സ്പീക്കർ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതില്‍ വെള്ളിയാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്ന് സഖ്യകക്ഷികളോട് ആവശ്യപ്പെട്ട് ബിജെപി. ബിജെപി എംപി തന്നെ സ്പീക്കർ സ്ഥാനം വഹിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. എന്നാല്‍ എൻഡിഎ മുഖമായിരിക്കണം സ്പീക്കർ പദവിയില്‍ വേണ്ടതെന്ന നിലപാടിലാണ് ടിഡിപി. ഘടകക്ഷികള്‍ക്ക് സ്പീക്കർ പദവി നല്കാൻ ബിജെപി തയ്യാറാകുന്നില്ലെങ്കില്‍ സ്പീക്കർ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുളള നീക്കം ഇന്ത്യ സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും.
കൊച്ചി നഗരത്തിലെ സൂചനാ ബോര്‍ഡുകളും പൊതുസ്ഥലങ്ങളും വികൃതമാക്കുന്ന ഗ്രാഫിറ്റികള്‍ക്കു പിന്നില്‍ ആരെന്നതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മരട് നഗരസഭ സെക്രട്ടറി പരാതി നല്‍കിയതിനു പിന്നാലെ മരട് പൊലീസ് അന്വേഷണം തുടങ്ങി. നഗരനിരത്തുകളില്‍ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്ത ചില ഇന്‍സ്റ്റഗ്രാം പേജുകളും പൊലീസ് നിരീക്ഷണത്തിലാണ്.എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട മേഖലകളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട അന്വേഷണം. മതിയായ തെളിവുകള്‍ ലഭിച്ചാല്‍ കേസ് എടുക്കുമെന്നും മരട് പൊലീസ് അറിയിച്ചു.
തലശ്ശേരിയിൽ വൃദ്ധൻ ബോംബ് പൊട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. നമുക്ക് ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ യുവതി, ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും പ്രതികരിച്ചു. ഇതൊക്കേ ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. താൻ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാർ വന്ന് ബോംബുകൾ എടുത്തുമാറ്റി. സഹികെട്ടാണ് തുറന്നുപറയുന്നതെന്നും യുവതി പ്രതികരിച്ചു.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് . ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പെഷൽ ഓഫീസറെ മൂന്നാർ ഭൂമി കേസിൽ അടിയന്തരമായി നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം സ്പെഷ്യൽ ഓഫീസർ. പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നൽകണം. വ്യാജ പട്ടയങ്ങൾ നൽകിയതും, റവന്യൂ രേഖകളിൽ കൃത്രിമം നടത്തിയതും സ്പെഷൽ ഓഫീസർ പരിശോധിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഈ വർഷത്തെ ഹജ്ജിന് ഇന്ന് പരിസമാപ്തി. സുപ്രധാന കർമങ്ങൾ തീർന്നതോടെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹാജിമാർ മിനയിൽ നിന്നും മടങ്ങിയിരുന്നു. അവശേഷിക്കുന്നവർ ബുധനാഴ്ച കൂടി ജംറ സ്തൂപങ്ങളിൽ കല്ലേറ് പൂർത്തിയാക്കി മിന താഴ്വാരം വിട്ടു പോകും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു ലക്ഷത്തിലധികം സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾ ഹജ്ജിെൻറ ഭാഗമായി. ശക്തമായ ചൂട് ഒഴിച്ചാൽ ഇത്തവണ ഹജ്ജ് ഏറെ ആയാസകരമായിരുന്നു.
തലശ്ശേരിയിൽ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി കെ സുധാകരൻ. വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് കെ സുധാകരൻ പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ചെറുപ്പക്കാരാണ് മരിച്ചതെന്ന് പറഞ്ഞ കെ സുധാകരൻ സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു എന്നും ചോദിച്ചു.ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് ബാക്കി പറയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. ഗ്രൂപ്പ് പോരിന് വരെസിപിഎം കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു. ക്രിമിനലുകൾ എങ്ങനെ രക്തസാക്ഷികൾ ആകും? തീവ്രവാദികൾ പോലും ഇങ്ങനെ ചെയ്യാറുണ്ടോ?. സിപിഎം ആയുധം താഴെ വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിന്റെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ ആഭിമുഖ്യത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജീവാനന്ദം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ഗൂഢശ്രമമാണ്.ഈ പദ്ധതിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതായി വ്യവസായ വകുപ്പ്. തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, അരൂരിലുള്ള കെൽട്രോൺ കൺട്രോൾസ്, സബ്സിഡിയറി കമ്പനിയായ കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ നാവികസേനയ്ക്ക് നിർമ്മിച്ചു നൽകുന്നത്. സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ സമുദ്രാന്തർ മേഖലക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കുന്നതിനായിട്ടാണ് നാവികസേന കെൽട്രോണിനെ സമീപിച്ചിരിക്കുന്നത്.
അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലിൽ സ്വീകരിച്ചു.
മലപ്പുറം വള്ളിക്കുന്ന് മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ലേക്കുയർന്നു. മഞ്ഞപ്പിത്തം കൂടുതൽ ആളുകളിലേക്ക് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറെ നിയമിച്ചു. വള്ളിക്കുന്ന്, മൂന്നിയൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി വ്യാപിച്ചു.ടാങ്കറില്‍ എത്തിച്ച കുടിവെള്ളത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. വീടുകള്‍ കയറിയിറങ്ങി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്താൻ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.
