ഫീച്ചറുകളും ഡിസൈനും കൂടുതല്‍ നിറങ്ങളും ഉള്‍പ്പെടെ അടിമുടി മാറ്റങ്ങളുമായി 2025 ഹോണ്ട ആക്റ്റീവ 125 പുറത്തിറക്കി. ഡിഎല്‍എക്‌സ് (ബേസ് വേരിയന്റ്), എച്ച്-സ്മാര്‍ട്ട് (ടോപ്പ് വേരിയന്റ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആക്റ്റീവ 125 അവതരിപ്പിച്ചത്. വില 94,422 രൂപ മുതല്‍ 97,146 രൂപ വരെയാണ് (എക്സ് ഷോറൂം, ഡല്‍ഹി). സ്‌കൂട്ടര്‍ ഓടിക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന ഒബിഡി2ബി സംവിധാനം ഉള്‍പ്പെടെ നിരവധി വലിയ മാറ്റങ്ങളുമായാണ് പുതിയ ഹോണ്ട ആക്ടിവ എത്തിയത്. ഉപഭോക്താക്കള്‍ മികച്ച റൈഡിങ്ങ് അനുഭവം നല്‍കാന്‍ തക്കവണ്ണം നിരവധി പുതുമകള്‍ പുത്തന്‍ ആക്റ്റീവ 125ല്‍ ഉണ്ട്. അതില്‍ പ്രധാനമായത് ഒബിഡി2ബി നിബന്ധന പാലിക്കുന്ന 123.92 സിസി, സിംഗിള്‍-സിലിണ്ടര്‍ പിജിഎം-എഫ്‌ഐ എന്‍ജിനാണ്. ഈ എന്‍ജിന്‍ 6.20 കിലോവാട്ട് ഊര്‍ജ്ജവും 10.5 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ആധുനിക ഐഡിലിങ്ങ് സ്റ്റോപ്പ് സിസ്റ്റം മറ്റൊരു പ്രധാന സവിശേഷതയാണ്. പേള്‍ ഇഗ്‌നുവസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഡീപ്പ് ഗ്രൗണ്ട് ഗ്രേ, പേള്‍ സൈറന്‍ ബ്ലൂ, റബല്‍ റെഡ്ഡ് മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ് എന്നീ 6 നിറങ്ങളില്‍ ഇത് ലഭ്യമാണ്.