അടച്ചുപൂട്ടാനൊരുങ്ങി ആമസോണ്‍ ഫുഡ്. ഡിസംബര്‍ 29ന് ശേഷം ആമസോണ്‍ ഇന്ത്യയുടെ ഫുഡ് ഡെലിവറി സേവനമായ ആമസോണ്‍ ഫുഡ് സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ആദ്യം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുകയും ഇന്ത്യയിലെ എഡ്-ടെക് സേവനം അവസാനിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ തീരുമാനം. സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും എതിരാളിയായി ഏകദേശം രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച സേവനം ബെംഗളൂരുവിലും രാജ്യത്തിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങളിലും മാത്രമേ ലഭ്യമായിരുന്നുള്ളൂ. നിലവില്‍, പ്രധാന ആമസോണ്‍ ആപ്പിന് പലചരക്ക് സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ഒരു പ്രത്യേക വിഭാഗമുണ്ട്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാലത്ത് ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനാണ് ആമസോണ്‍ ഫുഡും ആമസോണ്‍ അക്കാദമിയും ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്.