web cover 89

സമുദായ ക്വാട്ട ഹൈക്കോടതി പുനസ്ഥാപിച്ചു. എന്‍എസ്എസ് സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പത്തു ശതമാനം സമുദായ ക്വാട്ടയില്‍ നായര്‍ സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാമെന്നു ഹൈക്കോടതി. പിന്നാക്ക ന്യൂനപക്ഷ മാനേജുമെന്റുകള്‍ അല്ലാത്ത മറ്റു സമുദായങ്ങളുടെ പത്തു ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ റദ്ദാക്കിയ ജൂലൈ 27 ലെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരേ എന്‍എസ്എസ് നല്‍കിയ അപ്പീലിലാണ് ഈ വിധി.

പാലക്കാട് സിപിഎം നേതാവ് ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെ നാലു പേര്‍കൂടി അറസ്റ്റിലായി. പോലീസ് കസ്റ്റഡിയിലെടുത്ത് കാണാനില്ലെന്ന പരാതിയില്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന് കണ്ടെത്താനാകാത്ത രണ്ടു പേരില്‍ ഒരാളേയും അറസ്റ്റു ചെയ്തിട്ടുണ്ട്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്‍ഥന്‍, ചേമ്പനയിലെ ബിജെപി ഭാരവാഹി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. ആവാസിനെ കാണാനില്ലെന്ന പരാതിയുമായി അമ്മ കോടതിയെ സമീപിച്ചിരുന്നു. കാണാതായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന ജയരാജിനെ അറസ്റ്റു ചെയ്തിട്ടില്ല. ആകെ പന്ത്രണ്ട് പേരെയാണ് അറസ്റ്റു ചെയ്തത്.

ഷാജഹാന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കണ്ടെത്താന്‍ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ പാലക്കാട്ടെ പോലീസ് സ്റ്റേഷനുകളില്‍ പരിശോധന നടത്തി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് ഇരുവരുടേയും അമ്മമാരാണു കോടതിയില്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലുണ്ടായിരുന്ന ആവാസിന്റെ അറസ്റ്റ് രാത്രി പോലീസ് രേഖപ്പെടുത്തി. ജയരാജനെക്കുറിച്ച് പോലീസ് മൗനംപാലിക്കുകയാണ്.

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

അട്ടപ്പാടി മധു കേസില്‍ പ്രതിഭാഗം അഭിഭാഷകന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നു കോടതി. പന്ത്രണ്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള വിധിയിലാണ് പ്രതിഭാഗം അഭിഭാഷകനെതിരേ പരാമര്‍ശങ്ങള്‍. പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ ജഡ്ജി പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ജഡ്ജിക്കെതിരേ ഫോട്ടോ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്ത വരുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞെന്ന് ഉത്തരവില്‍ പറയുന്നു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭാ സമ്മേളനം നാള ആരംഭിക്കും. ബില്ലിന്റെ കരട് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ലോകായുക്തയുടെ വിധി പുനപരിശോധിച്ചു തള്ളിക്കളയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.

കേരള സര്‍വകലാശാലയുടെ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ എപ്പോള്‍ വേണമെങ്കിലും സര്‍വകലാശാല പ്രതിനിധിക്കു നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികള്‍ നിര്‍ത്തിവയ്ക്കില്ല. തനിക്കെതിരെ സര്‍വകലാശാല സിന്‍ഡിക്കറ്റ് പ്രമേയം പാസാക്കിയത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

പിഎസ് സി നിയമനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ സംവിധാനം വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ് സി എംപ്ളോയീസ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിച്ചശേഷം ഒഴിവു റിപ്പോര്‍ട്ടു ചെയ്താല്‍ പോരാ. ജോലിയില്‍ പ്രവേശിക്കുമ്പോള്‍തന്നെ വിരമിക്കുന്നത് എന്നാണെന്ന് അറിയാം. അതനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കാനാകും. കഴിഞ്ഞ ആറു വര്‍ഷം രണ്ടു ലക്ഷം പേര്‍ക്കു നിയമനം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് മൂവായിരം രൂപ അഡ്വാന്‍സ് നല്‍കുമെന്നു കെഎസ്ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്കാണ് അഡ്വാന്‍സ്. സെപ്തംബര്‍ ആദ്യ വാരം പണം വിതരണം ചെയ്യും. ഈ തുക പിന്നീട് ശമ്പളത്തില്‍നിന്ന് തിരിച്ചു പിടിക്കും. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.

തൊടുപുഴയില്‍ പൊലീസുകാരന്‍ മയക്കുമരുന്നുമായി പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ. ഷാനവാസാണ് മൂന്നര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവുമായി പിടിയിലായത്. പോലീസ് അസോസിയേഷന്‍ നേതാവാണ് ഇയാള്‍.

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ദിവസത്തേക്കു മദ്യശാലകള്‍ തുറക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഇന്നും നാളേയും മദ്യശാലകള്‍ അടച്ചിടാന്‍ ഉത്തരവിട്ടത്.

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തന്നെ സ്റ്റാഫംഗങ്ങളെ അറസ്റ്റു ചെയ്തത് ബിജെപിയെ പ്രീണിപ്പിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തന്ത്രമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുല്‍ഗാന്ധിയെ അപമാനിക്കാനാണ് കള്ളക്കേസില്‍ കുടുക്കിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വ്യവസായ മന്ത്രി പി രാജീവിന്റെ വാഹനം റൂട്ടുമാറ്റി കൊണ്ടുപോയതിനു സസ്പെന്‍ഡു ചെയ്ത അകമ്പടി വാഹനത്തിലെ പൊലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. വഴിമാറ്റി സഞ്ചരിച്ചതില്‍ മന്ത്രിക്ക് അതൃപതിയുണ്ടായെന്ന് ആരോപിച്ചാണ് സിറ്റി പൊലീസ് കമ്മിഷണര്‍ എസ്ഐ അടക്കം രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയതത്. സസ്പെന്‍ഷന്‍ ഉത്തരവിനെതിരെ മന്ത്രിയും പൊലീസ് സംഘടനകളും രംഗത്തുവന്നിരുന്നു.

പാര്‍ട്ടി സഖാവിന് കരള്‍ പകുത്തു നല്‍കി ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തക. ഡി.വൈ.എഫ്.ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറി പ്രിയങ്ക നന്ദയാണ് സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ് രാജാലാലിനു കരള്‍ പകുത്തുനല്‍കിയത്.

പാന്റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ചുപിടിപ്പിച്ച് കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്ത് പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ സ്വദേശി കെ ഇസ്സുദ്ദീനാണ് ഒരു കിലോ സ്വര്‍ണവുമായി പിടിയിലായത്. കസ്റ്റംസ് പരിശോധനയില്‍നിന്നു രക്ഷപ്പെട്ട ഇയാളെ പുറത്തു കാത്തുനിന്ന പോലീസ് പിടികൂടുകയായിരുന്നു.

മാധ്യമങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിമര്‍ശനം നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യം വാര്‍ത്തയാക്കാനാണ് മാധ്യമങ്ങള്‍ മത്സരിക്കുന്നത്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോയെന്നു മാധ്യമങ്ങള്‍ സ്വയം ചിന്തിക്കണം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ കാലമാണ്. മുഖ്യമന്ത്രി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മകനെ ആക്രമിക്കുന്നതു തടയാനെത്തിയ പിതാവ് രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. എറണാകുളം പറവൂര്‍ കൈപ്പടി സ്വദേശി വിമല്‍കുമാര്‍ (54) ആണ് മരിച്ചത്. ആക്രമികള്‍ ലഹരിസംഘാംഗങ്ങളമാണെന്നു സംശയിക്കുന്നു. വീടിനരികില്‍ അപകടത്തില്‍പ്പെട്ട ബൈക്കുകാരെ വിമല്‍കുമാറിന്റെ മകനും സുഹൃത്തും സഹായിച്ചിരുന്നു. ബൈക്കില്‍പോയ യുവാക്കള്‍ അല്‍പസമയത്തിനകം തിരിച്ചെത്തി വിമല്‍ കുമാറിന്റെ മകനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നു.

തിരുവനന്തപുരം നഗരൂരിനടുത്ത് തേക്കിന്‍കാടുണ്ടായ വാഹനാപകടത്തില്‍ ബൈക്കു യാത്രക്കാരായ അച്ഛനും മകനും മരിച്ചു. നഗരൂര്‍ സ്വദേശി പ്രദീപും എട്ട് വയസുകാരനായ മകന്‍ ശ്രീദേവുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രദീപിന്റെ മൂത്തമകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ കാറോടിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കിയില്‍ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബി (43)യാണ് പിടിയിലായത്. മുക്കുപണ്ടം നല്‍കി ജിബി അടിമാലി കൃഷ്ണ ജ്വല്ലറി ഉടമയില്‍നിന്ന് മൂന്നു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

പാലക്കാട് കഞ്ചിക്കോട് ദേശീയ പാതയില്‍ സ്വകാര്യ കോളേജ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഘത്തിലെ അഞ്ചു പേര്‍ അറസ്റ്റില്‍. രണ്ടു പേരെകൂടി പിടികൂടാനുണ്ട്. രോഹിത്, നിഖില്‍, അക്ബര്‍, സത്യജിത്, സുജീഷ് എന്നിവരാണ് പിടിയിലായത്. അഞ്ചു പേരും കഞ്ചിക്കോട് സ്വദേശികളാണ്.

തിരുവനന്തപുരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്പത്തഞ്ചുകാരനായ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. തൂത്തുക്കുടി സ്വദേശിയായ ചിന്നദുരൈയെ അതിവേഗ സ്പെഷ്യല്‍ കോടതിയാണ് ശിക്ഷിച്ചത്.

കൊല്ലം ആര്യങ്കാവില്‍ ആള്‍മാറാട്ടം നടത്തി ഒന്നര ലക്ഷം രൂപയുടെ ലോട്ടറി മോഷ്ടിച്ച കേസില്‍ രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറസ്റ്റില്‍. ആര്യങ്കാവ് ഡിപ്പോയിലെ ജീവനക്കാരായ സജിമോന്‍, സുധീഷ് എന്നിവരെയാണ് തെന്മല പൊലീസ് പിടികൂടിയത്.

പൊള്ളാച്ചിയില്‍ നോട്ടിരട്ടിപ്പു തട്ടിപ്പ് നടത്തിയ മലയാളി അറസ്റ്റില്‍. അഞ്ചു ലക്ഷം രൂപ തട്ടിയ കേസിലാണ് പാലക്കാട് മേനമ്പാറ സ്വദേശി ഷണ്‍മുഖം പിടിയിലായത്.

ഗുണ്ടാ നിയമമായ കാപ്പ ചുമത്തി പരപ്പനങ്ങാടിയിലെ വൈഡ് മുജീബെന്ന മുജീബ് റഹ്‌മാനെ നാടുകടത്തി. ഒരു വര്‍ഷത്തേക്ക് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്നതിനാണു നിരോധനം.

ആലപ്പുഴയില്‍് ലോഡ്ജിനു തീപിടിച്ച് കൊറിയര്‍ സര്‍വ്വീസ് സ്ഥാപനമടക്കം നാലു കടമുറികള്‍ കത്തിനശിച്ചു. ആളപായമില്ല. ചേര്‍ത്തല ഗേള്‍സ് സ്‌കൂള്‍ കവലക്കുസമീപത്തുള്ള ലോഡ്ജിനാണ് തീപിടിച്ചത്.

ഉത്തരേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ പേമാരി മൂലം 26 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശില്‍ പതിനഞ്ചു പേരാണു മരിച്ചത്. അഞ്ചു സംസ്ഥാനങ്ങലിലും വന്‍നാശം. ജമ്മു കാഷ്മീരില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായി. കനത്ത മഴയില്‍ ഇരു സംസ്ഥാനങ്ങളിലും നദികള്‍ കരവിഞ്ഞൊഴുകി. ഹിമാചലിലെ കാന്‍ഗ്ര ജില്ലയില്‍ ചക്കി നദിക്ക് കുറുകെയുള്ള റെയില്‍പ്പാളം പ്രളയത്തില്‍ തകര്‍ന്നു.

ഓഹരി വിപണിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചാല്‍ കോടികള്‍ സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് നിരവധിപേരുടെ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ദമ്പതികള്‍ ചെന്നൈയില്‍ പിടിയില്‍. ‘കില്ലാഡി ദമ്പതികള്‍’ എന്ന് അറിയപ്പെടുന്ന കാമാക്ഷിയും കാര്‍ത്തികേയനുമാണ് പിടിയിലായത്. അഞ്ചു കോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുുത്തിട്ടുണ്ടാകുമെന്നാണു പോലീസ് കരുതുന്നത്.

ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാവുന്ന വകുപ്പുകളുമായി തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു. ഭേദഗതി അനുസരിച്ച് തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയവയെല്ലാം കുറ്റങ്ങളാണ്.

ബെംഗളൂരു- ഹൈദരാബാദ് സെമി ഹൈസ്പീഡ് റെയില്‍പാത പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കുന്ന പാത സജ്ജമാകുന്നതോടെ യാത്രാ സമയം 150 മിനിറ്റായി കുറയ്ക്കാനാകുമെന്നാണു റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയുടെ ഭാഗമായുള്ള പദ്ധതിക്കു 30,000 കോടി രൂപ ചെലവ് വരും.

വിനയം വേണം, എല്ലാവരോടും നമസ്തേ പറയണമെന്നും മന്ത്രിമാര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പുത്തന്‍ കാറുകള്‍ മോഹിക്കേണ്ട. കാല്‍ തൊട്ടു വണങ്ങാന്‍ നിന്നു കൊടുക്കരുത്. സമ്മാനമായി പൂച്ചെണ്ടുകള്‍ക്കു പകരം പുസ്തകമോ പേനയോ പ്രോത്സാഹിപ്പിക്കണമെന്നും തേജസ്വി നിര്‍ദേശിച്ചു.

ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്വപ്ന ഭവനം യന്ത്രസഹായത്തോടെ അഞ്ഞൂറ് അടി പിറകിലേക്കു മാറ്റുകയാണ് ഒരു കര്‍ഷകന്‍. കാരണം എന്താണെന്നോ? ഡല്‍ഹി -അമൃത്സര്‍- കത്ര എക്‌സ്പ്രസ് വേ പദ്ധതിക്കു സ്ഥലം വിട്ടുകൊടുക്കാനാണ് കൂറ്റന്‍ ഇരുനില ബംഗ്ലാവ് ഇത്രയും പിറകിലേക്കു മാറ്റുന്നത്. സംഗ്രൂരിലെ റോഷന്‍വാല ഗ്രാമത്തിലെ സുഖ്വീന്ദര്‍ സിംഗ് സുഖി സ്വന്തം വയലിലാണു വീട് നിര്‍മ്മിച്ചത്. വീട് പൊളിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.

നിരോധിത ഫണ്ട് കേസില്‍ മൂന്നാം തവണയും ഹാജരാകാത്തതിന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ രണ്ടു ദിവസത്തിനകം അറസ്റ്റു ചെയ്തേക്കും. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് അറസ്റ്റിനായി ഒരുങ്ങുന്നത്.

പോളണ്ടിലെ വാഴ്‌സോ വിമാനത്താവളത്തില്‍ 81 കാരി അഞ്ചു ലക്ഷത്തിലേറെ ഡോളര്‍ വില വരുന്ന മയക്കുമരുന്നുമായി പിടിയിലായി. അഞ്ചു കിലോഗ്രാം ഹെറോയിന്‍ പായ്ക്കറ്റുകളുമായാണ് ഇവര്‍ കസ്റ്റംസിന്റെ പിടിയിലായത്.

റഷ്യയില്‍ ജനസംഖ്യാ വര്‍ധനയെ പ്രോല്‍സാഹിപ്പിക്കാന്‍ ‘മദര്‍ ഹീറോ’ പദ്ധതിയുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. പത്തു മക്കളുള്ള അമ്മമാര്‍ക്കാണു മദര്‍ ഹീറോ പദവി നല്‍കുക. 13 ലക്ഷം രൂപയും ഇതര സമ്മാനങ്ങളും നല്‍കും. 1944 ല്‍ സ്റ്റാലിനും ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരുന്നു.

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ തീവ്രവാദികള്‍ ഹോട്ടലിനുനേരെ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 20 മണിക്കൂര്‍ നടത്തിയ ഓപ്പറേഷനു ശേഷം ബന്ദികളെ മോചിപ്പിച്ചതായി സൂചനയുണ്ട്. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്.

സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 25.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുക്കുകയും 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത മലയാളി താരം സഞ്ജു സാംസണാണ് മാന്‍ ഓഫ് ദി മാച്ച്. ഈ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.

ബള്‍ഗേറിയയില്‍ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അന്തിം പംഗല്‍. അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാതാരം എന്ന റെക്കോഡാണ് പംഗല്‍ സ്വന്തമാക്കിയത്. വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് പംഗല്‍ സ്വര്‍ണം നേടിയത്.

രാജ്യത്തെ അതിവേഗം വളരുന്ന സ്വകാര്യ ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എ.ഐ.എ ലൈഫ് ഇന്‍ഷ്വറന്‍സ് 2022 സാമ്പത്തിക വര്‍ഷത്തേക്ക് പങ്കാളിത്ത പോളിസി ഉടമകള്‍ക്കായി 861 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. ഇത് തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ടാറ്റാ എ.ഐ.എ ലൈഫ് ഇന്‍ഷ്വറന്‍സ് ബോണസ് നല്‍കുന്നത്. ഇത്തവണത്തെ ബോണസ് 2021 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലുമാണ്. 2022 മാര്‍ച്ച് 31ന് പ്രാബല്യത്തിലുള്ള എല്ലാ പാര്‍ട്ടിസിപ്പേറ്റിംഗ് പോളിസികളിലും ബോണസിന് അര്‍ഹതയുണ്ടാകും. കമ്പനി 2021-22 സാമ്പത്തിക വര്‍ഷം 4,455 കോടി രൂപയുടെ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം നേടിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണിത്.

മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ 12 മാളുകള്‍ സ്ഥാപിക്കാന്‍ യു.എ.ഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ്. ഗുരുഗ്രാം, നോയ്ഡ,പ്രയാഗ് രാജ്,വാരാണസി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വന്‍ വികസന പദ്ധതികളാണ് ഗ്രൂപ്പ് സ്ഥാപിച്ചിട്ടുള്ളത്. കോഴിക്കോട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം, പാലക്കാട്,നോയ്ഡ,വാരാണസി,പ്രയാഗ് രാജ്, അഹ്‌മദാബാദ്,ഹൈദരാബാദ്,ബെംഗലൂരു,ചെന്നൈ എന്നിവിടങ്ങളില്‍ മാളുകള്‍ തുറക്കാനാണ് പരിപാടി. ഇപ്പോള്‍, കൊച്ചി,തിരുവനന്തപുരം,തൃശൂര്‍,ബെംഗലൂരു,ലഖ്നോ എന്നിവിടങ്ങളിലാണ് ലുലുമാള്‍ ഉള്ളത്. പ്രയാഗ് രാജിലും വാരാണസിയിലും ഭൂമിയേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണ്. അതിനു ശേഷം കാണ്‍പൂരില്‍ മാള്‍ നിര്‍മാണം സംബന്ധിച്ച് തീരുമാനം എടുക്കും. 2013ല്‍ കൊച്ചിയിലാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ മാള്‍ സ്ഥാപിച്ചത്.

ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത പീസ് എന്ന ചിത്രത്തിലെ രണ്ടാം ട്രെയിലര്‍ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ജോജുവും ആശാശരത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലര്‍ കടന്നുപോകുന്നത്. ചിത്രം ഓഗസ്റ്റ് 26ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് പീസ്. നവാഗതനായ സന്‍ഫീര്‍. കെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു.

നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ഡിഎക്സ്’. നീരജ് മാധവ്, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ് എന്നിവര്‍ ഒന്നിച്ചെത്തുന്ന ചിത്രം ആക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്. അന്‍പറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. പവര്‍ ആക്ഷന്‍ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ഈ ചിത്രം മാര്‍ഷല്‍ ആര്‍ട്ട്സിന് ഏറെ പ്രാധാന്യമുള്ളതാണ്. ‘റോബര്‍ട്ട്’, ‘ഡോണി’, ‘സേവ്യര്‍’ എന്നിവരാണ് ‘ആര്‍ഡിഎക്സി’ലെ പ്രധാന കഥാപാത്രങ്ങള്‍. ഈ പേരുകളുടെ ചുരുക്കമാണ് ആര്‍ഡിഎക്സ്. ഷെയ്ന്‍ നിഗം ‘റോബര്‍ട്ടി’നേയും, ആന്റണി വര്‍ഗീസ് ‘ഡോണി’യേയും നീരജ് മാധവ് ‘സേവ്യറി’നേയും അവതരിപ്പിക്കുന്നു. മാലാ പാര്‍വ്വതി, നിഷാന്ത് സാഗര്‍ എന്നിവരും പ്രധാന താരങ്ങളാണ്. രണ്ടു നായികമാരാണ് ഈ ചിത്രത്തിലുള്ളത്. മഹിമാ നമ്പ്യാരും ഐമ റോസ്മിയും.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടി.വി.എസ് മോട്ടോര്‍ കമ്പനി മോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായ ടി.വി.എസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു. പുതിയ ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയില്‍ സ്‌റ്റൈല്‍, ടെക്‌നോളജി, റൈഡിംഗ് എക്‌സ്പീരിയന്‍സ് എന്നിവയോടെയാണ് ടി.വി.എസ് റോണിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഡ്യുവല്‍ചാനല്‍ എ.ബി.എസ്, വോയ്‌സ് അസിസ്റ്റന്‍സ്, മെച്ചപ്പെട്ട കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകര്‍ഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള മോട്ടോര്‍സൈക്കിളാണിത്. മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകുന്ന വിവിധ വേരിയന്റുകള്‍ക്ക് 1,49,000 മുതല്‍ 1,68,750 വരെയാണ് കേരളത്തിലെ എക്‌സ്- ഷോറൂം വില.

ഉള്‍ഫ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച അച്ഛനു പകരക്കാരനായി ആസാമിലെ ടീ പ്ലാന്റേഷന്‍ മാനേജരായെത്തിയ അജയ്. ‘കണ്ണിലെ കൃഷ്ണമണി’ എന്ന് തദ്ദേശഭാഷയില്‍ നാമാര്‍ഥമുള്ള നയന്‍മൊനിയെ അവിടെവെച്ചാണ് അവന്‍ പരിചയപ്പെടുന്നത്. കേട്ടറിഞ്ഞ കഥകള്‍കൊണ്ടൊന്നും പൂരിപ്പിക്കാന്‍കഴിയാത്ത കടങ്കഥയായിരുന്നു, കണ്ടറിഞ്ഞ ആ ‘അപ്‌സരസുന്ദരി.’ തീവ്രവാദിയാക്രമണത്തില്‍ അമ്മയും വീടും നഷ്ടപ്പെട്ടവള്‍, അധ്യാപിക, കവയിത്രി, ചിത്രകാരി ഈ അടരുകളുടെയൊക്കെ ഉള്ളിലെ യഥാര്‍ഥ നയന്‍മൊനിയെ അവന്‍ തേടിക്കൊണ്ടിരുന്നു; അവളിലൂടെ സ്വന്തം പിതാവിന്റെ കൊലപാതകരഹസ്യവും. ‘നയന്‍മൊനി’. ശ്രീജിത്ത് മൂത്തേടത്ത്. എച്ച്ആന്‍ഡ്സി ബുക്സ്. വില 152 രൂപ.

കൊവിഡ് രോഗികളില്‍ തീവ്രത കുറയ്ക്കാന്‍ പ്രമേഹ മരുന്ന് ഫലപ്രദമെന്ന് പഠനം. സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്ന പ്രമേഹ മരുന്നായ മെറ്റ്‌ഫോര്‍മിന്‍ രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ നിര്‍ദ്ദേശിച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ അല്ലെങ്കില്‍ കൊവിഡ് 19 മൂലമുള്ള മരണം എന്നിവ 50 ശതമാനത്തിലധികം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. മെറ്റ്ഫോര്‍മിന്‍, ലോ-ഡോസ് ഫ്ലൂവോക്സാമൈന്‍ ഒരു ആന്റീഡിപ്രസന്റ് ആണോ എന്ന് പഠനം പരിശോധിച്ചു. കൂടാതെ ഐവര്‍മെക്റ്റിന്‍ എന്ന ആന്റിപാരാസിറ്റിക് അല്ലെങ്കില്‍ അവയുടെ കോമ്പിനേഷനുകള്‍ ഇആര്‍ സന്ദര്‍ശനങ്ങള്‍ അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് തടയുന്നതിനുള്ള സാധ്യമായ ചികിത്സയായി വര്‍ത്തിക്കും, കൂടാതെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 1,323 പങ്കാളികളില്‍ ലോംഗ്-കൊവിഡും. ഐവര്‍മെക്റ്റിന്‍ അല്ലെങ്കില്‍ കുറഞ്ഞ ഡോസ് ഫ്ലൂവോക്സാമൈന്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ നിന്ന് നല്ല ഫലം കണ്ടില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വാക്‌സിനേഷന്‍ എടുത്തവരെയും അല്ലാത്തവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തി.

