വര്‍ഷങ്ങള്‍ കഴിയും തോറും മനുഷ്യരുടെ തലച്ചോറിന്റെ വലുപ്പം വര്‍ദ്ധിച്ചു വരികയാണെന്ന് യുസി ഡേവിസ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞര്‍. 1970കളില്‍ ജനിച്ചവരുടെ തലച്ചോറിന്റെ വലുപ്പം 1930കളില്‍ ജനിച്ചവരെ അപേക്ഷിച്ച് ശരാശരി 6.6 ശതമാനം അധികമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വളരുന്ന തലച്ചോറിന്റെ വലുപ്പം പ്രായവുമായി ബന്ധപ്പെട്ട മറവിരോഗ സാധ്യത കുറച്ചേക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 15,000 പേരെ 75 വര്‍ഷക്കാലത്തേക്ക് പിന്തുടര്‍ന്ന ഫ്രേമിങ്ഹാം ഹാര്‍ട്ട് സ്റ്റഡിയുടെ ഡേറ്റയാണ് ഈ പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചത്. തലച്ചോറിന്റെ വലുപ്പത്തിന് പുറമേ കോര്‍ട്ടിക്കല്‍ ഗ്രേ മാറ്റര്‍, സെറിബ്രല്‍ വൈറ്റ് മാറ്റര്‍, ഹിപ്പോക്യാംപല്‍ വോളിയം, കോര്‍ട്ടിക്കല്‍ സര്‍ഫസ് ഏരിയ, കോര്‍ട്ടിക്കല്‍ തിക്ക്നസ് എന്നിവയിലെ മാറ്റങ്ങളും ഗവേഷകര്‍ പരിശോധിച്ചു. 1970കളില്‍ ജനിച്ചവര്‍ക്ക് 1930കളില്‍ ജനിച്ചവരെ അപേക്ഷിച്ച് വൈറ്റ് മാറ്റര്‍ 7.7 ശതമാനവും കോര്‍ട്ടിക്കല്‍ ഗ്രേ മാറ്റര്‍ 2.2 ശതമാനവും ഹിപ്പോക്യാംപല്‍ വോളിയം 5.7 ശതമാനവും കോര്‍ട്ടിക്കല്‍ സര്‍ഫസ് ഏരിയ 14.9 ശതമാനവും അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. എന്നാല്‍ കോര്‍ട്ടിക്കല്‍ തിക്ക്നസ്സ് മാത്രം 20.9 ശതമാനം കുറഞ്ഞു. കൂടുതല്‍ നാഡീവ്യൂഹകോശങ്ങളും സിനാപ്റ്റിക് കണക്ഷനുകളും വലിയ തലച്ചോര്‍ ഉള്ളവരില്‍ ഉണ്ടാകുമെന്നും ഇത് ബ്രെയ്ന്‍ അട്രോഫി മൂലമുള്ള മേധാശക്തി ക്ഷയത്തില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. ജാമാ ന്യൂറോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. നിലവില്‍ ലോകത്തെ 58 ദശലക്ഷം പേര്‍ക്ക് മറവിരോഗമുണ്ടെന്ന് കണക്കാക്കുന്നു. ഈ സംഖ്യ 2050 ഓട് കൂടി 152.8 ദശലക്ഷമായി വളരുമെന്നാണ് കരുതുന്നത്. മറവിരോഗം പലതരത്തിലുണ്ട്. ഓര്‍മ്മപ്രശ്നങ്ങള്‍, ഒരേ ചോദ്യം ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടേയിരിക്കല്‍, വാക്കുകള്‍ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ബുദ്ധിമുട്ട്, അപരിചതമായ സാഹചര്യങ്ങളിലെ ആശയക്കുഴപ്പം, പണവും സംഖ്യകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഉത്കണ്ഠ, ഏതെങ്കിലും കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ ഉള്ള ബുദ്ധിമുട്ട്, പെരുമാറ്റത്തിലും മൂഡിലും വ്യക്തിത്വത്തിലും വരുന്ന മാറ്റങ്ങള്‍, ഉറക്കകുറവ്, ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യല്‍ എന്നിവയെല്ലാം മറവിരോഗത്തിന്റെ ലക്ഷണങ്ങളാണ്.