Untitled design 20240612 165019 0000

 

നളചരിതം കഥയെ കുറിച്ചും ദമയന്തിയെ കുറിച്ചുമൊക്കെ ധാരാളം കേട്ടിട്ടുണ്ട് എന്നല്ലാതെ കൂടുതലായി പലർക്കും ഒന്നും തന്നെ അറിയില്ല. എന്നാൽ അറിയാക്കഥകളിലൂടെ ഇന്ന് നമുക്ക് ദമന്തിയെ പരിചയപ്പെടാം…!!!

നളചരിതം കഥയിലെ നായികയായ ദമയന്തി വിദർഭ രാജാവായ ഭീമന്റെ മകൾ ആണ്. ദമൻ, ദാന്തൻ, ദമനൻ, എന്നിവർ സഹോദരന്മാർ ആണ്. മഹാഭാരതത്തിൽ പറയുന്നതനുസരിച്ച് ദമയന്തി വിവാഹം ചെയ്തിരിക്കുന്നത് നിഷധ രാജാവായ നളനെയാണ്. പാതിവ്രത്യത്തിനും വിപത്തിനെ ബുദ്ധിപൂർവവും ധൈര്യസമേതവും നേരിടുന്നതിനും ഉത്തമ മാതൃകയാണ് ദമയന്തി എന്നാണ് പറയപ്പെടുന്നത്.

വിദർഭരാജ്യത്തെ രാജാവായിരുന്നു ഭീമൻ, ദീർഘകാലം സന്താനഭാഗ്യമില്ലാതിരുന്ന ഭീമരാജാവിന്റെ കൊട്ടാരത്തിൽ ഒരിക്കൽ ദമനൻ എന്ന മഹർഷി എത്തുകയും രാജാവിന്റെ സത്കാരത്തിലും ധർമനിഷ്ഠയിലും സന്തുഷ്ടനായ മഹർഷി സന്താനഭാഗ്യമുണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. തുടർന്ന് മഹാ രാജാവിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ഇവർക്ക് ദമൻ, ദാന്തൻ, ദമനൻ, ദമയന്തി എന്നിങ്ങനെ പേര് നല്കി.

 

സൗന്ദര്യം കൊണ്ടും ബുദ്ധികൊണ്ടും ദമയന്തി ദേവന്മാരെപ്പോലും ആകർഷിച്ചു.ഈ കാലത്തുതന്നെ നിഷധരാജ്യത്തെ രാജാവായ വീരസേനന് നളൻ എന്ന പുത്രനുണ്ടായിരുന്നു. നളിനും ധമിയും അങ്ങനെ രണ്ടിടങ്ങളിലായി വളർന്ന് വലുതായി. അവർ തമ്മിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ നളന്റെ സമീപത്തെത്തിയ രാജഹംസങ്ങൾ ദമയന്തിയുടെ ഗുണഗണങ്ങളെക്കുറിച്ച് നളനോട് പറയുകയുണ്ടായി. ഈ ഹംസങ്ങൾതന്നെ നളന്റെ ഗുണഗണങ്ങളെക്കുറിച്ച് ദമയന്തിയോടും പറയുകയും അവർ തമ്മിൽ പ്രണയത്തിൽ ആവുകയും ചെയ്തു.

ദമയന്തി വിവാഹപ്രായം എത്തിയപ്പോൾ സ്വയംവരം നടത്താൻ മഹാരാജാവ് തീരുമാനിച്ചു. മകളുടെ സ്വയംവരത്തിനായി രാജാവ് ഏവരെയും ക്ഷണിച്ചിരുന്നു. ദമയന്തിയുടെ സ്വയംവരത്തിന് രാജാക്കന്മാരും ഇന്ദ്രൻ, വരുണൻ, അഗ്നി, യമൻ എന്നീ ദേവന്മാരും എത്തിച്ചേർന്നു. നളന്റെ വ്യക്തിത്വം മനസ്സിലാക്കിയ ദേവന്മാർ ദമയന്തി നളനെയാണ് വരിക്കുന്നതെന്നു മനസ്സിലാക്കി. തങ്ങൾക്ക്ദമയന്തിയെ പത്നിയായി ലഭിക്കാൻ ആഗ്രഹമുണ്ടെന്ന് നളൻതന്നെ ദമയന്തിയെ അറിയിക്കണമെന്ന് ദേവന്മാർ നളനോട് അഭ്യർഥിച്ചു.