*ശുഭദിനം*

*കവിത കണ്ണന്‍*

ഹിന്ദി ദേശീയഭാഷയാക്കണമെന്ന അപേക്ഷയുമായി ഒരു യു പി ക്കാരന്‍ പയ്യന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ സമീപിച്ചു. മുഴുവന്‍ ദക്ഷിണേന്ത്യക്കാരേയും ഹിന്ദി പഠിപ്പിക്കണമെന്നാതായിരുന്നു മറ്റൊരാവശ്യം. അതിന് നെഹ്‌റു ഇങ്ങനെ മറുപടി പറഞ്ഞു: നീയിപ്പോള്‍ ഒരു വിദ്യാര്‍ത്ഥി മാത്രമാണ്. നിനക്ക് അങ്ങിനെയൊക്കെ പറയാം. എനിക്ക് ഭാരതത്തിലെ മുഴുവന്‍ ജനങ്ങളേയും തൃപ്തിപ്പെടുത്തേണ്ട കടമയുണ്ട്. ദക്ഷിണേന്ത്യക്കാര്‍, അവര്‍ സ്വമേധയാ പഠിക്കാന്‍ തയ്യാറാകന്നതുവരെ അവരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഒരു ഉത്തരേന്ത്യക്കാരന് ഒരു ജന്മം മുഴുവന്‍ തലകുത്തിനിന്നാല്‍ ഏതെങ്കിലും ഒരു ദ്രാവിഡ ഭാഷ പഠിക്കാന്‍ കഴിയുമോ? പറ്റുമെങ്കില്‍ നീയൊരു കാര്യം ചെയ്യ്. അങ്ങ് തെക്ക് കേരളത്തില്‍ മലയാളം എന്നൊരു ഭാഷയുണ്ട്. കഴിയുമെങ്കില്‍ അതൊന്ന് പഠിച്ചെടുക്കാന്‍ നോക്ക്. മലയാളം വെറുതെ പഠിച്ചാല്‍ പോര , ആ ഭാഷയില്‍ നിന്റെയൊരു കയ്യൊപ്പ് പതിയണം. നെഹ്‌റുവിന്റെ വെല്ലുവിളി ആ19 കാരന്‍ പയ്യന്‍ ഏറ്റെടുത്തു. പിന്നീട് അദ്ദേഹം 1960 ല്‍ ചതുര്‍വേദി ഡല്‍ഹി സര്‍വ്വകലാശാലയില്‍ മലയാളം പഠനത്തിന് ചേര്‍ന്നു. 9 പെണ്‍കുട്ടികള്‍ക്കൊപ്പം ആരംഭിച്ച പഠനം തുടര്‍ന്നുള്ള ദിവസങ്ങള്‍ എത്തിയപ്പോള്‍ ആ ക്ലാസ്സിലെ ഏക വിദ്യാര്‍ത്ഥിയായി മാറി. രണ്ടു വര്‍ഷത്തിന് ശേഷം പി കേശവദേവിന്റെ ഓടയില്‍ നിന്ന് , കുട്ടികൃഷ്ണമാരാരരുടെ ഭാരതപര്യടനം എന്നിവ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തു. മലയാളം പഠിച്ചെങ്കിലും ദക്ഷിണേന്ത്യയില്‍ ഹിന്ദി പ്രചരിപ്പിക്കണം എന്ന ആഗ്രഹം അയാള്‍ വിട്ടുകളഞ്ഞില്ല. അങ്ങനെ കേരളത്തിലേക്ക് എത്തിയ അദ്ദേഹം കൊല്ലം ഹിന്ദി ട്രെയിനിങ്ങ് കോളേജില്‍ നിയമിതനായി. ഇതിനിടെ കേരള സര്‍വ്വകലാശാലയില്‍ നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഹിന്ദി അധ്യാപകനായി. കേരളവര്‍മ്മയില്‍ പ്രിന്‍സിപ്പലായി വിരമിച്ചു. കേരളത്തിലുണ്ടായിരുന്ന നാല് പതിറ്റാണ്ടുകള്‍ പകരം വെയ്ക്കാനാകാത്ത സംഭാവനയാണ് അദ്ദേഹം ഹിന്ദി – മലയാള ഭാഷകള്‍ക്ക് നല്‍കിയത്. ഇത് ഉത്തര്‍പ്രദേശുകാരനായ ഡോ.സുധാംശു ചതുര്‍വേദിയുടെ കഥ. വിജയത്തിന് കഠിനാധ്വാനം എന്നൊരു പേരുകൂടിയുണ്ട്. -ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *