തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ കാറ്റോടെ ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.  ഒറ്റപ്പെട്ടസ്ഥലങ്ങളിൽ  ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. 2333.72 അടിയായിരുന്ന വ്യാഴാഴ്ച രാവിലെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. എന്നാൽ വെള്ളിയാഴ്ച ജലനിരപ്പ് 2333.10 ലേക്ക് താഴ്ന്നു. മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടിയതാണ് ജലനിരപ്പ് താഴാൻ കാരണം. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം.

ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറ് സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്.  രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് , സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി,കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, ഹർദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെർലേന , ഗൗതം ഗംഭീർ, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹർലാൽഖട്ടർ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുള്ള പ്രമുഖ‌ർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സംഘര്‍ഷമുണ്ടായ ബംഗാളിലെ നന്ദിഗ്രാമില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദില്ലി സെൻ്റ് തോമസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സിപിഎം പിബി അംഗം ബൃന്ദ കാരാട്ടിന് ആദ്യം വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.   വോട്ടിംഗ് മെഷീനിൽ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു . തുടർന്ന് വോട്ടിങ് മെഷീനിലെ തകരാര്‍  പരിഹരിക്കപ്പെടുന്നത് വരെ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് ബൃന്ദ കാരാട്ട് മടങ്ങിയത്.

ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം   പുറത്ത് വന്നത് വിവാദമായ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. എസ് പി മധുസൂദനനാണ് അന്വേഷണ ചുമതല.  ശബ്ദരേഖക്ക് പിന്നില്‍ ഗൂഡാലോചയുണ്ടെന്നാരോപിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ് ഇന്നലെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് അന്വേഷണം നടക്കുന്നത്.

 

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റുന്ന കാര്യവും ബാറുകളുടെ പ്രവർത്തന സമയം കൂട്ടുന്ന കാര്യവും പരിഗണിക്കേണ്ടെന്നു സർക്കാർ തലത്തിൽ ധാരണ. മദ്യനയത്തിൽ ഇതു രണ്ടും പരിഗണിക്കുമെന്നായിരുന്നു സൂചന.  എന്നാൽ മന്ത്രി ഒരാഴ്ചത്തെ യൂറോപ് സന്ദർശനത്തിനായി ഇന്നു രാവിലെ പുറപ്പെട്ടു.

 

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പത്തിലേറെ സീറ്റുകളില്‍ ജയമുറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും, കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഇരുപതിൽ ഇരുപതും കോൺഗ്രസ് നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വ്യക്തമാക്കി.  ഇടതുപക്ഷത്തിനും ബി.ജെ.പിക്കും ഒരു സീറ്റും കിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ പ്രധാനമായും പ്രതിഫലിച്ചത് സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്നും കെ.സുധാകരൻ പറഞ്ഞു.

വിരമിക്കൽ അനൂകൂല്യം നൽകണമെന്ന വിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞു.  2010 ൽ  ഹോമിയോ വകുപ്പിലെ അധ്യാപികയായി വിരമിച്ച തിരുവനന്തപുരം സ്വദേശി വത്സലകുമാരിക്ക് വിരമിക്കൽ അനൂകൂല്യം പൂർണ്ണമായി നൽകാൻ കഴിഞ്ഞ വർഷം ജൂലായിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടി കാട്ടിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.

പ്ലസ് വണ്ണിന്റെ ആദ്യ അലോട്ട്മെന്‍റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിര്‍ത്തിയുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുററപ്പെടുത്തി. അതോടൊപ്പം മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.  മൂന്നാം അലോട്ട്മെന്‍റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തനംതിട്ട മണിയാർ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകൾ കരാറുകാരനെ കൊണ്ട് മാറ്റി സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തിയ സംഭവത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നും, സംഭവത്തിൽ വിശദമായ റിപ്പോർട്ട് വേണമെന്നും കളക്ടർ ആവശ്യപ്പെട്ടു. മഴ കനത്ത് ബാരേജ് നിറഞ്ഞാൽ ജലനിരപ്പ് ക്രമീകരിച്ച് പ്രളയക്കെടുതി ഒഴിവാക്കാൻ അഞ്ച് ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാൽ അഞ്ചെണ്ണത്തിന്‍റെയും അവസ്ഥ പരിതാപകരരമാണെന്ന് നാട്ടുകാർ വ്യക്തമാക്കി.

പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന്  7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്ന കർഷകൻ സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിൽ എലൂർ പോലീസ് കേസെടുത്തു.   എലൂർ നഗരസഭയും പരാതി നൽകിയിരുന്നു. പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് രാസമാലിന്യമല്ല വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്നാണ്  പിസിബിയുടെ വിലയിരുത്തൽ.  രാസപരിശോധനയുടെ റിസൾട്ട്‌ വരാൻ വൈകിയേക്കും.

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനെ തുടർന്ന് ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയ‍ര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ ഷിജുവിനാണ് പകരം നിയമനം. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു.

ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾക്കെതിരെ ബിഷപ് ജോസഫ് കരിയിൽ. കൊച്ചിയിൽ കുട്ടികൾക്കായി സഭ സംഘടിപ്പിച്ച പരിപാടിയിലാണ് വിമർശനം.സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും ഇത്തരം സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാൻ പറഞ്ഞാൽ എല്ലാവരും ഇല്ലുമിനാറ്റി എന്ന പാട്ട് പാടും എന്നാൽ ഇല്ലുമിനാറ്റി എന്നത് സഭാ വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണെന്ന് പലര്‍ക്കും അറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാറിലെ പുതിയ ഡാം നിർമ്മാണത്തിന് അനുമതി നൽകരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സ്റ്റാലിൻ കത്തെഴുതി. സുപ്രീംകോടതി ഉത്തരവ് മറികടന്നുള്ളതാണ് കേരളത്തിന്‍റെ നീക്കം. കേരളം മുന്നോട്ട് പോയാൽ കോടതിയലക്ഷ്യം അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

ഇടുക്കി വട്ടവടയിലെ ചെക്ക് ഡാം നിർമ്മാണം ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അധികമായെത്തുന്ന വെള്ളം ഡാമിലൂടെ പുറത്തേക്ക് ഒഴുകും. വെള്ളം കിട്ടില്ലെന്ന്‌ തമിഴ്നാട് ആശങ്കപ്പെടേണ്ടതില്ല. വെള്ളം കിട്ടുമെന്ന കാര്യം തമിഴ്നാടിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവര്‍ കണ്ട് ബോധ്യപ്പെട്ട ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും മന്ത്രി പറഞ്ഞു. വട്ടവടയിൽ ചെക്ക് ഡാം നിർമ്മിക്കുന്നതിന് എതിരെ തമിഴ് നാട് പ്രതിഷേധം അറിയിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ്  അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മൂന്നാറിൽ നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന സംഘം അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

 

സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുമരണം. കാസര്‍കോട്ട് മിന്നലേറ്റ് ബെള്ളൂര്‍ സ്വദേശി ഗംഗാധരന്‍ മരിച്ചു.  അതോടെ എറണാകുളം പുതുവൈപ്പ് ബീച്ചില്‍ വെള്ളക്കെട്ടില്‍ വീണ് മല്‍സ്യത്തൊഴിലാളി മരിച്ചു. കൊടിക്കല്‍ സ്വദേശി ദിലീപിന്‍റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

 

കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്‌ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണയാണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ് മുങ്ങിപ്പോവുകയായിരുന്നു.

 

കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചു.

 

അമാനുഷികനായ വ്യക്തിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. പൗരത്വം ലഭിക്കില്ലെങ്കില്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിനോ മത്സരിക്കുന്നതിനോ സാധിക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു.താന്‍ അമാനുഷികനാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി മോദി നടത്തിയതിനു പിന്നാലെയാണ് ശശിതരൂരിന്റെ പോസ്റ്റ്.

 

റിയാദിലെ ഒരു റെസ്‌റ്റോറൻറിൽ വിഷബാധയുണ്ടായ സംഭവത്തിൽ ഉത്തരവാദികളായ ആർക്കും രക്ഷപ്പെടാനാകില്ലെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) വ്യക്തമാക്കി. ഉത്തരവാദികളായ ഉദ്യോഗസ്ഥർ അവരുടെ സ്ഥാനവും പദവിയുമൊന്നും പരിഗണിക്കപ്പെടാതെ വിചാരണ ചെയ്യപ്പെടുമെന്നും ഭരണകൂടം നിർദേശിച്ചു.

 

മധ്യപ്രദേശിലെ ഇൻഡോറിൽ സുഹൃത്തിന്റെ വീട്ടിലെ പാർട്ടിക്ക് ശേഷം ബാൽക്കണിയിൽ സംസാരിച്ചിരിക്കെ ഇൻഡോർ സ്വദേശികളായ ദിവ്യാംശ്, നീരജ് പട്ടേൽ എന്നിവർ മരിച്ചു. ബഹുനില കെട്ടിടത്തിന് സമീപത്ത് കൂടി പോകുന്ന ഹൈ ടെൻഷൻ പവർ ലൈനാണ് അപകടകാരണമായത്.

 

പൂനെയിൽ 17കാരനോടിച്ച ആഢംബര കാറിടിച്ച് രണ്ട് ഐടി ജീവനക്കാ‌ർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചത് താനാണെന്ന് പറയാൻ പ്രതിയുടെ മുത്തച്ഛൻ നി‌ബന്ധിച്ചുവെന്ന കുടുംബ ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്. നേരത്തെ പിടിയിലായ പതിനേഴുകാരന്റെ അച്ഛൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജാമ്യം റദ്ദാക്കപ്പെട്ട പതിനേഴുകാരൻ അടുത്തമാസം അഞ്ചുവരെ ജുവൈനൈൽ ഹോമിൽ തുടരും.

 

ഇന്ത്യയിൽ നിന്ന് നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കാൻ സർക്കാർ തീരുമാനം. നാല് കടുവകളെ കംബോഡിയയിലേക്ക് അയയ്ക്കുമെന്നാണ്  റിപ്പോർട്ട്.  2022ൽ ലോകത്തിലെ ആദ്യത്തെ അന്തർദേശീയ കടുവ പുനരുദ്ധാന പദ്ധതിക്കായി കംബോഡിയയുമായി കരാർ ഒപ്പിട്ടിരുന്നു.

 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ച് തിരഞ്ഞെടുപ്പ് വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി. പരമാവധി 260 സീറ്റുകള്‍ വരെനേടാമെന്നാണ് പ്രവചനം. 240 സീറ്റുകളാണ് യാദവ് തന്റെ അന്തിമവിലയിരുത്തലില്‍ ബി.ജെ.പിക്ക് പ്രവചിക്കുന്ന കുറഞ്ഞ സീറ്റുകള്‍.

 

ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിനെ കൊലപ്പെടുത്തിയത് ഹണിട്രാപ്പിലൂടെ  കൊൽക്കത്തയിലെ ഹോട്ടലിലേക്കെത്തിച്ചെന്ന് പൊലീസ്.  സംഭവത്തിൽ ഷിലാസ്തി റഹ്മാൻ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  ബംഗ്ലാദേശ് വംശജനും യു.എസ്. പൗരനുമായ അഖ്തറുസ്സമാൻ എന്നയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നടത്താനായി ഇയാൾ പ്രതികൾക്ക് അഞ്ച് കോടി രൂപ പ്രതിഫലമായി നൽകിയെന്നാണ് പോലീസിന്റെ വിശദീകരണം.

 

വടക്കൻ പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 300ലധികം ആളുകളും 1,100 ലധികം വീടുകളും മണ്ണിനടിയിലായതായി റിപ്പോർട്ട്. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി  എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. പ്രവിശ്യയിലെ മുലിറ്റക മേഖലയിലെ ആറിലധികം ഗ്രാമങ്ങളെ ദുരന്തം ബാധിച്ചതായി ഓസ്‌ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് സ്ഥിരീകരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *