കല്യാണ മേളത്തിന് കൊഴുപ്പ് കൂട്ടാന്‍ പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഗാരിജിലേക്ക്. റോള്‍സ് റോയ്സ് കള്ളിനാന് എസ്യുവി ആണ് ഇത്തവണയും അംബാനി കുടുംബം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള ഈ എസ്യുവി കൂടി എത്തിയതോടെ ഗാരിജിലെ റോള്‍സ് റോയ്സ് കള്ളിനാന്റെ എണ്ണം ഒന്പതിലേക്കെത്തി. മുംബൈയിലെ നിരത്തിലൂടെ നീങ്ങുന്ന അംബാനിയുടെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളില്‍ ഫെറാറി, നിത അംബാനിയുടെ റോള്‍സ് റോയ്സ് ഫാന്റം സെവന് ഇ ഡബ്ള്യു ബി, പുതിയ റോള്‍സ് റോയ്സ് കള്ളിനാന് ബ്ലാക്ക് ബാഡ്ജ്, മറ്റൊരു റോള്‍സ് റോയ്സ് എന്നിവയും കാണുവാന്‍ കഴിയും. സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെയാണ് ഈ വാഹന വ്യൂഹം നീങ്ങുന്നത്. പുതിയ കള്ളിനാന് എസ് യു വി യ്ക്കായി അംബാനി കുടുംബം തിരഞ്ഞെടുത്തിരിക്കുന്നത് വളരെ അപൂര്‍വമായ പെബ്ബിള്‍ പാരഡൈസോ എന്ന നിറമാണ്. ഈ ഇളം നീല നിറം റോള്‍സ് റോയ്സിന്റെ കസ്റ്റം കളര്‍ ആണ്. 2018 ലെ പെബ്ബിള്‍ ബീച്ച് കാര്‍ വീക്കിലാണ് ആദ്യമായി ഈ നിറം അവതരിപ്പിക്കപ്പെട്ടത്. ഏറെ വിശേഷപ്പെട്ട, കൈകള്‍ കൊണ്ട് വരച്ച ഗോള്‍ഡന്‍ കോച്ച് ലൈനോടെയും ഈ എസ് യു വി ലഭ്യമാണ്. പുറംകാഴ്ച്ചയില്‍ മാത്രമല്ല, എസ് യു വിയുടെ അകത്തളത്തിലും പെബ്ബിള്‍ പാരഡൈസോ നിറം കാണാം. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എന്‍ജിനാണ് റോള്‍സ് റോയ്സ് കള്ളിനാന് ബ്ലാക്ക് ബാഡ്ജിന്റെ ശക്തി. 600 ബി എച്ച് പി കരുത്തും 900 എന്‍ എം ടോര്ക്കുമിത് ഉല്പാദിപ്പിക്കും. സാധാരണ കള്ളിനാനെ അപേക്ഷിച്ച് 29 ബി എച്ച് പിയും 50 എന്‍ എം ടോര്‍ക്കും കൂടുതലുണ്ട്.
വീണ്ടും റോള്‍സ് റോയ്സ് കള്ളിനാന് സ്വന്തമാക്കി അംബാനി
