ഡല്‍ഹിയില്‍ 15 വര്‍ഷമായ പെട്രോള്‍, 10 വര്‍ഷമായ ഡീസല്‍ കാറുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചതോടെ അമ്പരപ്പിക്കുന്ന വിലക്കുറവിലാണ് പലരും ഡല്‍ഹിയില്‍ നിന്ന് കാറുകള്‍ സ്വന്തമാക്കുന്നത്. പഴക്കം ചെന്ന വാഹനങ്ങളുടെ നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ 350 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ കാമറകള്‍ സ്ഥാപിച്ചു. പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതിരിക്കാനും നടപടികള്‍ സ്വീകരിക്കാനുമായിരുന്നു ഈ നീക്കം. പഴക്കമുള്ള നാലു ചക്രവാഹനങ്ങള്‍ക്ക് 10,000 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 5,000 രൂപയും പിഴയുമാണ് പ്രഖ്യാപിച്ചത്. 85 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബെന്‍സ് എസ്യുവി 2.5 ലക്ഷം രൂപയ്ക്ക് വിറ്റു. 40 ലക്ഷത്തിന്റെ മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് വിറ്റത് വെറും 4.25 ലക്ഷം രൂപയ്ക്ക്. കുറഞ്ഞ വിലയ്ക്ക് ആഡംബര കാറുകള്‍ ലഭിക്കുമെന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയാണ്. ഡല്‍ഹിയില്‍ വായു മലിനീകരണം ജനജീവിതത്തെ കാര്യമായി ബാധിച്ചതോടെ 2015ലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പഴക്കം ചെന്ന കാറുകള്‍ ഡല്‍ഹിയില്‍ നിരോധിക്കണമെന്ന നിര്‍ദേശം നല്‍കിയത്. 2025ല്‍ ഡല്‍ഹി സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.