എല്‍.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞ ആറു വര്‍ഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്കു കത്തു നല്‍കി. ബന്ധു നിയമനങ്ങളിലൂടെ സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ലോകായുക്ത ബില്ലില്‍ ധാരണ. വിധി മുഖ്യമന്ത്രിക്കെതിരാണെങ്കില്‍ പുനപരിശോധിക്കാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കുന്ന നിയമ ഭേദഗതി ഇന്നു സഭയില്‍ അവതരിപ്പിക്കും. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിയും, എംഎല്‍എമാര്‍ക്കെതിരായ വിധി സ്പീക്കറും പുനപരിശോധിക്കണം. സിപിഎം, സിപിഐ നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയിലാണ് ഈ നിര്‍ദേശമുണ്ടായത്. നിയമസഭയില്‍ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവരാനാണ് നീക്കം.
വിവാദ ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നുവെന്നു പ്രതിപക്ഷം. സ്വര്‍ണക്കടത്ത്, ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനം, എകെജി സെന്റര്‍ ആക്രമണം, വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുനേരെ കാപ്പാ ചുമത്തല്‍ എന്നിവയടക്കം മുഖ്യമന്ത്രി മറുപടി പറയേണ്ട 26 ചോദ്യങ്ങള്‍ മാറ്റിയെന്നാണ് പരാതി. ചോദ്യങ്ങളെ അട്ടിമറിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എ.പി അനില്‍കുമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി.
സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. വൈസ് ചാന്‍സലര്‍ നിയമനത്തിനു നിലവിലുള്ള മൂന്നംഗ സര്‍ച്ച് കമ്മിറ്റിക്കുപകരം സര്‍ക്കാറിനു നിയന്ത്രണമുള്ള അഞ്ചംഗ സമിതി നിലവില്‍ വരും. ഗവര്‍ണറുടേയും യുജിസിയുടേയും സര്‍വ്വകലാശാലയുടേയും ഓരോ നോമിനികള്‍ മാത്രമാണ് സമിതിയിലുള്ളത്.
വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടു വര്‍ഷംകൊണ്ട് 9,746 കോടി രൂപ ചെലവിട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മനസ്സിലുളള കാര്യങ്ങള്‍ അറിയുന്ന സര്‍ക്കാരാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കിറ്റ് വിതരണം ഇന്നാരംഭിക്കും.
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ലഭ്യത നിരീക്ഷിക്കാന്‍ ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആശുപത്രികളിലും ജില്ലകളിലും സംസ്ഥാനതലത്തിലും മോണിറ്ററിംഗ് സംവിധാനമുണ്ടാകും.
മുഖ്യമന്ത്രി ഇടപെടുന്നതുവരെ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം തുടരും. മന്ത്രിസഭ ഉപസമിതി യോഗം ചേര്‍ന്ന് പുനരധിവാസമടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക തീരുമാനം എടുത്തെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവക്കുംവരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വാടകയ്ക്ക് വീടെടുത്തു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.