പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സിന്റെ ലാഭത്തില്‍ മൂന്നിരട്ടിയിലധികം വര്‍ധന. മാര്‍ച്ച് പാദത്തില്‍ 17,407 കോടി രൂപയാണ് ടാറ്റ മോട്ടേഴ്സിന്റെ ലാഭം. വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയും കമോഡിറ്റി വിലയില്‍ ഉണ്ടായ അനുകൂലമായ സാഹചര്യവും ടാറ്റ മോട്ടേഴ്സിന് ഗുണം ചെയ്തെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇക്കാലയളവില്‍ വരുമാനത്തിലും വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് മാര്‍ച്ച് പാദത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 119,986 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ 105,932.35 കോടി രൂപയായിരുന്നു വരുമാനം. ഓഹരി ഒന്നിന് ആറുരൂപ ലാഭവീതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഏപ്രിലില്‍ വാഹനവില്‍പ്പനയില്‍ 11.5 ശതമാനം വര്‍ധനയാണ് കമ്പനി നേടിയത്. 77,521 വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 69,599 വാഹനങ്ങളായിരുന്നു.