സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർ സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിച്ചാൽ, പോലീസുകാർക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന്ഡോ . ഷെയ്ഖ് ദര്‍വേഷ് സാഹിബ് . സാമൂഹ്യവിരുദ്ധരും ആയി ബന്ധം പുലർത്തുന്ന പോലീസുകാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൗര്‍ഭാഗ്യകരമായ സംഭവമാണ് കുവൈത്തിൽ ഉണ്ടായ അപകടം എന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹo . തങ്ങളുടെ ഭാഗത്ത് തെറ്റില്ല, എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് തങ്ങൾ ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുo. വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്. അപകട സമയത്ത് വേണ്ടപോലെ ഇടപെട്ട് കാര്യങ്ങൾ ഏകോപിപ്പിച്ച കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു.കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുകയും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും, അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകുമെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ലോക കേരള സഭ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. പലസ്തീന് എംബസി കൈമാറിയ പതാക സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഏറ്റുവാങ്ങി. വിമാനക്കൂലി മുതല്‍ എന്‍.ആര്.ഐ ക്വാട്ടയിലെ ചൂഷണം വരെ സമ്മേളനത്തില്‍ ചര്‍ച്ചയായി. പ്രവാസി ക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ഇതര സംസ്ഥാന മലയാളികളും ആവശ്യപ്പെട്ടു.
ഇസ്രായേൽ ഇറാൻ സംഘർഷത്തിന്റെ ഭാഗമായി ഇറാൻ പിടിച്ചെടുത്ത ചരക്കു കപ്പലിൽ ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശിയെ വിട്ടയച്ചു. രണ്ടുമാസം നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ ശ്യാം നാഥ് തിരിച്ച് എത്തുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്ന 18 ജീവനക്കാരെ ഇപ്പോഴും ഇറാൻ വിട്ടിട്ടില്ല. ഏപ്രിൽ 13ന് തടവിലാക്കപ്പെട്ട ശ്യാംനാഥിനെ ജൂൺ 12നാണ് തിരികെ വിട്ടത്. ബാക്കിയുള്ളവരുടെ മോചനം ഉടനെ ഉണ്ടാകട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും ശ്യാംനാഥ് പറഞ്ഞു.
ആലപ്പുഴയിലെ സിബിസി വാര്യര്‍ സ്മൃതി പരിപാടി പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നുവെന്നുമുള്ള വിശദീകരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ വ്യക്തമാക്കി. മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ, അതെന്താണ് വാർത്തയാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
നർത്തകനും, കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് നെടുമങ്ങാട് എസ്സി/എസ്ടി കോടതി ജാമ്യം അനുവദിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുതെന്നും കോടതി നിർദേശിച്ചു. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.
കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ വേണ്ടി തുടരെത്തുടരെ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ബി.ജെ.പി. നേതാവ് വി മുരളീധരൻ. പ്രവാസികളോട് എന്തെങ്കിലും കൃതജ്ഞത ഉണ്ടായിരുന്നെങ്കിൽ അവരുടെ മൃതദേഹങ്ങൾ പട്ടടയിൽ വയ്ക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി മുതലാളിമാരുമായി അത്താഴവിരുന്ന് കഴിക്കില്ലായിരുന്നുവെന്നും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് മരിച്ചവരുടെ സംസ്കാരത്തിൽ എത്തണമായിരുന്നുവെന്നും വി മുരളീധരൻ പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈത്തിലേക്ക് പോയിട്ട് എന്ത് ചെയ്യാനാണ്, എല്ലാം വിദേശകാര്യമന്ത്രാലയം ഇടപെട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ തമ്മിൽതല്ലിയ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്ക് സസ്പെൻഷൻ. പോലീസുകാർക്കെതിരെ ജില്ലാ പോലീസ് മേധാവി ആണ്നടപടി എടുത്തത് . ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇന്ന് ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് രണ്ട് പോലീസുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. ബൈക്ക് പാർക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കെ കരുണാകരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീമന്ദിരം സന്ദർശിച്ചതിൽ രാഷ്ട്രീയമില്ല, ഗുരുത്വം നിർവഹിക്കാനാണ് എത്തിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ് കരുണാകരൻ. ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞു.ഇന്ദിരാഗാന്ധിയെ ദീപസ്തംഭം എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി, ഇന്ദിരാഗാന്ധി എന്ന ദീപസ്തംഭത്തിലുള്ള കരുണാകരന്റ സ്വാധീനം കേരളത്തിന് നന്മയായി ഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
2024-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന് എഴുത്തുകാരന് ശ്യാംകൃഷ്ണന് ആര്. അര്‍ഹനായി. അദ്ദേഹത്തിന്റെ ‘മീശക്കള്ളന്‍’ എന്ന ചെറുകഥാസമാഹാരത്തിനാണ് അവാര്‍ഡ്.50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വ്യാജ രേഖ ചമച്ച് ലക്ഷങ്ങൾ തട്ടി എന്ന ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.കെ.ഉമ്മുസൽമയുടെ പരാതിയിൽ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. 2021 മേയ് മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ മിനിട്ട്സും കരാറുകളും വ്യാജമായി ഉണ്ടാക്കി പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. സെക്രട്ടറി അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ് . ഇതിലൂടെ ബ്ലോക്ക് പഞ്ചായത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.
ശോഭാ സ ുരേന്ദ്രനെതിരെ അപകീർത്തി കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് . ബിജെപിയിലേക്ക് പോകാൻ ജയരാജൻ, ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ഇപി പരാതിയിൽ പറയുന്നു.
കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോൺഗ്രസ്. ഗ്ലാസിൽ കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിശദീകരണം നൽകി. വ്യാജ പ്രചാരണത്തിനെതിരെ കോൺഗ്രസ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകി.
കർണാടകസംസ്ഥാന സർക്കാർ ഇന്ധന വില കൂട്ടി . വിൽപന നികുതിയാണ് വർധിപ്പിച്ചത്. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് 3 രൂപയും. ഡീസലിന് 3.5 രൂപയും കൂടും.രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയെ ആശ്രയിച്ചിരിക്കും രാജ്യത്തെ ഇന്ധന വില.ഡൽഹിയിലും മറ്റ് മെട്രോകളിലും ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല.
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ അബൂജ്മാണ്ഡ് വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് ജവാന്മാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേർ മരിച്ചതായും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ദുരന്ത നിവാരണ സേന മേധാവി അറിയിച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്ഡിആര്‍എഫിന്റേയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്താൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഗോരഖ്പൂരിലായിരിക്കും ഇന്ന് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോഹൻ ഭഗവതിന്റെ വിമർശനം ചർച്ചയായിരുന്നു. എൻഡിഎയും ഇന്ത്യാമുന്നണിയും ജനത്തെ വിഭജിക്കുന്ന തരത്തിലാണ് പ്രചാരണം നടത്തിയതെന്നായിരുന്നു ആർഎസ്എസ് മേധാവിയുടെ വിമർശനം.
ദില്ലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനo യന്ത്രത്തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി ഗ്വാളിയോറിലെ എയര്‍ ഫോഴ്സ് സ്റ്റേഷനിൽ ഇറക്കി. രണ്ട് മണിക്കൂറോളമായി യാത്രക്കാര്‍ ഇവിടെ തുടരുകയാണ്. പകരം സംവിധാനത്തെ കുറിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇതുവരെ വിവരം നൽകിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എൻ.സി.പി. നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയില്‍ മോദി തിരഞ്ഞെടുപ്പ് റാലികളും റോഡ്ഷോയും നടത്തിയിടത്തെല്ലാം മഹാവികാസ് അഘാഡി സഖ്യത്തിന് വിജയിക്കാനായി . മഹാവികാസ് അഘാഡി നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറെ, പൃഥ്വിരാജ് ചവാൻ എന്നിവരുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.