കണ്ണൂർ എരഞ്ഞോളിയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് എല്ലാം അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വാധീനമുള്ള ക്രിമിനലുകളാണ് കണ്ണൂരിലുള്ളതെന്നും, കണ്ണൂരിനെ അശാന്തിയിലേക്ക് തിരിച്ചു കൊണ്ട് പോകാൻ സിപിഎം ശ്രമിക്കുന്നു. പാർട്ടിയിലെ അന്ത:ഛിദ്രം മറച്ചു വെയ്ക്കാനാണ് സ്ഫോടനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്ഫോടനം പാർട്ടി തീരുമാന പ്രകാരം ആണോ എന്നും ആരാണ് ഇതിനു പിന്നിൽ എന്നും അന്വേഷണം വേണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
റവന്യൂ അധികൃതർ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെ കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ പരാതിയിൽ മേൽ പത്തനംതിട്ട കൊടുമണ്ണിലെ ഓട അലൈൻമെന്റ് തർക്കത്തിൽ മേഖലയിലെ പുറമ്പോക്ക് റവന്യൂ അധികൃതർ അളന്നു തുടങ്ങി. മന്ത്രിയുടെ ഭർത്താവിൻറെ കെട്ടിടത്തിന്റെ മുന്നിൽ ഓടയുടെ ഗതി മാറ്റിയെന്ന വിവാദത്തിന്റെ തുടർച്ചയാണ് നടപടികൾ.
ഒരു കിലോ എം.ഡി.എം.എ.യുമായിആലുവ റെയില്‍വേ സ്റ്റേഷനില്‍ യുവതി അറസ്റ്റിലായ കേസിൽ ഒരാൾകൂടി പിടിയിൽ. കൊച്ചി സ്വദേശി സഫീർ ആണ് പിടിയിലായത്. ബെംഗളൂരു മുനീശ്വരനഗർ സ്വദേശിനി സര്‍മീന്‍ അക്തറി (26) നെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.
ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനായി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ 14 വര്‍ഷം മുമ്പ് രാജ്യത്ത് തുടങ്ങിയ ഫുട്ബോള്‍ അക്കാദമികളുടെ പ്രവര്‍ത്തനം നിര്‍ത്തി. ബാഴ്സലോണയുടെ വിഖ്യാതമായ ഫുട്ബോള്‍ അക്കാദമിയായ ലാ മാസിയയുടെ മാതൃകയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് 2010ലാണ് അക്കാദമികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി, മംബൈ, ബെംഗലൂരു, പൂനെ എന്നിവടങ്ങളിലായിരുന്നു ബാഴ്സയുടെ ഫുട്ബോള്‍ അക്കാദമികള്‍ പ്രവര്‍ത്തിച്ചിരുന്നത്.കാരണമൊന്നും പറയാതെ ജൂലെ ഒന്ന് മുതല്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കില്ലെന്ന് അംഗങ്ങളെ ക്ലബ്ബ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
ഐസ്ക്രീമിൽ മനുഷ്യവിരൽ കണ്ടെത്തിയ സംഭവത്തിൽ നിര്‍ണായക കണ്ടെത്തൽ . ഐസ്ക്രീം കമ്പനിയുടെ പുനൈ ഫാക്ടറിയിലെ ജീവനക്കാരന് അപകടത്തില്‍ വിരലുകള്‍ക്ക് പരിക്കേറ്റതായി അന്വേഷണ സംഘം കണ്ടെത്തി. ജീവനക്കാരന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണസംഘം പരിശോധനക്കായി അയച്ചു. ഫലം വന്നശേഷം വിരൽ ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ കമ്പനിക്കെതിരെ പുതിയ കേസെടുക്കും.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും മറ്റന്നാളും ജമ്മുകശ്മീര്‍ സന്ദർശിക്കും. 1500 കോടിയുടെ പദ്ധതികളും മോദി ഉദ്ഘാടനം ചെയ്യും. മൂന്നാംതവണയും പ്രധാമന്ത്രിയായി അധികാരമേറ്റ ശേഷം ഇത് ആദ്യമായാണ് മോദി ജമ്മുകശ്മീര്‍ സന്ദർശിക്കുന്നത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മുകശ്മീരിലെ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് റോബർട്ട് വദ്ര. വയനാടിനായുള്ള രാഹുലിൻ്റെ പദ്ധതികൾ പ്രിയങ്ക മുന്നോട്ട് കൊണ്ടുപോകുമെന്നും റോബർട്ട് വദ്ര പറഞ്ഞു. പ്രിയങ്ക മത്സരിക്കുന്നത് താൻ രാഷ്ട്രീയത്തിൽ വരുന്നതിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. അടുത്ത അവസരത്തിൽ ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയ വദ്ര, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് ഒൻപത് പേർ മരിച്ചു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്തുപേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി.ചൊവ്വാഴ്ച രാത്രി ഒരുകൂട്ടം ആളുകൾ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവര്‍ വീട്ടിലെത്തിയതുമുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു.