ആസിഫ് അലി, അമല പോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘ലെവല്‍ ക്രോസ്’. ചിത്രത്തിലൂടെ ആദ്യമായി ഒരു പിന്നണി ഗായികയും ആയിരിക്കുകയാണ് അമല പോള്‍. വിശാല്‍ ചന്ദ്രശേഖര്‍ ഈണം നല്കിയ പാട്ടാണ് അമല ആലപിച്ചിരിക്കുന്നത്. യുട്യൂബിലെത്തിയ ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്ന് ലഭിക്കുന്നത്. വരാന്‍ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് ഈ ഗാനമെന്നായിരുന്നു അമലയുടെ വാക്കുകള്‍. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന് അര്‍ഫാസ് അയൂബ്. മോഹന്‍ലാല്‍ നായകനായെത്തുന്ന റാം സിനിമയുടെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമല, ഷറഫുദ്ദീന് കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പന്‍ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു.
‘ലെവല്‍ ക്രോസ്’ ചിത്രത്തിലൂടെ ഗായികയായി അമല പോള്‍
