◼️സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴക്ക് നേരിയ ശമനമുണ്ടെങ്കിലും അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട്. വ്യഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ ഡാമുകളിലേക്ക് വെള്ളം ഒഴുകിയെത്തുകയാണ്.
◼️മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നു. സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. രാവിലെ ഷട്ടര്‍ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ തമിഴ്നാട് ഒരു മണിയോടെയാണ് ഒടുവില്‍ ഷട്ടര്‍ തുറന്നത്.
◼️തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. പണപ്പെരുപ്പം ഉയരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. നാണ്യപ്പെരുപ്പം നിയന്ത്രിക്കാനാണ് മൂന്നാം ഘട്ട പലിശ വര്‍ധന. റിപ്പോ നിരക്ക് വര്‍ധനയുടെ ആഘാതം വിപണിയില്‍ പ്രതിഫലിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രതയിലാണ്.
KSFE GOLD LOAN
മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് KSFE നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com
◼️ഇഡി റെയ്ഡിനും വിലക്കയറ്റത്തിനും ജി എസ് ടി ക്കുമെതിരെ പാര്‍ലമെന്റില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഒരു മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളേയും അറസ്റ്റ് ചെയ്ത് കിങ്‌സ് വേ ക്യാമ്പ് പോലീസ് സ്റ്റേഷനിലക്ക് നീക്കി. കറുപ്പ് വസ്ത്രം ധരിച്ചാണ് എല്ലാവരും സമരത്തിനെത്തിയത് .
◼️ഇന്ത്യയിലെ ഏകാധിപത്യത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നു. ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ല. കേസുകളില്‍ കുടുക്കി ജയിലിലിടുന്നു. അന്വേഷണ ഏജന്‍സികളിലൂടെ സമ്മര്‍ദ്ദത്തിലാക്കുന്നു. രാഹുല്‍ വിമര്‍ശിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്നും എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നുവെന്നും പറഞ്ഞ രാഹുല്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും ചോദിച്ചു.
◼️സംസ്ഥാനത്ത് റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല.
ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് , പിണറായി വിജയന്‍ സ്റ്റാലിന് കത്തെഴുതി. അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കുന്നതിനു വേണ്ടി തമിഴ്നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
◼️സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി. ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് കത്തിലെ ആവശ്യം.സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികമായ 1972 ഓഗസ്റ്റ് 14 ന് രാത്രി ഗവര്‍ണറുടെ സാന്നിദ്ധ്യത്തില്‍ കേരള നിയമസഭ പ്രത്യേക സമ്മേളനം ചേര്‍ന്നതും നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി 1987 ഓഗസ്റ്റ് 13 ന് പ്രത്യേക സിറ്റിംഗ് നടത്തിയതും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
◼️വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുനക്രമീകരിച്ചു. പത്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ളവരെ കേരളശ്രീ പുരസ്‌കാരത്തിനും പത്മഭൂഷണ്‍ നേടിയിട്ടുള്ളവരെ കേരളശ്രീ, കേരളപ്രഭ എന്നീ പുരസ്‌കാരങ്ങള്‍ക്കും പത്മവിഭൂഷണ്‍ നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങള്‍ക്കും പരിഗണിക്കില്ല. പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കുന്നവരുടെ മേഖലയില്‍ കൃഷി, മറ്റ് മേഖലകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി. മത്സ്യബന്ധനം തുടങ്ങിയ പ്രാഥമിക ഉത്പാദനമേഖലകള്‍, സംസ്ഥാനത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുന്നവരും സംസ്ഥാനത്തെ സാംസ്‌കാരിക രംഗത്തെ പരിപോഷിപ്പിക്കുന്നവരും മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സാമൂഹ്യ വനവത്കരണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ ഏര്‍പ്പെടുന്നവരും മേല്‍പ്പറഞ്ഞ മേഖലകളില്‍ ഉള്‍പ്പെടാത്ത വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ മറ്റ് വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
◼️പൊലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പണിയാനായി അനുവദിച്ച തുക വകമാറ്റി വില്ലകളും ഓഫീസും പണിത മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റയുടെ നടപടി സര്‍ക്കാര്‍ അംഗീകരിച്ചത് ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് എന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഫണ്ട് വിനിയോഗത്തെ ഇത് കാര്യമായി ബാധിക്കുമെന്ന് നേരത്തേ ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഫണ്ട് വകമാറ്റിയതിനെ എ ജി യും വിമര്‍ശിച്ചിരുന്നു.
◼️സംസ്ഥാനത്ത് ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഇന്ന് നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാന വ്യാപകമായി പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. നാളെ 25 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ മാത്രമേ സര്‍വീസ് നടത്തൂ എന്നും ഞായറാഴ്ച ഓര്‍ഡിനറി ബസ്സുകള്‍ പൂര്‍ണമായും ഓടില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. എണ്ണ കമ്പനികള്‍ക്ക് വന്‍ തുക കുടിശ്ശിക ആയതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യമാകാതെ വന്നതാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
◼️കെ.എസ്.ആര്‍.ടി.സി മരണത്തിലേക്ക് അടുക്കുകയാണെന്നും അതിന്റെ സൂചനയാണ് സര്‍വീസ് നിര്‍ത്തലാക്കല്‍ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ എസ് ആര്‍ ടി സിയെ അടച്ചുപൂട്ടാനാണ് നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 5 ഇരട്ടിയായി ഉയര്‍ന്നുവെന്നും സതീശന്‍ വിമര്‍ശിച്ചു.
◼️അട്ടപ്പാടി മധുകൊലക്കേസില്‍ തിങ്കളാഴ്ച മുതല്‍ ദിവസേന അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കുമെന്ന് കോടതി. ഓഗസ്റ്റ് 31നകം വിചാരണ പൂര്‍ത്തിയാക്കണം എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കൂടുതല്‍ പേരെ ഒരുമിച്ചു വിസ്തരിക്കാന്‍ നടപടിയെടുത്തത്. അതെ സമയം ഇന്ന് വിസ്താരത്തിന് എത്തേണ്ടിയിരുന്ന രണ്ടു സാക്ഷികളും ഹാജരായില്ല.
◼️കോട്ടയം പാറെചാലില്‍ ഒഴുക്കില്‍പെട്ട കാറില്‍ നിന്നും നാലംഗ കുടുംബത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നാല് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.
◼️നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണംകണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ കൊച്ചിയില്‍ എത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയെ ആലുവയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രക്ത സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
◼️എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായ ഹണി എം വര്‍ഗീസിനെ തന്റെ കേസിലെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട അതിജീവിതയുടെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ചുമതലയില്‍ ഹണി എം വര്‍ഗീസ് തുടരും.
◼️കരുവന്നൂര്‍ ബാങ്കിലെ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കുന്നതിനായി 35 കോടി രൂപ അടിയന്തിരമായി നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി മന്ത്രി വി എന്‍ വാസവന്‍. സഹകരണ ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് 10 കോടിയും കേരള ബാങ്കില്‍ നിന്ന് 25 കോടിയും കരുവന്നൂര്‍ ബാങ്കിന്റെ ആസ്തിയിന്മേല്‍ അനുവദിക്കും. നിക്ഷേപങ്ങള്‍ സമയബന്ധിതമായി തിരിച്ചു നല്‍കാന്‍ ബുദ്ധിമുട്ടുന്ന സഹകരണ ബാങ്കുകളെ സഹായിക്കാനുള്ള കര്‍മ്മ പദ്ധതി രൂപീകരിക്കുന്നത് വഴി സഹകരണ ബാങ്കുകളെ മികവുറ്റതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.
◼️ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാം സഹ തടവുകാരന്റെ കാലില്‍ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിലാണ് പുതിയ കേസ്. വധശിക്ഷക്ക് വിധിക്കപ്പെട്ട് പൂജപ്പുരയില്‍ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേര്‍ന്ന് നസീറെന്ന സഹതടവുകാരന്റെ കാലില്‍ ചൂടുവെളളം ഒഴിച്ചുവെന്ന കേസില്‍ പോലിസ് അന്വേഷണം തുടങ്ങി.
◼️എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡന പരാതിയിന്മേല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ കോടതിയിലായിരിക്കും. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിലാണ് സിവിക് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം രജിസ്ട്രര്‍ ചെയ്ത പീഡന പരാതിയില്‍ ഉപാധികളില്ലാതെ ജാമ്യം ലഭിച്ചിരുന്നു.
◼️കനത്ത മഴയില്‍ ഒറ്റപ്പെട്ടുപോയ തൃശ്ശൂര്‍ മുക്കുംപുഴ ആദിവാസി കോളനിനിവാസികള്‍ക്ക് വനത്തിനകത്ത് സഹായമെത്തിച്ച് ആരോഗ്യ വകുപ്പ്. ഒറ്റപ്പെട്ടു പോയവരുടെ കൂട്ടത്തില്‍ ഗര്‍ഭിണികളും ഉണ്ടായിരുന്നു. ഗര്‍ഭിണികളില്‍ ഒരാള്‍ കാട്ടില്‍ വച്ച് തന്നെ പ്രസവിച്ചിരുന്നു. വനം വകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇവരെ വനമധ്യത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. വളരെ സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്.
◼️പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം വെളിപ്പെടുത്തിയ കേസിലെ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സുപ്രീം കോടതി സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയത്. റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു.
◼️കോഴിക്കോട് പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മൃതദേഹമാണ് കൊയിലാണ്ടി കടപ്പുറത്ത് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം. ജൂലൈ പതിനേഴിന് കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മറ്റൊരു യുവാവിന്റെതെന്ന് കരുതി സംസ്‌കരിച്ചിരുന്നു.
◼️സംസ്ഥാനത്ത് ഇന്ന് രണ്ട് തവണ ഉയര്‍ന്നു. രാവിലെ ഉയര്‍ന്ന സ്വര്‍ണവില വീണ്ടും ഉച്ചയ്ക്ക് ഉയര്‍ത്തി. 200 രൂപയുടെ വര്‍ധനവാണ് വീണ്ടും ഉണ്ടായത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില ഇതോടെ 38,200 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് രാവിലെ 35 രൂപ ഉയര്‍ന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4750 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ 30 രൂപ ഉയര്‍ന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ് ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3945 രൂപയാണ്.
◼️പ്രവാസികള്‍ക്കും നാട്ടിലെ വിവിധ തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കാന്‍ സൗകര്യം ഒരുക്കുന്ന വിധം ഭാരത് ബില്‍ പേയ്മെന്റ് സംവിധാനം പരിഷ്‌കരിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. നിലവില്‍ ആഭ്യന്തര തലത്തില്‍ ഈ സംവിധാനം നിരവധി ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. നാട്ടില്‍ പ്രവാസികളുടെ പണത്തെ ആശ്രയിച്ച് ജീവിക്കുന്ന ബന്ധുക്കള്‍ക്കാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക. നിലവില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പേയ്മെന്റ് സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്. സ്‌കൂള്‍, കോളജ് ഫീസ്, മറ്റു പതിവായുള്ള ബില്ലുകള്‍ എന്നിങ്ങനെ നാട്ടില്‍ വരുന്ന ചെലവുകള്‍ വിദേശത്ത് നിന്ന് തന്നെ പ്രവാസികള്‍ക്ക് അടയ്ക്കാന്‍ കഴിയും വിധം പ്ലാറ്റ്ഫോം പരിഷ്‌കരിക്കും. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് നടപ്പാക്കിയത്.
◼️ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്ത പീസ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രം വേറിട്ട ദൃശ്യഭാഷയിലുള്ള ഒന്നായിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന പ്രതീക്ഷ. കാര്‍ലോസ് എന്ന ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. കാര്‍ലോസ് ആയി എത്തുന്നത് ജോജു ജോര്‍ജ് ആണ്. സിദ്ദിഖ് വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും എത്തുന്ന ചിത്രത്തില്‍ ആശ ശരത്ത്, രമ്യ നമ്പീശന്‍, അദിതി രവി, മാമുക്കോയ, അനില്‍ നെടുമങ്ങാട്, വിജിലേഷ് കരിയാട്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലുമായി ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◼️മലയാളത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണെങ്കിലും കാളിദാസ് ജയറാമിന് അഭിനേതാവ് എന്ന നിലയില്‍ പേര് നേടിക്കൊടുത്തത് തമിഴ് ചിത്രങ്ങള്‍ ആണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രവും തമിഴില്‍ ആണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് നച്ചത്തിരം നഗര്‍ഗിരത് എന്നാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ സര്‍പട്ട പരമ്പരൈയ്ക്കു ശേഷം പാ രഞ്ജിത്തിന്റേതായി എത്തുന്ന ചിത്രമാണ് ഇത്. അരങ്ങേറ്റ ചിത്രമായിരുന്ന ആട്ടക്കത്തിക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമയുമാണ് ഇത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയാവുന്നത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്ണന്‍, സുബത്ര റോബര്‍ട്ട്, സര്‍പട്ട പരമ്പരൈ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
◼️മഹീന്ദ്ര അടുത്തിടെയാണ് 11.99 ലക്ഷം രൂപ എക്സ്ഷോറൂം പ്രാരംഭ വിലയില്‍ പുതിയ സ്‌കോര്‍പിയോ-എന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നിരുന്നാലും, പഴയ തലമുറ സ്‌കോര്‍പിയോ നിര്‍ത്തലാക്കില്ല, അത് സ്‌കോര്‍പിയോ ക്ലാസിക് ആയി വില്‍പ്പനയില്‍ തുടരും. ഇപ്പോള്‍, പുതിയ 2022 മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക് എസ് 11 അതിന്റെ ലോഞ്ചിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോ ക്ലാസിക്കിന് കോസ്‌മെറ്റിക് അപ്‌ഡേറ്റുകളും ചില പുതിയ ഫീച്ചറുകളും ലഭിക്കും.
◼️മാറുന്ന നമ്മുടെ പരിസ്ഥിതിയോടും അതിനോടുള്ള കാവ്യാത്മക പ്രതികരണങ്ങളെക്കുറിച്ചും ഇക്കോഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നുള്ള ഒരു പരിശോധനയാണ് ഈ കൃതിയില്‍ ഡോ. സൗമ്യ സി.എസ്. നടത്തിയിരിക്കുന്നത്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെ സംബന്ധിച്ച സ്വാഭാവിക പ്രതികരണങ്ങള്‍ കൂടാതെ ഇത്തരം വിവാദങ്ങളോടുള്ള രാഷ്ട്രീയമായ പ്രതികരണവും കേരളത്തിലെ കവികളില്‍ കാണാം. ഇവയെക്കുറിച്ചെല്ലാം സൂക്ഷ്മമായ പരിശോധന നടത്താന്‍ സൗമ്യ സി.എസ്. ശ്രമിച്ചിരിക്കുന്നു. ‘പാരിസ്ഥിതിക സ്ത്രീവാദവും കേരളീയ മാനവികതയും’. ഗ്രീന്‍ ബുക്‌സ്. വില 142 രൂപ.
◼️ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് ആരോഗ്യകരമായ മനസ്സിനും ശരീരത്തിനും അതിപ്രധാനമാണ്. ഉറക്കമില്ലായ്മ പല രോഗങ്ങളിലേക്കും നയിക്കാറുണ്ട്. രാത്രിയില്‍ വൈകി ഉറങ്ങുന്നതും 30 മിനിറ്റിലധികം പകല്‍ ഉറങ്ങുന്നതും കൂര്‍ക്കംവലിക്കുന്നതും ഫാറ്റിലിവര്‍ രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ഗ്വാങ്‌സോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. രാത്രിയില്‍ ഉറക്കം തടസ്സപ്പെടുന്നവര്‍ക്കും പകല്‍ ദീര്‍ഘനേരം ഉറങ്ങുന്നവര്‍ക്കും ഫാറ്റിലിവര്‍ രോഗം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് മടങ്ങ് അധികമാണെന്ന് എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഉറക്കത്തിന്റെ നിലവാരം മിതമായ തോതില്‍ മെച്ചപ്പെട്ടാല്‍ കൂടി ഫാറ്റിലിവര്‍ രോഗസാധ്യത 29 ശതമാനം കുറയുമെന്നും ഗവേഷകര്‍ പറയുന്നു. ലോകത്തില്‍ നാലിലൊരാളെ ഫാറ്റിലിവര്‍ രോഗം ബാധിക്കുമെന്ന് ചില ഗവേഷണ റിപ്പോര്‍ട്ടുകള്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. 30-79 പ്രായവിഭാഗത്തിലുള്ള 5430 പേരിലാണ് ചൈനയിലെ ഗവേഷകര്‍ പഠനം നടത്തിയത്. പിറ്റ്‌സ്ബര്‍ഗ് സ്ലീപ് ക്വാളിറ്റി ഇന്‍ഡെക്‌സ് ചോദ്യാവലി ഉപയോഗിച്ചാണ് ഇവരുടെ ഉറക്കത്തിന്റെ നിലവാരം അളന്നത്. അലസമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്കും അമിതഭാരം ഉള്ളവര്‍ക്കും ഉറക്കത്തിന്റെ നിലവാരം പൊതുവേ കുറവായിരിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ പോലും തങ്ങളുടെ ഉറക്കത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഫാറ്റിലിവര്‍ രോഗസാധ്യത കുറയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.17, പൗണ്ട് – 96.15, യൂറോ – 80.96, സ്വിസ് ഫ്രാങ്ക് – 82.75, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.04, ബഹറിന്‍ ദിനാര്‍ – 209.98, കുവൈത്ത് ദിനാര്‍ -258.20, ഒമാനി റിയാല്‍ – 205.62, സൗദി റിയാല്‍ – 21.07, യു.എ.ഇ ദിര്‍ഹം – 21.71, ഖത്തര്‍ റിയാല്‍ – 21.56, കനേഡിയന്‍ ഡോളര്‍ – 61.46.