ഇന്ത്യയില്‍ നിലവില്‍ ഏതാണ്ട് 101 ദശലക്ഷം ആളുകള്‍ പ്രമേഹ രോഗികളാണ്. രാജ്യത്ത് പടര്‍ന്ന പിടിക്കുന്ന പ്രമേഹ രോഗത്തിന് പിന്നില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ്-പ്രൊഡക്ട്സ് ഭക്ഷണങ്ങളുടെ ഉപഭോഗമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഇന്ത്യക്കാര്‍ക്കിടയില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള മുഖ്യ കാരണം അള്‍ട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍ അടങ്ങിയ എജിഇ ഡയറ്റ് ആണ്. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇന്ന് എജിഇ ഡയറ്റിന്റെ പിടിയിലാണ്. ഇത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐസിഎംആറിന് കീഴിലുള്ള മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ പറയുന്നു. കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവര്‍, ഉയര്‍ന്ന എജിഇ ഡയറ്റ് പിന്തുടരുന്നവര്‍ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് 12 ആഴ്ച നീണ്ട പഠനം നടത്തിയത്. ഇതില്‍ ഉയര്‍ന്ന എജിഇ ഡയറ്റ് പിന്തുടരുന്നവരെ സംബന്ധിച്ച് കുറഞ്ഞ എജിഇ ഡയറ്റ് പിന്തുടരുന്നവരില്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുന്നതായും രക്തത്തിലെ പഞ്ചസാരയയുടെ അളവു കുറയുന്നതായും കണ്ടെത്തി. ചുവന്ന മാംസം, ഫ്രഞ്ച് ഫ്രൈസ്, വറുത്ത ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പറാത്ത, സമൂസ, മധുര പലഹാരങ്ങള്‍ എന്നിവയാണ് ഉയര്‍ന്ന എജിഇ അടങ്ങിയ ഭക്ഷണങ്ങള്‍. കൂടാതെ ഫ്രൈയിങ്, റോസ്റ്റിങ്, ഗ്രില്ലിങ് തുടങ്ങിയ പാചക രീതി ഭക്ഷണത്തിന്റെ എജിഇ അളവു വര്‍ധിപ്പിക്കും. എന്നാല്‍ വേവിക്കുന്നത് എജിഇ അളവു നിയന്ത്രിക്കാന്‍ സഹായിക്കും.