ദേവന്മാർ നല്കിയ തിരസ്കരണിവിദ്യ ഉപയോഗിച്ച് നളൻ അന്തഃപുരത്തിൽ പ്രവേശിച്ച് ദമയന്തിയോട് ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. ദമയന്തി ആ ആഗ്രഹം സ്വീകരിച്ചില്ല. താൻ നളനെയാണ് വരിക്കുന്നത് എന്ന തീരുമാനം അറിയിച്ചു. സ്വയംവര സദസ്സിൽ നാലുദേവന്മാരും നളന്റെ സമീപം നളന്റെ അതേ രൂപത്തിൽ പ്രത്യക്ഷരായി. യഥാർഥ നളനെ തിരിച്ചറിയാൻ ദേവന്മാർ തന്നെ സഹായിക്കണം എന്നു ദമയന്തി ദേവന്മാരോടു പ്രാർഥിച്ചപ്പോൾ ദമയന്തിയുടെ സ്വഭാവ മഹിമയിൽ സന്തുഷ്ടരായ ദേവന്മാർ അവരവരുടെ രൂപം സ്വീകരിക്കുകയും നളനെയും ദമയന്തിയെയും അനുഗ്രഹിക്കുകയും അനേകം വരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്തു.

നളദമയന്തീ വിവാഹത്തിനുശേഷം ദേവലോകത്തേക്കു പോയ ദേവന്മാർ മാർഗ്ഗമധ്യേ കലിയെയും ദ്വാപരനെയും കണ്ടുമുട്ടി. ദമയന്തീസ്വയംവരത്തിനു വേണ്ടി തിരിച്ചതായിരുന്നു ഇരുവരും. ദമയന്തി നളനെ വരിച്ചതറിഞ്ഞ് കുപിതരായ അവർ നളദമയന്തിമാരെ വേർപിരിക്കുമെന്നും നളനെ രാജ്യഭ്രഷ്ടനാക്കുമെന്നും ശപഥം ചെയ്തു. നളന്റെ സഹോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതുകളിയിലൂടെ നളന്റെ രാജ്യം പുഷ്കരനു സ്വന്തമാക്കി നല്കി. ഗത്യന്തരമില്ലാതെ നളൻ ദമയന്തിയുമൊത്ത് വനത്തിൽ പോയി.

നളന്റെ തോൽ‌വി കണ്ട ദമയന്തി തേരാളിയായ വാർഷ്ണേയനെ വരുത്തി പുത്രനായ ഇന്ദ്രസേനനെയും പുത്രിയായ ഇന്ദ്രസേനയെയും വിദർഭ രാജധാനിയിലെത്തിച്ചിരുന്നു. പിന്നീട് കാട്ടിൽ അലഞ്ഞുനടന്ന നളദമയന്തിമാർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടു . ദമയന്തി ക്ഷീണംമൂലം ഉറങ്ങിക്കിടക്കുമ്പോൾ കലിബാധിതനായ നളൻ ദമയന്തിയെ ഉപേക്ഷിച്ചിട്ട് വനത്തിന്റെ ഉള്ളിലേക്കു പോയി. ഉറക്കമുണർന്ന ദമയന്തി നളനെ കാണാതെ വിലപിച്ചു. ഈ സമയം ഒരു പെരുമ്പാമ്പ് ദമയന്തിയെ ആക്രമിച്ചു. ഉറക്കെ നിലവിളിച്ച ദമയന്തിയെ ഒരു കാട്ടാളൻ രക്ഷിച്ചു. എന്നാൽ കാട്ടാളൻ ദമയന്തിയെ തന്റെ പത്നിയാകുന്നതിനു നിർബന്ധിക്കുകയും ദമയന്തി ആ ആഗ്രഹം നിഷേധിച്ചപ്പോൾ ബലാത്ക്കാരമായി ദമയന്തിയെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. ആ സമയത്ത് മറ്റു മാർഗ്ഗമില്ലാതെ ദമയന്തി കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.

വനത്തിൽ നടന്ന ദമയന്തി അതുവഴി കടന്നുപോയ ഒരു കച്ചവട സംഘത്തെ കണ്ട് അവരോടൊപ്പം യാത്രയായി. അവർ ദമയന്തിയെ ചേദിരാജ്യത്തെത്തിച്ചു. ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ട ദമയന്തിയെ ചേദി രാജാവിന്റെ രാജ്ഞി കൊട്ടാരത്തിലേക്കു വരുത്തുകയും അവിടെ അഭയം നല്കുകയും ചെയ്തു. എന്നാൽ ദമയന്തി താൻ ആരാണെന്ന സത്യം അറിയിച്ചില്ല. ദമയന്തിയെ ഉപേക്ഷിച്ചുപോയ നളൻ കാട്ടുതീയിൽനിന്ന് കാർക്കോടകൻ എന്ന നാഗരാജനെ രക്ഷിച്ചു. കാർക്കോടകന്റെ ദംശനത്താൽ നളൻ വിരൂപനായി. എന്നാൽ നളന്റെ വൈരൂപ്യം ആ സമയത്ത് ഒരു അനുഗ്രഹമാകുമെന്നും അയോധ്യാരാജാവായ ഋതുപർണന്റെ സാരഥിയായി ബാഹുകൻ എന്ന പേരിൽ നളൻ കുറച്ചുനാൾ ജീവിച്ചശേഷം ദമയന്തിയുമായി പുനസ്സമാഗമമുണ്ടാകുമെന്നും നാഗരാജാവ് അറിയിച്ചു.

 

സ്വന്തം രൂപം വേണ്ടപ്പോൾ ധരിക്കുന്നതിന് ദിവ്യമായ രണ്ട് വസ്ത്രങ്ങൾ കാർക്കോടകൻ നളനു നല്കി. അയോധ്യാ രാജധാനിയിലെത്തിയ ബാഹുകൻ രാജാവായ ഋതുപർണന്റെ തേരാളിയായി കഴിഞ്ഞുകൂടി.നളനെയും ദമയന്തിയെയും അന്വേഷിക്കുന്നതിന് വിദർഭരാജാവ് എല്ലാ ദേശത്തേക്കും അയച്ച ബ്രാഹ്മണരിൽ ഒരാൾ ദമയന്തിയെ തിരിച്ചറിയുകയും ചേദിരാജാവിന്റെയും രാജ്ഞിയുടെയും അനുഗ്രഹാശിസ്സുകളോടെ ദമയന്തി വിദർഭരാജ്യത്തെത്തുകയും ചെയ്തു. നളനെ കണ്ടെത്താതെ തനിക്ക് ജീവിതം സാധ്യമല്ലെന്ന് ദമയന്തി പിതാവിനെ അറിയിച്ചു. നളനെ അന്വേഷിച്ചിരുന്ന ബ്രാഹ്മണരിൽ പർണാദൻ എന്ന ബ്രാഹ്മണൻ താൻ അയോധ്യയിൽവച്ച് ബാഹുകൻ എന്ന തേരാളിയെ കാണുകയും അയാൾ ദമയന്തിയെപ്പറ്റി പല കാര്യങ്ങളും അന്വേഷിക്കുകയും ചെയ്ത വിവരം വിദർഭരാജാവിനെ അറിയിച്ചു.

 

ദമയന്തിയുടെ ആവശ്യപ്രകാരം, ദമയന്തിയുടെ രണ്ടാം സ്വയംവരം അടുത്ത ദിവസം നടക്കുന്നതായി ഋതുപർണനെ അറിയിക്കുന്നതിന് സുദേവൻ എന്ന ബ്രാഹ്മണനെ അയച്ചു. അത്രയും സമയംകൊണ്ട് നളനു മാത്രമേ തേർ തെളിച്ച് വിദർഭരാജ്യത്ത് എത്താൻ സാധിക്കൂ എന്ന് ദമയന്തി മനസ്സിലാക്കിയിരുന്നു. ഋതുപർണനുമൊത്ത് കൊട്ടാരത്തിലെത്തിയ ബാഹുകനെ ദമയന്തി തിരിച്ചറിയുകയും നളനെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു രണ്ടാം സ്വയംവരം എന്ന അസത്യം പറയേണ്ടിവന്നതെന്നറിയിക്കുകയും ചെയ്തു. ഈ സമയത്ത് ‘ദമയന്തി നളനെപ്പറ്റി മാത്രമേ ചിന്തിച്ചിരുന്നുള്ളൂ’എന്ന് അശരീരി ഉണ്ടാവുകയും ദേവന്മാർ പുഷ്പവൃഷ്ടി ചെയ്യുകയുമുണ്ടായി. നളൻ നാഗരാജാവു നല്കിയ വസ്ത്രം ധരിച്ച് തന്റെ യഥാർഥ രൂപം നേടി. സൈന്യസമേതം നിഷധ രാജ്യത്തെത്തിയ നളൻ ചൂതുകളിയിലൂടെത്തന്നെ പുഷ്കരനെ തോല്പിച്ച് രാജ്യം സ്വന്തമാക്കി. എന്നാൽ പുഷ്കരനെ സുഹൃത്തായിത്തന്നെ പിന്നീടും അദ്ദേഹം പരിഗണിച്ചു.

ഇതാണ് ദമയന്തിയുടെ കഥ. നളനെക്കുറിച്ചും നിങ്ങൾക്ക് കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ അറിയാ കഥകളുടെ ഓരോ ഭാഗങ്ങളും വിട്ടു പോകാതെ വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അറിയാ കഥകളിലൂടെ നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന പലതും വായിച്ചറിയാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *