ജമ്മു കശ്മീരിലെ കത്വ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു. അതിർത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷ ഏജൻസികളുടെ നിഗമനം. ഇന്നലെ വൈകുന്നേരം 3.10ഓടെയാണ് കത്വവയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ അഞ്ച് ജവാന്മാര് വീരമൃത്യു വരിച്ചിരുന്നു.
കത്വ ഭീകരാക്രമണത്തിൽ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും.
രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ല. അംഗങ്ങളുടെ നിയമനം സുതാര്യമാണ്. മാധ്യമ വാർത്ത അല്ലാതെയുള്ള ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടില്ല, നിയമനത്തിൽ തെറ്റായ രീതി ഇല്ലെന്നു ഉറപ്പിച്ചു പറയാമെന്നും, നിയമിച്ചവരെ കുറിച്ച് ഒരു ആക്ഷേപവും ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്സി അംഗത്വം കിട്ടാന്‍ ലക്ഷങ്ങള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചു. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിന്റെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വിഷയത്തിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും, തട്ടിപ്പ് നടത്തുന്നവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകും. പിഎസ്സിയെ ഇതിന്റെ പേരിൽ കരി വാരി തേക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോഴ ആരോപണം ഇപ്പോൾ സെറ്റിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പി.എസ്.സി മെമ്പറാകാന്‍ പാര്‍ട്ടി നേതാവ് കോഴവാങ്ങിയെന്ന ആരോപണം സംബന്ധിച്ച് തങ്ങള്‍ക്ക് ഒരറിവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. മാധ്യമങ്ങള്‍ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നതുപോലുള്ള അറിവ് ഞങ്ങള്‍ക്കില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഒരറിവും ഇല്ല. എന്തെങ്കിലും കോലാഹലം ഉണ്ടാക്കി മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും കരിവാരിത്തേക്കാമെന്ന് വിചാരിക്കുന്നവരുണ്ടാകും. അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും പി.മോഹനന് പ്രതികരിച്ചു.
കോഴിക്കോട്ടെ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയോട് പാര്‍ട്ടി വിശദീകരണം തേടും. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം സംഘടിപ്പിച്ച് നൽകാമെന്ന് വാദ്ഗാനം ചെയ്ത് പ്രമോദ് കോട്ടൂളി 22 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് പാര്‍ട്ടിക്ക് കിട്ടിയ പരാതി. ഡീൽ ഉറപ്പിക്കുന്നതിന്റെ ശബ്ദ സന്ദേശം അടക്കം കിട്ടിയ പരാതിയിൽ സംസ്ഥാന നേതൃത്വം അന്വേഷണം തുടങ്ങി. കോഴിക്കോട്ടെ ഏരിയ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരെയാണ് പാര്‍ട്ടി ബന്ധു കൂടിയായ ഡോക്ടറുടെ പരാതി.
എസ്എഫ്ഐയിൽ നിന്ന് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥിക്ക് എസ്എഫ്ഐ നേതാവിന്റെ അസഭ്യ വർഷവും ഭീഷണിയും. പുനലൂർ എസ്.എൻ. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന വിഷ്ണു മനോഹരനെ ജില്ലാ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം എഐഎസ്എഫ് പുറത്തുവിട്ടു. വീട്ടുകാരുടെ മുന്നിലിട്ട് അടിക്കുമെന്നും ആരും ചോദിക്കാൻ വരില്ലെന്നുമാണ് ഭീഷണി.
ചേര്‍ത്തല പൂച്ചാക്കലിൽ നടുറോഡില്‍ ദളിത് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്ന് ആരോപണം. തൈക്കാട്ടുശ്ശേരി സ്വദേശി പ്രാദേശിക സിപിഎം പ്രവർത്തകൻ ഷൈജുവിനും സഹോദരനുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കേസെടുത്തെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മര്‍ദനത്തിനിരയായ ദളിത് പെണ്‍കുട്ടി വ്യക്തമാക്കി. ഇളയ സഹോദരങ്ങളെ മർദിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പെൺകുട്ടിയെ ക്രൂരമായി മർദിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണെന്ന് ചെറിയാന് ഫിലിപ്പ്. സി.പി.എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണ്. ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഡിസംബറിൽ കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്കി.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരേ സിപിഎമ്മിന്റെ അന്വേഷണ കമ്മീഷൻ. കാസർകോട് ഉദുമ ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇയാളുടെ വരുമാനവും ചെലവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പരാതി.
കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫെയ്സ്ബുക്ക് പേജുകളില്‍ പങ്കുവച്ച മുന്‍ വിദ്യാര്‍ഥി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എസ്എഫ്ഐ നേതാവുമായിരുന്ന രോഹിതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. മുമ്പ് പഠിച്ചിരുന്നവരടക്കം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ ഇത തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സംശയം.
തിരുവനന്തപുരത്ത് സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പാറശ്ശാല കൂതാളി ഈശ്വര വിലാസം അപ്പർ പ്രൈമറി സ്കൂളിൽ വ്യാജ അറ്റന്റൻസ് ഉണ്ടാക്കി സർക്കാർ ഗ്രാന്റുകളും, ഉച്ചക്കഞ്ഞി, കൊവിഡ് അലവൻസുകളും അനധികൃതമായി നേടിയെടുത്ത സംഭവത്തിലാണ് വിജിലൻസ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടത്.
കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഇന്നലെ വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു സഹപാഠിയെ തല്ലിചതച്ചത്. അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരൻ മരിച്ചിരുന്നു. പത്തു വയസുകാരനും കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചു.
ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ വിമർശനവുമായി ഹൈക്കോടതി. വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നതെന്ന് കോടതി പറഞ്ഞു. ഇത്തരം വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാനേ പാടില്ല, രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനാൽ യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും, ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസ് തടഞ്ഞിട്ട് കബാലി എന്നറിയപ്പെടുന്ന കാട്ടുകൊമ്പൻ. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അടിച്ചുതൊട്ടി കോളനിയിൽ നിന്ന് രണ്ട് രോഗികളെ ആശുപത്രിയിൽ കൊണ്ടുചെന്ന് അവരെ തിരികെ കോളനിയിലെത്തിച്ച് മടങ്ങുമ്പോഴാണ് ആംബുലൻസ് കബാലിയുടെ മുന്നിൽപ്പെട്ടത്. ഒരു മണിക്കൂറിലേറെ വാഹന ഗതാഗതം ഉണ്ടാക്കിയ ശേഷമാണ് കബാലി കാടു കയറിയത്.
തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കില്‍ ജീവനക്കാരന് രണ്ടരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പിരിച്ചുവിട്ട ജീവനക്കാരന്റെയും ബന്ധുക്കളുടെയും സ്ഥാവര ജങ്കമ വസ്തുക്കള്‍ മുന്‍കൂറായി ബാങ്കിലേക്ക് കണ്ടുകെട്ടിയെന്ന് ബാങ്ക് അധികൃതര്‍. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബാങ്കിലെ ഹെഡ് ക്ലര്‍ക്കായിരുന്ന തിരുവില്വാമല ചക്കച്ചന്‍കാട് കോട്ടാട്ടില്‍ സുനീഷ് ബന്ധുക്കളുടേയും പരിചയക്കാരുടേയും അയല്‍വാസികളുടേയും ഫിക്സ്ഡ് ഡിപ്പോസിറ്റുകള്‍ വ്യാജ ഒപ്പും രേഖയും ഉണ്ടാക്കി ബാങ്കില്‍നിന്ന് പലപ്പോഴായി പിന്‍വലിക്കുകയായിരുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ഈ മാസവും ഫണ്ട് ലഭിച്ചില്ലെങ്കിൽ 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം മുടങ്ങുമെന്ന് റിപ്പോർട്ട്. 80 കോടി രൂപയിലേറെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരാർ കമ്പനിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പള കാര്യത്തിലും ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ചു വീട്ടമ്മയിൽ നിന്ന് 8 പവൻ സ്വർണ്ണാഭരണം തട്ടിയെടുത്ത വ്യാജ സിദ്ധൻ അറസ്റ്റിൽ. 45കാരൻ തിരുമിറ്റക്കോട്ട് നെല്ലിക്കാട്ടിരി തെക്കുംകര വളപ്പിൽ റഫീഖ് മൗലവിയാണ് പിടിയിലായത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിൽ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
അങ്കമാലിയിൽ അങ്ങാടിക്കടവിൽ താമസിച്ചിരുന്ന ബിനീഷ് കുര്യന്റെയും കുടുംബത്തിന്റെയും മരണം ആത്മഹത്യയാണെന്ന് സംശയം. കുടുംബനാഥനായ ബിനീഷ് കുര്യൻ കാനിൽ പെട്രോൾ വാങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയാണെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാൻ രാസപരിശോധനാഫലവും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ടും വരേണ്ടതായിട്ടുണ്ട്.
ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. കൊല്‍ക്കത്തയില്‍ വച്ചായിരുന്നു മരണം. തിങ്കഴാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പ്ലാന്റേഷന് മേഖലയിലായിരുന്നു ജാനി ചാക്കോ ഉതുപ്പ് പ്രവര്‍ത്തിച്ചിരുന്നത്.
ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
പെരുമ്പാവൂരിൽ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. മേഘ ഗ്രൂപ്പ് കമ്പനിയുടെ മാനേജർ ലിയോ ജോൺസൺ ആണ് മരിച്ചത്. 29 വയസ്സായിരുന്നു. കിഴക്കമ്പലം സ്വദേശിയാണ്. വരാന്തയിലെ കൈവരിയിൽ ഇരുന്നപ്പോഴാണ് അപകടമുണ്ടായത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബഹുജൻ സമാജ് പാർട്ടിയുടെ പ്രമുഖ നേതാവ് ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിൽ തമിഴ്നാട് സർക്കാരിനെതിരെ വിമർശനമായി ചലച്ചിത്ര സംവിധായകനും ദളിത് ആക്ടിവിസ്റ്റുമായ പാ രഞ്ജിത്ത്. കൊലപാതകത്തെ അപലപിച്ച രഞ്ജിത്ത് സർക്കാരിന്റെ ഇതിലുള്ള പ്രതികരണത്തിൽ നിരാശ രേഖപ്പെടുത്തി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിൽ നിയമപാലകരുടെ കഴിവ് ചോദ്യം ചെയ്തുകൊണ്ട് ഈ കുറ്റകൃത്യം നടന്നത് പൊലീസ് സ്റ്റേഷന് തൊട്ട് അടുത്താണെന്നും, കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാരെ കണ്ടെത്താന്‍ ശ്രമിക്കാതെ കൊലനടത്തിയെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവരുടെ കുറ്റസമ്മതം മാത്രം തെളിവായി എടുക്കുന്നതിനെയും രഞ്ജിത്ത് വിമര്‍ശിച്ചു.
ത്രിപുരയിൽ 47 വിദ്യാർത്ഥികൾ എച്ച്ഐവി ബാധിച്ച് മരിച്ചു. 828 വിദ്യാർത്ഥികളാണ് ഇവിടെ എച്ച്ഐവി പോസിറ്റീവ് ആയിരിക്കുന്നതെന്നാണ് ത്രിപുര സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുതിർന്ന ഉദ്യോഗസ്ഥൻ വിശദമാക്കിയിരിക്കുന്നത്. എച്ച്ഐവി ബാധിതരായ 828 കുട്ടികളിൽ 572 പേർ ജീവനോടെയുള്ളതായും 47 പേർ രോഗാവസ്ഥ ഗുരുതരമായി മരിച്ചതായുമായാണ് ടിഎസ്എസിഎസ് വിശദമാക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിൽ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച് രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിനാണ് കേസ്. ബെംഗളൂരുവിലെ വൺ 8 കമ്മ്യൂൺ പബ്ബിനെതിരെ ആണ് പൊലിസ് കേസെടുത്തത്.
ആൻഡ്രോയിഡ് ഫോണുകൾക്ക് വിലക്കുമായി മൈക്രോസോഫ്റ്റ് ചൈന. സെപ്തംബറിനുള്ളിൽ ഐ ഫോൺ വാങ്ങണമെന്നാണ് ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് ചൈന നൽകിയിരിക്കുന്ന നിർദ്ദേശം. ഇത് സംബന്ധിച്ച ആഭ്യന്തര സന്ദേശം ജീവനക്കാർക്ക് നൽകിയതായാണ് റിപ്പോർട്ട്.
ലോസ് ഏഞ്ചൽസിൽ നിന്ന് പറന്നുയർന്ന ബോയിംഗ് ജെറ്റ്ലൈനറിന്റെ ചക്രം താഴെ വീണു. ലോസ് ഏഞ്ചൽസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയായിരുന്നു ചക്രം താഴെ വീണത്. വിമാനത്തിൻ്റെ ചക്രം നഷ്ടപ്പെട്ടുവെന്നും എന്നാൽ ലക്ഷ്യസ്ഥാനമായ ഡെൻവറിൽ സുരക്ഷിതമായി ഇറക്കിയെന്നും ബോയിംഗ് 757-200 യുണൈറ്റഡ് എയർലൈൻസ് പറഞ്ഞു. ലോസ് ഏഞ്ചൽസിൽ നിന്ന് ചക്രം വീണ്ടെടുത്തുവെന്നും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
400ലേറെ അനുയായികളെ കൂട്ടക്കൊല ചെയ്ത സ്വയം പ്രഖ്യാപിത പാസ്റ്ററിനെതിരെ തീവ്രവാദക്കേസിൽ വിചാരണ ആരംഭിച്ചു. ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർ പോൾ എന്തെൻഗെ മക്കെൻസിയെ വിചാരണ ചെയ്യുന്നത്. കെനിയയിലെ മൊംബാസയിലെ കോടതിയിലാണ് വിചാരണ ആരംഭിച്ചത്. ഗുഡ് ന്യൂസ് ഇൻ്റർനാഷണൽ ചർച്ച് അഥവാ ഷാക്കഹോള കൾട്ട് എന്ന പേരിൽ പോൾ എന്തെൻഗെ മക്കെൻസി ആരംഭിച്ച മതപ്രസ്താനം ലോക ശ്രദ്ധയിലെത്തുന്നത് വിശ്വാസികളുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലെൻസ്കി. യുക്രൈനിലെ ഏറ്റവുംവലിയ കുട്ടികളുടെ ആശുപത്രിയടക്കം തകർത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി നടത്തിയ സന്ദർശനത്തിലാണ് വിമർശനം. റഷ്യൻ ആക്രമണത്തിൽ 37-ഓളം പേർ മരിച്ചിരുന്നു. റഷ്യൻ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദർശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്ന് സെലെൻസ്കി വിമർശിച്ചു.