍. കൈകള്‍ അനക്കാന്‍ കഴിയുന്നില്ലല്ലോ. കെട്ടിടയിട്ടതാരാണ്.
കൈ അനക്കല്ലേ, ഒരു കൈ എന്റെ വലതുകൈയില്‍ മുറുകെപിടിച്ചു.
ഞാന്‍ തല ഒരു വശത്തേക്ക് ചെരിച്ചു. എന്റെ ഇടതു കയ്യിലൂടെ ഡ്രിപ് കയറിക്കൊണ്ടിരിക്കുന്നു.
വലതു കൈ കെട്ടി വെക്കാം രണ്ടു വട്ടം ആ ഡ്രിപ് വലിച്ചു കളയാന്‍ നോക്കി.
ചാരുമതി തന്നെ.
സ്റ്റെതെസ്‌കോപ്.
അത് താമര വള്ളിപോലെ കഴുത്തില്‍
How do you feel now?
ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.
You are ok now.
ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ട് ചാരുമതി ചോദിച്ചു:
‘എഴുന്നേറ്റിരിക്കണോ?’
‘ങാ…’
അവള്‍ എന്നെ പതിയെ എഴുന്നേല്‍പ്പിച്ചിരുത്തി.
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ അന്വേഷണം അവള്‍ തിരിച്ചറിഞ്ഞു.
‘നമ്മള്‍ ആശുപത്രിയിലാണ്.’
ആശുപത്രി മണം.
‘എന്തെങ്കിലും കുടിക്കണോ?’
ചുണ്ടു വരളുന്നു, ചുണ്ടുമാത്രമല്ല പ്രഞ്ജയും ചുട്ടുപൊരിയുന്നു ഞാന്‍ പറഞ്ഞ വാക്കുകള്‍ക്ക് ശബ്ദമില്ലെന്ന് ചാരുമതിയുടെ മുഖം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി.
രണ്ടു ദിവസം വേണ്ടിവന്നു ജീവിതം സാധാരണ മട്ടിലാകുവാന്‍.
ആ ആഘാതത്തിന്റെ ചരിത്രം ഇങ്ങനെയാണ്:
മൂന്നുദിവസം മുന്‍പ് രാവിലെ പ്രാതലിന് ഞാന്‍ പത്തുമണി കഴിഞ്ഞും താഴെ വന്നില്ല. മുകളിലെവിടെയും ശബ്ദമോ അനക്കമോ ഇല്ല. ജൂഡിത്ത് മുകളില്‍ എന്റെ മുറിയില്‍ വന്നു നോക്കിയപ്പോള്‍ ഞാന്‍ കസേരയില്‍ നിന്ന് താഴെ വീണു കിടക്കുന്നത് കണ്ടു. ജൂഡിത്ത് അലമുറയിട്ടപ്പോള്‍ ചാരുമതി മുകളിലേക്ക് ഓടിയെത്തി. രണ്ടുപേരും ചേര്‍ന്ന് എന്നെ താഴേക്കിറക്കുവാന്‍ കഷ്ടപ്പെട്ടു. ചാരുമതിയുടെ കാറില്‍ എന്നെ അവര്‍ രണ്ടുപേരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.
വൈകാതെ ആശുപത്രിയില്‍ എത്തിയതുകൊണ്ട് ഹെമറേജ് ഉണ്ടാ യില്ല. രക്ഷപ്പെട്ടു.
എനിക്ക് ബോധം തിരിച്ചുകിട്ടിയതിന്റെ പിറ്റേന്ന് രാവിലെ ഡോക്ടര്‍ വന്നപ്പോള്‍ എന്നെ എങ്ങനെയെങ്കിലും ഡിസ്ചാര്‍ജ് ചെയ്തു തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. ഞാന്‍ എന്റെ ജോലിയെക്കുറിച്ചു പറഞ്ഞു. ഡോക്ടര്‍ എന്നെക്കുറിച്ച് കേട്ടിട്ടുണ്ട്.
ഡോക്റ്റര്‍ പറഞ്ഞു.
