ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ്. റിപ്പോർട്ടിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. തങ്ങളെ ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെ ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതായി അദാനി ഗ്രൂപ്പ് ആരോപിച്ചു. യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ പരമോന്നത കോടതികൾ പരിശോധിക്കുകയും വസ്തുത വിരുദ്ധമെന്ന് കണ്ട് നിരസിക്കുകയും ചെയ്ത തെറ്റായ വിവരങ്ങളാണ് റിപ്പോർട്ട് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്, അടിസ്ഥാനരഹിതവും കമ്പനിയെ അപകീർത്തിപ്പെടുത്താത്തതുമായ ആരോപണങ്ങളാണ് ഇതെന്നും അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് തുരങ്കം വയ്ക്കാനുള്ള ദുരുദ്ദേശ്യവുമാണ് ഇതിന്ന് പിന്നിലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യയിലെ എക്കാലത്തെയും വലിയ എഫ്‌പിഒ ആണ് അദാനി ഗ്രൂപ്പ് നടത്താൻ പോകുന്നത്. വരാനിരിക്കുന്ന ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിനെ തകർക്കുക എന്നതാണ് ഈ റിപ്പോർട്ടിന് പിറകിലെ പ്രധാന ലക്ഷ്യം. സാമ്പത്തിക വിദഗ്ധരും പ്രമുഖ ദേശീയ, അന്തർദേശീയ പ്രമുഖരും തയ്യാറാക്കിയ വിശദമായ വിശകലനങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നിക്ഷേപക സമൂഹം എല്ലായ്പ്പോഴും അദാനി ഗ്രൂപ്പിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്” അദാനി ഗ്രൂപ്പിലെ ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.