ട്രെയിന്‍യാത്ര സുഗമമാക്കുന്നതിന് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില് ലഭിക്കുന്ന പുതിയ ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് ബുക്കിങ് മാത്രമല്ല പിഎന്‍ആര്‍, ഭക്ഷണം, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ട്രാക്കിങ്, അണ് റിസര്‍വ്ഡ് ടിക്കറ്റ്, പിഎന്‍ആര്‍ സ്റ്റാറ്റസ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒരു ആപ്പില്‍ ലഭിക്കുന്ന തരത്തില്‍ റെയില്‍വണ്‍ ആപ്പ് ആണ് ഇന്ത്യന്‍ റെയില്‍വേ ലോഞ്ച് ചെയ്തത്. ട്രെയിന്‍ യാത്രയിലെ പരാതികളും ഇതില്‍ രേഖപ്പെടുത്താനുള്ള സൗകര്യമുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ് ഫോമുകളില്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ നിലവിലെ ലോഗിനില്‍ (റെയില്‍ കണക്ട്/ യുടിഎസ്) ഈ ആപ്പില്‍ ലോഗിന്‍ ചെയ്യാം. റെയില്‍വേ ഇ-വാലറ്റ് സംവിധാനവും ലഭ്യമാണ്. പുതിയ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്കി റജിസ്ട്രേഷന് പ്രക്രിയ പൂര്‍ത്തിയാക്കാം, അന്വേഷണങ്ങള്‍ക്ക്, മൊബൈല്‍ നമ്പര്‍/ഒടിപി കൊടുത്ത് അന്വേഷിക്കാം.