◼️നെടുമ്പാശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണു ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ദേശീയപാതാ അതോറിറ്റിയെ വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തില്‍ ദേശീയ പാതാ അതോറിറ്റ്ി വീഴ്ച വരുത്തുകയാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നില്ല.ദേശീയ പാതയ്ക്ക് കീഴിലുള്ള റോഡില്‍ സംസ്ഥാനത്തിന് നടപടി എടുക്കാന്‍ കഴിയില്ല. എങ്കിലും വിഷയം ഗൗരവത്തോടെ കാണുമെന്നും മന്ത്രി പറഞ്ഞു. പറവൂര്‍ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിം(52),വെള്ളിയാഴ്ച രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.
◼️കെഎസ്ആര്‍ടിസി ഡീസല്‍ പ്രതിസന്ധിയില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി. വിശദാംശങ്ങള്‍ ഇന്നു തന്നെ അറിയിക്കാന്‍ സിഎംഡി ബിജു പ്രഭാകറിന് നിര്‍ദേശം നല്‍കി. ഡീസല്‍ ഇല്ലാത്തതിനാല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചാണ് മന്ത്രി വിശദീകരണം തേടിയത്.
◼️ഡീസല്‍ പ്രതിസന്ധി തുടരുന്നത് മൂലം ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് വെട്ടിക്കുറച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും സര്‍വീസുകള്‍ മുടങ്ങിയതോടെ ജനം വലഞ്ഞു. ചില ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തി വച്ചു.
KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com
◼️വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സര്‍ക്കാരിനെ മറികടന്ന് സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവര്‍ണ്ണറുടെ നടപടി ചട്ടപ്രകാരം എന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സേര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് കേരള സര്‍വ്വകലാശാല പ്രതിനിധി പിന്മാറിയിരുന്നു. ഇതില്‍ ഗവര്‍ണ്ണര്‍ അതൃപ്തനാണ് എന്ന് റിപ്പോര്‍ട്ടുകള്‍.
◼️വിലക്കയറ്റത്തിനെതിരായ ജനാധിപത്യ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനും ധ്രുവീകരണത്തിനുള്ള ശ്രമമാണ് അമിത് ഷാ നടത്തുന്നതെന്ന് കോണ്‍ഗ്രസ്സ് . ഇഡി റെയ്ഡിനും വിലക്കയറ്റത്തിനും ജി എസ് ടി ക്കുമെതിരെ പാര്‍ലമെന്റില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയപ്രതിഷേധ മാര്‍ച്ചിനെക്കുറിച്ച് അമിത് ഷാ പറഞ്ഞതിനെതിരേ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.പ്രതികരിച്ചു. ‘രോഗാതുരമായ ഒരു മനസ്സിന് മാത്രമേ ഇത്തരം വ്യാജ വാദങ്ങള്‍ ഉന്നയിക്കാന്‍ കഴിയൂ. പ്രതിഷേധം എത്തേണ്ടയിടത്ത് എത്തിയെന്നാണ് ഇത് തെളിയിക്കുന്നത്’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധം രാമക്ഷേത്ര സ്ഥാപക ദിനവുമായി ബന്ധപ്പെടുത്തി അമിത് ഷാ ഇന്നലെ സംസാരിച്ചിരുന്നു.
◼️ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് തെരഞ്ഞെടുപ്പ്.എന്‍ ഡി എ സ്ഥാനാര്‍ഥി പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണ്ണര്‍ ജഗദീപ് ധന്‍കറും പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് ആല്‍വയുമാണ്.തൃണമൂല്‍ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. ജഗദീപ് ധന്‍കറിന്റെ വിജയം ഉറപ്പാണെങ്കിലും ഔദ്യോഗികമായ ഫലപ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാകും.
ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കഴിയില്ലെന്ന ആക്ഷേപവുമായി പ്രോസിക്യൂഷനും അതിജീവിതയും വിചാരണകോടതിയില്‍. സിബിഐ കോടതിക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
◼️ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും നീരൊഴുക്ക് കൂടിയതിനാലാണ് ജലനിരപ്പ് ഉയരുന്നത് . ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും എന്ന് നേരത്തെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.മഴ കുറഞ്ഞതിനാല്‍ പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് താഴ്ന്നു.
◼️ഇടുക്കി അണക്കെട്ട് നാളെ തുറക്കും.എന്നാല്‍ കുറച്ചു വെള്ളം മാത്രമേ തുറന്നു വിടൂ എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നാളെ രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
◼️ആലപ്പുഴ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ദേശീയ ദുരന്ത പ്രതികരണ സേന എത്തി. രാവിലെ കളക്ട്രേറ്റില്‍ എത്തിയ സംഘം കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുമായി കൂടിക്കാഴ്ച നടത്തി. 21 പേരടങ്ങുന്ന സംഘമാണ് തമിഴ്നാട്ടില്‍ നിന്നും എത്തിയത്. നിലവില്‍ ജില്ലയില്‍ ഗുരുതര സാഹചര്യം ഇല്ലെന്നും ജലനിരപ്പ് നിരീക്ഷിച്ച് വരികയാണെന്നും കളക്ടര്‍ പറഞ്ഞു.
◼️കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നു എന്നതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ കൂട്ടണം എന്നറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കാനും ടിപിആര്‍ കൂടിയ ഇടങ്ങള്‍, രോഗ ക്ലസ്റ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കത്തില്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
◼️മൂന്നാര്‍ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനില്‍ രാത്രി ഒരു മണിയോടെ ഉരുള്‍പൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി ആണ് ഉരുള്‍പൊട്ടിയത് അതിനാല്‍ ആളപായമില്ല. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു.
◼️ചാലക്കുടിയില്‍ റോഡില്‍ വെള്ളക്കെട്ടായതിനാല്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകള്‍ക്ക് തോട്ടില്‍ വീണ് പരിക്കേറ്റു. ട്രെയിന്‍ വരുന്നത് കണ്ടു മാറിനിന്ന ഇവര്‍ ശക്തമായ കാറ്റില്‍ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
◼️ഇടുക്കി ചെറുതോണിയില്‍ 70 അടി താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുഴയിലേക്ക് വീണ യുവതി രക്ഷപെട്ടു. രാത്രി 7 .30 ന് എതിര്‍ ദിശയില്‍ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ കാര്‍ പുഴയിലേക്ക് വീഴുകയായിരുന്നു.
◼️എറണാകുളം വൈറ്റിലയില്‍ അരൂര്‍ ദേശീയപാതയില്‍ കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചു വീണ അദ്ദേഹത്തിന്റെ പുറത്തുകൂടെ മറ്റൊരു കാര്‍ ഇടിച്ചു കയറിയാണ് മരണമുണ്ടായത്. ഇന്നലെ നെടുമ്പാശ്ശേരി ദേശീയ പാതയിലും സമാനമായ രീതിയില്‍ ഒരു അപകടം ഉണ്ടായിരുന്നു.
◼️കോഴിക്കോട് ജില്ലയില്‍ നിന്ന് കാണാതായ മറ്റൊരു യുവാവിന്റെ തിരോധാനത്തിലും സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം. ഖത്തറില്‍ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കല്‍ പറമ്പത്ത് റിജേഷ്( 35) നെയാണ് ജൂണ്‍ 16 മുതല്‍ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി. പലതവണ റിജേഷിന്റെ വീട്ടില്‍ അജ്ഞാതര്‍ അന്വേഷിച്ചെത്തിയതായി വീട്ടുകാരുടെ പരാതിയില്‍ പറയുന്നു.
◼️സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. പുറക്കാട്ടിരി പുഴയില്‍ ഒരാള്‍ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്‌സാക്ഷി സജിലേഷ് പറഞ്ഞത്.പുഴയിലുണ്ടായിരുന്ന ഒരു തോണിക്കാരന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വെള്ളം കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചു. ആ സമയം പാലത്തിന് മുകളില്‍ ഒരു ചുവന്ന കാര്‍ നിര്‍ത്തിയിട്ടിരുന്നു.
◼️മദ്യപിച്ചയാള്‍ ഓടിക്കുന്ന വാഹനം അപകടത്തില്‍ പെട്ടാല്‍ അതിലെ യാത്രക്കാര്‍ക്കെതിരെയും കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം യാത്രക്കാര്‍ക്ക് മേലെയും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. 2013ല്‍ മറീന ബീച്ചിന് സമീപം മൂന്ന് വഴിയാത്രക്കാര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ നിന്ന് ഒഴിവാക്കണം എന്ന് കാട്ടി സഹയാത്രികയായിരുന്ന ഡോക്ടര്‍ ലക്ഷ്മി നല്‍കിയ ഹര്‍ജി തള്ളി ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയാണ് വിധി പുറപ്പെടുവിച്ചത്
◼️മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ ഗൈസാബാദ് പഞ്ചായത്തിലേക്ക് വിജയിച്ച വനിതാ അംഗങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ അവര്‍ക്കു പകരം സത്യപ്രതിജ്ഞ ചൊല്ലി. 10 വനിതാ മെമ്പര്‍മാരില്‍ 3 പേര്‍ മാത്രമാണ് സത്യപ്രതിജ്ഞക്ക് എത്തിയത് . ബാക്കി 7 പേരുടെയും വീട്ടിലെ പുരുഷന്മാര്‍ സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. പഞ്ചായത്ത് സെക്രട്ടറിയാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
◼️ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 40 പാലസ്തീന്‍കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന്‍. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുതിര്‍ന്ന ഇസ്ലാമിക തീവ്രവാദിയും മറ്റൊരാള്‍ അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലസ്തീന്‍ ജിഹാദികള്‍ ഇസ്രയേലിനെതിരേ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്.
◼️തെക്ക്-കിഴക്കന്‍ തായ്ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയിലെ ഒരു നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല.
◼️അമേരിക്കന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പലോസി തായ്വാന്‍ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ചൈന അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വെട്ടിച്ചുരുക്കി. കാലാവസ്ഥ വ്യതിയാനം, അഭയാര്‍ത്ഥി പ്രശ്‌നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചര്‍ച്ച എന്നീ വിഷയങ്ങളില്‍ നിന്നാണ് ചൈന പിന്മാറിയത്. ഇതില്‍ പ്രതിഷേധിച്ച് അമേരിക്ക ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി ചൈനയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയില്‍ പ്രതിഷേധമറിയിച്ചു.
◼️സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില പരിഷ്‌കരിച്ചു. ഇന്ന് ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകള്‍ക്കു ശേഷം രണ്ടാം തവണ 240 രൂപ വര്‍ദ്ധിപ്പിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് രാവിലെ 40 രൂപ കുറഞ്ഞു. വീണ്ടും 30 രൂപ വര്‍ദ്ധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4730 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്ന് രാവിലെ 35 രൂപ കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും 25 രൂപ ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3925 രൂപയാണ്.
◼️റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ 0.50 ശതമാനം ഉയര്‍ത്തിയതിന് പിന്നാലെ വായ്പാപ്പലിശ വര്‍ദ്ധിച്ച് മുന്‍നിര ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കും. റിപ്പോ അധിഷ്ഠിത എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഐ-ഇ.ബി.എല്‍.ആര്‍) ഇന്നലെ പ്രാബല്യത്തില്‍ വന്നവിധം 9.10 ശതമാനമായാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ഉയര്‍ത്തിയത്. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് (ആര്‍.എല്‍.എല്‍.ആര്‍) 7.40 ശതമാനത്തില്‍ നിന്ന് 7.90 ശതമാനത്തിലേക്കാണ് പി.എന്‍.ബി വര്‍ദ്ധിപ്പിച്ചത്. മറ്റ് ബാങ്കുകളും വൈകാതെ പലിശനിരക്ക് ഉയര്‍ത്തിയേക്കും.
◼️അമല പോള്‍ നായികയാവുന്ന ചിത്രമാണ് ‘അതോ അന്ത പറവൈ പോല’. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറാണ്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം. പല കാരണങ്ങളാല്‍ വൈകിയ ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 26ന് ആണ് ചിത്രം റിലീസ് ചെയ്യുക. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍.
◼️പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ ‘തീര്‍പ്പി’ന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സിനിമയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും ടീസര്‍ നല്‍കുന്നില്ല. രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു കുറുപ്പ്, വിജയ് ബാബു, പ്രിയ ആനന്ദ്, ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈക്കോളജി ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
◼️വിവിധ മോഡലുകള്‍ക്ക് 60,000 രൂപവരെ ആനുകൂല്യങ്ങളുമായി ടാറ്റാ മോട്ടോഴ്‌സ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹാരിയര്‍, സഫാരി എന്നിവയ്ക്ക് 60,000 രൂപവരെയും അള്‍ട്രോസിനും ടിയാഗോയ്ക്കും 25,000 രൂപവരെയും ടിഗോറിന് 20,000 രൂപവരെയും ആനുകൂല്യങ്ങള്‍ നേടാം. ഓണ്‍റോഡ് വിലയുടെ 95 ശതമാനം വരെ ലഭിക്കുന്ന വായ്പാ ഓഫറുമുണ്ട്. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാവാത്തവര്‍ക്ക് ഏഴുവര്‍ഷ കാലാവധിയില്‍ വായ്പ ലഭ്യമാണ്. 16 ശതമാനമാണ് ടാറ്റയുടെ വിപണിവിഹിതം. ദേശീയ വിപണിവിഹിതം 2020ലെ 4.80 ശതമാനത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം 12.10 ശതമാനത്തിലേക്ക് കമ്പനി മെച്ചപ്പെടുത്തിയിരുന്നു. കേരളത്തില്‍ എസ്.യു.വികളില്‍ നായകസ്ഥാനം ടാറ്റയ്ക്കാണ്.
◼️പ്രണയത്തിന്റെ ഉന്മാദം നിലാവായിപ്പെയ്യുന്ന പാതിരാവുകളുടെ രഹസ്യംപറയുന്ന നോവല്‍. നോവുകളും കാമനകളും ഉരുകിച്ചേര്‍ന്ന ഇതിലെഅരുന്ധതി കേവലമൊരു കഥാപാത്രമല്ല, നാല്പതു കഴിഞ്ഞ മലയാളിപ്പെണ്മയുടെ ചരിത്രവായനയും രചനയും കൂടിയാണ്. അനിശ്ചിതമായ ഒരു ഭാവിയില്‍ ഒന്നിച്ചുചേര്‍ന്നേക്കാവുന്ന സമാന്തരരേഖകള്‍ പോലെ നീളുന്ന രണ്ട് ജീവിതയാത്രകളാണ് ഉന്മാദിനിയായ പാതിരാവിന്റെ ഉള്ളടക്കം. ‘ഉന്മാദിനിയായ പാതിരാവ്’.
ജയശ്രീകുമാര്‍. ഗ്രീന്‍ ബുക്സ്. വില 123 രൂപ.
◼️മഴയോ തണുപ്പോ ഉള്ള അന്തരീക്ഷങ്ങളിലാണ് കൂടുതല്‍ പേരും ചോളം കഴിക്കാന്‍ തെരഞ്ഞെടുക്കാറ്. തീര്‍ച്ചയായും ഇത് മഴക്കാലത്തിന് യോജിച്ചൊരു ഭക്ഷണം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചോളം മഴക്കാലത്ത് കഴിക്കാന്‍ അനുയോജ്യമായ ഭക്ഷണമാണെന്നതിന് പുറമെ ഇത് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ചോളം മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുവെന്നത് മിക്കവര്‍ക്കും പുതിയ അറിവായിരിക്കും. മുടിയില്‍ നര കയറിയവര്‍ക്ക് ഇത് കുറയ്ക്കാനും ആകെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ചോളം സഹായകമാണ്. ചോളത്തിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രശ്നങ്ങളകറ്റി വയറിന് സുഖം പകരും. പൊതുവേ മഴക്കാലത്ത് നേരിടുന്ന മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ രീതിയില്‍ ചോളം സഹായകമാണ്. ഫൈബറിന്റെ വളരെ സമ്പന്നമായൊരു ഉറവിടം തന്നെയാണ് ചോളം. രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്തുന്നതിനും ചോളം ഏറെ സഹായകമാണ്. അതിനാല്‍ തന്നെ പ്രമേഹരോഗികളും മിതമായ അളവില്‍ ചോളം കഴിക്കുന്നത് നല്ലതാണ്. പുഴുങ്ങിയോ, റോസ്റ്റ് ചെയ്തോ പാറ്റീസോ റൊട്ടിയോ ആക്കിയോ എല്ലാം ചോളം കഴിക്കാവുന്നതാണ്. എന്നാല്‍ സാധാരണ നമുക്ക് മാര്‍ക്കറ്റില്‍ നിന്ന് കിട്ടുന്ന നാട്ടുചോളത്തിന് മാത്രമേ ഈ ഗുണങ്ങളെല്ലാം ഉള്ളൂ. അമേരിക്കന്‍ കോണ്‍, പോപ് കോണ്‍ എന്നിവയ്ക്കൊന്നും ഈ ഗുണങ്ങളില്ല.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.65, പൗണ്ട് – 95.81, യൂറോ – 80.85, സ്വിസ് ഫ്രാങ്ക് – 82.53, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.84, ബഹറിന്‍ ദിനാര്‍ – 210.54, കുവൈത്ത് ദിനാര്‍ -258.77, ഒമാനി റിയാല്‍ – 206.15, സൗദി റിയാല്‍ – 21.12, യു.എ.ഇ ദിര്‍ഹം – 21.68, ഖത്തര്‍ റിയാല്‍ – 21.80, കനേഡിയന്‍ ഡോളര്‍ – 61.38