രാത്രി വാർത്തകൾ

ദില്ലിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു. അഞ്ച് കുഞ്ഞുങ്ങൾ വെൻറിലേറ്ററിൽ ചികിത്സയിലാണ്. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചിരുന്നുവെന്ന് പരിക്കേറ്റവർ ആരോപിച്ചു. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

വിവേക് വിഹാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്‍റ് ഗവർണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി. ദില്ലിയിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ദില്ലി വിവേക് വിഹാർ ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദു:ഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം താനുണ്ടെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.

ഇൻഡസ്ട്രി കണക്റ്റിന്‍റെ ഭാഗമായി നടത്തിയ മീറ്റിങ്ങിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് പരക്കുന്നതെന്ന് ടൂറിസം ഡയറക്ടർ വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകൾ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് സ്റ്റേക് ഹോൾഡേഴ്സിൻ്റെ യോഗം 21 ന് വിളിച്ച് ചേർത്തത്, യോഗത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളിൽ നിന്ന് തന്നെ ഇത് ബാർ ഉടമകളുടെ മാത്രമായതോ , സർക്കാരിൻറെ മദ്യനയവുമായി ബന്ധപ്പെട്ടതോ ആയ പ്രത്യേക യോഗം അല്ല എന്നത് വളരെ വ്യക്തമാണെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു.

മദ്യനയത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന ടൂറിസം, എക്സൈസ് മന്ത്രിമാരുടെ വാദം പൊളിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിന്റെ വിശദാംശങ്ങളാണ് ഇന്ന് പുറത്തുവന്നത്. ഈ യോഗത്തിലാണ് ബാറുടമകള്‍ ഡ്രൈഡേ മാറ്റവും , പ്രവര്‍ത്തനസമയം കൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുള്ളത്. ഓണ്‍ലൈനായി ചേര്‍ന്ന ഈ യോഗം മദ്യനയം പുതുക്കുന്നതുമായി ബന്ധപ്പെട്ട യോഗം എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

മദ്യനയത്തിൽ ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മദ്യനയത്തിൽ ആലോചന നടന്നിട്ടില്ലെന്നത് കള്ളമാണ്. വിഷയത്തിൽ ടൂറിസം മന്ത്രിയും ഇടപെട്ടിട്ടുണ്ട്. ടൂറിസം മന്ത്രി എക്സൈസ് മന്ത്രിയെ മറികടന്നാണ് ഇടപെട്ടതെന്നും ഇത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. മദ്യനയം മാറ്റത്തിൽ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും, മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.

രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ല. പക്ഷെ കൈക്കൂലി വാങ്ങി സർക്കാർ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ടൂറിസം, എക്സൈസ് മന്ത്രിമാർ അറിയാതെ മദ്യ നയം മാറ്റം നടക്കില്ല. ഇതേ മോഡൽ കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാൾ അഴിയെണ്ണുന്നത്. കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

 

പണം കിട്ടാന്‍ മദ്യ നയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി വിജയന്‍ മാതൃകയാക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തില്ലാത്തതുകൊണ്ട് കേജരിവാളിന് കോടതിയില്‍ നിന്ന് കിട്ടിയ ആനുകൂല്യമൊന്നും പിണറായി പ്രതീക്ഷിക്കേണ്ടെന്നും, മദ്യനയത്തെക്കുറിച്ച് ചര്‍ച്ച നടന്നിട്ടേ ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി പറയുന്നത്. ഇതുകൊണ്ടൊന്നും ജനത്തെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയത്തില്‍ പ്രതിപക്ഷം തണുത്തുറഞ്ഞിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വിമര്‍ശിച്ചു. എന്നാൽ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സി.ബിസിയുടെ പ്രസ്താവനയോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍, 800 ബാറുകള്‍ അനുവദിച്ചപ്പോള്‍ അവരെവിടെയായിരുന്നുവെന്ന് വിഡി സതീശൻ ചോദിച്ചു.

 

തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നടക്കുന്ന കെ എസ് യുവിന്റെ സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്. നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു. രാജീവ് ഗാന്ധി ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു.

സംസ്ഥാന ക്യാമ്പിൽ ചില തർക്കങ്ങൾ ഉണ്ടായി, അതിനെ പർവതീകരിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള പ്രശ്നമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും സംഘർഷം ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം എഡിജിപിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ അജണ്ടയില്ലാതെയാണ് യോഗം ചേരുന്നത്. സമകാലിക സംഭവങ്ങളും പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള തയാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്.

ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ചാണ് കൊച്ചി വിമാനത്താവളം 25-ാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് മന്ത്രി പി രാജീവ്. 2023ലാണ് ഒരു വര്‍ഷം ഒരു കോടി യാത്രക്കാരെന്ന റിക്കോര്‍ഡ് സിയാല്‍ പൂര്‍ത്തീകരിച്ചത്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി ഇതോടെ സിയാല്‍ മാറിയെന്നും മന്ത്രി അറിയിച്ചു.

 

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഓഫീസർ കമാൻറൻറ് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് നിർദ്ദേശിച്ചതായി അക്കാദമി ഡയറക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അക്കാദമി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ട് കിട്ടും വരെ ഓഫീസറെ താത്കാലികമായി ചുമതലയിൽ നിന്നും മാറ്റിനിർത്താൻ നിർദ്ദേശിച്ചതായും ഡയറക്ടർ അറിയിച്ചു.

കേരളത്തിന് 21,253 കോടി രൂപ വരെ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നും മഴക്കെടുതിയിൽ തിരുവനന്തപുരത്തിന് 200 കോടിയുടെ കേന്ദ്ര സർക്കാർ കർമ്മ പദ്ധതി ഉറപ്പാക്കിയെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ചോർച്ചയും അഴിമതിയും കൂടാതെ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഈ തുക നേരായ രീതിയിൽ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്നതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 2024 ഡിസംബർ വരെ 21,253 കോടി രൂപ വരെ കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്.

മാംഗ്ലൂർ സെൻട്രൽ മെയിലിൻ്റെ കോച്ചിൽ വിള്ളൽ കണ്ടെത്തി. ചെന്നൈയിൽ നിന്നും മാംഗ്ലൂരിലേക്ക് പോവുകയായിരുന്ന 12601 നമ്പര്‍ ട്രെയിനിലാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. സ്ലീപ്പർ ബോഗിയിലാണ് തകരാർ ഉണ്ടായിരുന്നത്. പിന്നാലെ വിള്ളൽ കണ്ടെത്തിയ ബോഗി അഴിച്ച് മാറ്റിയതിനുശേഷം സർവീസ് തുടർന്നു.

തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ട 85-ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം.

പതിനാലുകാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കായംകുളം കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ മനോജ് കുഴഞ്ഞുവീണ് മരിച്ചു. പതിനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നു. വധശ്രമത്തിനായിരുന്നു മനോജിനെതിരെ കേസെടുത്തിരുന്നത്. ഇന്നലെ ജാമ്യത്തിലിറങ്ങിയിരുന്നു.

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ജ്വാല ലക്ഷ്മി, മേഘ എന്നിവരാണ് മരിച്ചത്. വടക്കന്‍പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപത്തായാണ് അപകടമുണ്ടായത്. പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ആടിനെ മേക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂര്‍ബന്ദ് സ്വദേശി ചിക്കിയാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

 

ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി രാജ്കോട്ട് കമ്മീഷണർ രാജു ഭാർഗവ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറിൽ നിന്നുള്ള ഫോറൻസിക് സംഘം ദുരന്തസ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിക്കുകയാണ്.

പ്രശസ്ത യൂട്യൂബർ ധ്രുവ് റാത്തിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സംഗഭീഷണിയും വധഭീഷണിയും ഉണ്ടെന്ന് രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും സ്വാതി മലിവാൾ പറഞ്ഞു.

പുണെയിൽ രണ്ട് ഐടി ജീവനക്കാർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന് ഇടയാക്കിയ ആഡംബര പോർഷെ കാർ 17-കാരന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളാണ് 17കാരന് കാർ സമ്മാനിച്ചതെന്നാണ് റിപ്പോർട്ട്.

പ്രൊജക്ട് ടൈഗർ പദ്ധതി 50 വർഷം പിന്നിട്ടതിൻ്റെ ആഘോഷ പരിപാടികൾക്കായി മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്ക്കാത്തതിനാൽ നിയമനടപടി സ്വീകരിക്കുമെന്ന് റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടൽ അറിയിച്ചു. ഹോട്ടൽ ബിൽ ആരുകൊടുക്കുമെന്നതിന്റെ പേരിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ബിൽ അടയ്ക്കാൻ വൈകിയതെന്നാണ് വിശദീകരണം.

ഖത്തറില്‍ നാളെ മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. നാളെ മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *