അന്ന ബെനും അര്ജുന് അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം ‘ത്രിശങ്കു’വിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് ‘ത്രിശങ്കു’ തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അന്ധാധൂന്‍’, ‘മോണിക്ക ഒ മൈ ഡാര്‍ലിംഗ്’ തുടങ്ങിയ സിനിമകളാല്‍ ശ്രദ്ധേയമായ മാച്ച്ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. ഇന്ത്യന്‍ നവതരംഗ സിനിമാ സംവിധായകന് ശ്രീറാം രാഘവനാണ് മാച്ച്ബോക്സ് ഷോട്സിന്റെ മെന്റര്‍. മാച്ച്ബോക്സ് ഷോട്സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവര്‍ക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവര്‍ പിക്ചേഴ്സ് ആന്‍ഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ത്രിശങ്കു’ ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിര്‍മാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, ഫാഹിം സഫര്‍, ശിവ ഹരിഹരന് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.