നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രവുമായി അഞ്ജലി മേനോന്. ‘വണ്ടര്‍ വിമെന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്സ് എന്നിവയാണ് അഞ്ജലി മേനോന് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇംഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രഗ്നന്‍സി ഡിറ്റക്ഷന്‍ കിറ്റിന്റെ ചിത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇനി, ഒരു അത്ഭുതം തുടങ്ങുന്നു എന്ന ക്യാപ്ഷനും എല്ലാവരും ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. അതിന്റെ സ്ഥിരീകരണമാണ് ഇപ്പോള്‍ ഔദ്യോഗികമായി നടന്നിരിക്കുന്നത്.