കേരളത്തിലെ സംരംഭകരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഇ-കൊമേഴ്സ് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ആമസോണ്‍ പദ്ധതി. ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമില്‍ 1500ലധികം കയറ്റുമതിക്കാരുണ്ട്. ഇത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, മലപ്പുറം നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ കയറ്റുമതിക്കാരുള്ളത്. കണ്ണൂരില്‍ നിന്നുള്ള കൈത്തറി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കാണ് പ്രിയം കൂടുതല്‍. ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ഉത്പന്നങ്ങള്‍ ആമസോണ്‍ വഴി വിദേശങ്ങളിലേയ്ക്ക് കയറ്റുമതി ഒരുക്കുകയാണ് ചെയ്യുന്നത്. അമേരിക്ക, യു.കെ. എന്നിവയാണ് പ്രധാനവിപണികള്‍, യു.എ.ഇ., ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നുണ്ട്. ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് പ്രൊപ്പല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററിന്റെ (പ്രൊപ്പല്‍ എസ് 3) മൂന്നാം സീസണ്‍ ആരംഭിച്ചു. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലോകവിപണിയിലെത്താന്‍ സഹായിക്കുന്ന സംരംഭമാണിത്. 2025 ഓടെ ഇന്ത്യയില്‍ നിന്ന് 20 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടാനുള്ള ശ്രമമാണ് പ്രൊപ്പല്‍ എസ് 3.