മമ്മൂട്ടിയും മുരളിയും തകര്ത്തഭിനയിച്ച ചിത്രമാണ് ‘അമരം’. ലോഹിതദാസിന്റെ തിരക്കഥയില് മമ്മൂട്ടിയെ നായകനാക്കി ഭരതന് സംവിധാനം ചെയ്ത ചിത്രം 1991 ലാണ് റിലീസിനെത്തിയത്. മമ്മൂട്ടിയുടെ അച്ചൂട്ടി എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഇന്നും ഒട്ടേറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ അമരം റിലീസ് ചെയ്ത് 34 വര്ഷത്തിന് ശേഷം സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. നവംബര് 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില് അമരം എത്തും. 4കെ ഡോള്ബി അറ്റ്മോസിലാണ് സിനിമ റീ റിലീസിന് ഒരുങ്ങുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ചലച്ചിത്ര വിതരണ കമ്പനിയായ സൈബര് സിസ്റ്റംസ് ഓസ്ട്രേലിയ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തില് ഇമോഷണല് ഡ്രാമയായി എത്തിയ അമരം തിയറ്ററില് വലിയ വിജയമായിരുന്നു. ഭാര്ഗവിയായുള്ള പെര്ഫോമന്സിലൂടെ കെ പി എ സി ലളിതയ്ക്ക് മികച്ച സഹനടിയ്ക്കുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. മുരളിയ്ക്ക് സംസ്ഥാന പുരസ്കാരവും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരപട്ടികയില് ആ വര്ഷത്തെ മികച്ച ഛായാഗ്രാഹകനായത് മധു അമ്പാട്ടായിരുന്നു.