‘സര്‍, ഇവിടെ അഡ്മിറ്റാകുമ്പോള്‍ അല്പം ക്രിട്ടിക്കലായിരുന്നു. ഭാഗ്യം കൊണ്ട് അധികം വൈകാതെ ഇവിടെ എത്തിയതുകൊണ്ട് പ്രശ്‌നമില്ല. വീട്ടില്‍ ശ്രദ്ധിച്ചുകൊള്ളാം എന്ന ഉറപ്പിന്മേല്‍ ഞാന്‍ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാം. ഞങ്ങള്‍ ഇവിടെ കുറച്ചു സമയം നടത്തിക്കും. അതിനുശേഷം ഒബ്‌സര്‍വേഷനില്‍ ഇടും. എന്നിട്ട് കുഴപ്പമൊന്നും കണ്ടില്ലെങ്കില്‍മാത്രം പോകാം.’
അന്നു വൈകുന്നേരം ഞാന്‍ ആശുപത്രി വിട്ടു.
‘നിങ്ങളാരുമില്ലായിരുന്നെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗസ്ഥനാകുമായിരുന്നു.’ എലിയനോറ പള്ളിയിലെ പാതിരിയാകുവാന്‍ ശ്രമിക്കുന്നമട്ടില്‍ ഞാന്‍ പറഞ്ഞു.
ചാരുമതി ഒന്നും മിണ്ടിയില്ല. അവള്‍ക്ക് ഞാന്‍ പറഞ്ഞത് ഇഷ്ടമായില്ലെന്ന് തോന്നുന്നു.
കാറില്‍ നിന്നിറങ്ങി ഞാന്‍ പരസഹായമില്ലാതെ നടക്കാനൊരുങ്ങിയപ്പോള്‍ ജൂഡിത്ത് എന്റെ തോളില്‍ കൈയിട്ടു. അവളുടെ ശരീരത്തിന്റെ സുഖകരമായ ചൂട് ഞാന്‍ നുകര്‍ന്നു. ഹാളിലെ സോഫയില്‍ എന്നെ കിടത്തിയശേഷം ജൂഡിത്ത് തലക്കലിരുന്ന് എന്റെ തലയെടുത്ത് അവളുടെ മടിയില്‍ വെച്ചു. ഒരു കുഞ്ഞിനെ തലോടുന്നതു പോലെ അവളെന്റെ ശിരസ്സില്‍ തലോടി.
‘ഇന്നിനി മുകളിലേക്ക് പോകണ്ട. താഴെ ധാരാളം സ്ഥലമുണ്ട്.’
ഹാളിലേക്ക് കയറി വന്നുകൊണ്ട് ചാരുമതി പറഞ്ഞു.
‘എനിക്ക് ഒരു പാട് ജോലിയുണ്ട്. മുകളില്‍ എന്റെ മുറിയില്‍ പോകാതിരിക്കാനാവില്ല.’
‘അത് നാളെ ചെയ്യാം. ഞങ്ങള്‍ രണ്ടുപേരും സഹായിക്കാം.’
അപ്പോഴാണ് പെട്ടെന്ന് എനിക്കൊരു കാര്യം തോന്നിയത്.
‘ആശുപത്രി ബില്‍ ആരു കൊടുത്തു? എത്ര രൂപയായി?’
‘അതൊക്കെ നമുക്ക് പിന്നെ പറയാം. ഇപ്പോള്‍ വിശ്രമിക്കു.’
‘അത് പറ്റില്ല’ ഞാന്‍ പറഞ്ഞു:
‘ആവശ്യമുള്ളത്ര പണം എന്റെ കൈയിലുണ്ട്.’
‘അതൊക്കെ നമുക്ക് നാളെ സംസാരിക്കാം.’
അവര്‍ എന്നെ ചാരുമതിയുടെ മുറിയില്‍ കിടത്താനുള്ള ഏര്‍പ്പാടുണ്ടാക്കി.
‘നിങ്ങളെന്തിനാ ഇത്രക്ക് കഷ്ടപ്പെടുന്നത്, ഞാന്‍ ഇവിടെ സുഖമായി കിടന്നോളാം.’
അതുകേട്ട് ജൂഡിത്ത് ചിരിച്ചു
‘എഴുത്തുകാരാ, അങ്ങേക്ക് വിശ്രമമാവശ്യമാണ്. അതിന്റെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വിട്ടുതരു.’
അന്നു രാത്രി ഞാന്‍ ചാരുമതിയുടെ മുറിയില്‍ ഉറങ്ങി.
ചാരു ജൂഡിത്തിനൊപ്പം അവളുടെ മുറിയില്‍ ഉറങ്ങി.
(തുടരും)
Copy Right Reserved