വിഴിഞ്ഞം സമരത്തിനെതിരായ കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് മത്സ്യത്തൊഴിലാളി
സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര. തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഫാ. യൂജിൻ പെരേര ആരോപിച്ചു. വിഴിഞ്ഞത്ത് നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സംഘർഷമെന്നും അദ്ദേഹം ആരോപിച്ചു. പ്രദേശവാസികളുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
.ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് ലോഡ് ഇറക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. ലോറിക്ക് മുന്നിൽ സമരക്കാർ കിടന്ന് പ്രതിഷേധിച്ചു. ഒരു ലോറിയുടെ ചില്ലും തകർത്തു. സമരം കടുത്തതോടെ സർക്കാർ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.